ഫ്രീ ആയിട്ട് ഫോണ്‍ തരുമ്പോള്‍ എന്തിനാ ചേട്ടാ 1500 രൂപ? ചിരിപ്പിച്ചു കൊല്ലും ട്രോൾ

മുകേഷ് അംബാനിയുടെ വരവ് ഒരു ഒന്നൊന്നര വരവാകും ഏതു സാഹചര്യത്തിലാണേലും. കുടുംബബിസിനസ് വിഭജിക്കുമ്പോള്‍ മുകേഷും സഹോദരന്‍ അനില്‍ അംബാനിയും പുതിയ ഇന്നിങ്‌സിനായിരുന്നു തുടക്കമിട്ടത്. വര്‍ഷങ്ങള്‍ക്കിപ്പുറം അനില്‍ അംബാനി കടബാധ്യത കൊണ്ട് പൊറുതി മുട്ടുമ്പോള്‍ മുകേഷ് അംബാനിക്ക് വെച്ചടിവെച്ചടി കയറ്റമാണ്. നല്ല വില്ലാളിവീരനാണ് കക്ഷി.

റിലയന്‍സ് ജിയോ കമ്പനിയുമായി മുകേഷ് എണ്ണയില്‍ നിന്നും ഡാറ്റയിലേക്കെത്തിയതുതന്നെ സകലരെയും ഞെട്ടിച്ചാണ്. സൗജന്യമായി ഫോണ്‍വിളി. കുറേ കാലത്തേക്ക് 4ജിഡാറ്റ ഫ്രീ. കുറഞ്ഞ വിലയില്‍ കമ്പനി തന്നെ പുറത്തിറക്കുന്ന ലൈഫ് ഹാന്‍ഡ്‌സെറ്റുകളും. സംഭവം ഉഷാറായി. ടെലികോം രംഗം ആകെ ആടിയുലഞ്ഞു. നില്‍ക്കക്കള്ളിയില്ലാതെ വോഡഫോണും ഐഡിയയും ലയിക്കാന്‍ പോലും തീരുമാനിച്ചു. അതാണ് അംബാനി ഇഫക്റ്റ്.

എന്നാല്‍ അംബാനിക്ക് മുന്നില്‍ കുലുങ്ങുന്നവരല്ല ഈ മലയാളീസ്. ജിയോയുടെ രണ്ടാം ഘട്ടം കഴിഞ്ഞയാഴ്ച്ച പ്രഖ്യാപിച്ചപ്പോള്‍ ഇന്ത്യ മുഴുവന്‍ വീണ്ടും ഞെട്ടി. എല്ലാവിധ സ്മാര്‍ട്ട് സവിശേഷതകളോടും കൂടിയ ഫീച്ചര്‍ ഫോണ്‍ സൗജന്യമായി അവതരിപ്പിക്കുന്നു എന്നായിരുന്നു അംബാനി പ്രഖ്യാപിച്ചത്. കുറഞ്ഞ കാശിന് കൂടുതല്‍ ഡാറ്റയും. സൗജന്യ ഫോണുമായി ജിയോ എന്നായിരുന്നു എല്ലാ മാധ്യമങ്ങളുടെയും തലക്കെട്ടും. എന്നാല്‍ 1,500 രൂപ ഡെപ്പോസിറ്റ് കെട്ടണം ഫോണ്‍ വാങ്ങുമ്പോള്‍ എന്ന നിബന്ധനയുണ്ടായിരുന്നു.

1,500 രൂപ കെട്ടിവെച്ച് ഫ്രീ ഫോണോ…അതെന്തൊരു ഏര്‍പ്പാടാ എന്റെ മുതലാളീ എന്ന നിലയിലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ കാര്യങ്ങള്‍. ജിയോ ഫോണിനെയെും അംബാനിയെയും കളിയാക്കി സോഷ്യല്‍ മീഡിയയില്‍ ട്രോളോടു ട്രോളാണ് ഇപ്പോള്‍.

അംബാനി: 1,500 രൂപ ഡെപ്പോസിറ്റ് അടച്ചല്‍ 4ജി ഫോണ്‍ ഫ്രീ ആയി തരാം

മലയാളി: അങ്ങനെ പൈസ അടച്ചുള്ള ഫ്രീയൊന്നും ഞങ്ങള്‍ക്ക് വേണ്ട. ഞങ്ങള്‍ അങ്ങനത്തെ പാര്‍ട്ടീസ് അല്ല. ഫ്രീ ആയിട്ട് എപ്പോ തരുമെന്ന് പറ… ഇതായിരുന്നു ഒരു ട്രോൾ പേജില്‍ പ്രത്യക്ഷപ്പെട്ട രസകരമായ തമാശ.

ഇതുപോലെ തന്നെയുള്ള നിരവധി ട്രോളുകളാണ് ഇന്നസെന്റ് ഉള്‍പ്പടെയുള്ള കഥാപാത്രങ്ങളെ വെച്ച് പ്രചരിക്കുന്നത്.

കസ്റ്റമര്‍: ഫ്രീ ആയിട്ട് ഫോണ്‍ തരുമ്പോള്‍ എന്തിനാ ചേട്ടാ 1500 രൂപ

അംബാനി: 1500 രൂപ എനിക്ക് ആവശ്യം ഉണ്ടായിട്ടല്ല. അല്ലെങ്കി നിനക്ക് ഈ കമ്പനി നിന്റെ സ്വന്തം ആണെന്നു തോന്നിപ്പോകും… ഇങ്ങനെയും വന്നു ട്രോള്‍.

‘ഹൊ പലിശ നല്‍കാതെ കാശു വായ്പയെടുക്കാന്‍ അംബാനി കണ്ടുപിടിച്ച ഒരു ബുദ്ധിയേ’ എന്നും ചിന്തിക്കുന്നവരുണ്ട്.

എന്തായാലും 1,500 രൂപ കൊടുത്ത് സൗജന്യമായി ജിയോ ഫോണ്‍ വാങ്ങാന്‍ എത്ര പേര്‍ പോകുമെന്നാണ് പലരുടെയും അടക്കം പറച്ചില്‍.

You must be logged in to post a comment Login