യാത്രക്കാരുടെ കണ്ണീരിൽ കുതിർന്ന അഭ്യർഥന: ആ ‘ചങ്ക്’ ബസ് തിരിച്ചെത്തി

ഈരാറ്റുപേട്ട ∙ യാത്രക്കാരുടെയും ജീവനക്കാരുടെയും കണ്ണീരിൽ കുതിർന്ന അഭ്യർഥനയിൽ താരമായി മാറിയ ആർഎസ്എസി 140 കെഎസ്ആർടിസി വേണാട് ബസ് ഒടുവിൽ തിരിച്ചെത്തി. ആലുവയിലേക്കും അവിടെനിന്നു കണ്ണൂർക്കും മാറ്റിയ ബസ് ഇന്നലെ പുലർച്ചെയാണ് ഡിപ്പോയിലെത്തിച്ചത്. ദീർഘദൂര യാത്ര കഴിഞ്ഞെത്തിയ ബസ് ഇന്നലെത്തന്നെ സർവീസ് നടത്തിത്തുടങ്ങി. രാവിലെ കൈപ്പള്ളിക്കും അവിടെ നിന്നു കോട്ടയത്തിനും തുടർന്ന് കട്ടപ്പനയ്ക്കുമാണ് ബസ് സർവീസ് നടത്തിയത്.

ചീഫ് ഓഫിസിലെ നിർദേശപ്രകാരം ബസ് കൈമാറിയതിനു പിന്നാലെ ബസ് കണ്ടക്ടറുടെ കുറിപ്പിനൊപ്പം യാത്രക്കാരിയുടെ പരിഭവം പറച്ചിലും വൈറലായതോടെ കെഎസ്ആർടിസി എംഡിയായി ചുമതലയേറ്റ ടോമിൻ തച്ചങ്കരി ബസ് തിരിച്ചുനൽകാൻ നിർദേശിക്കുകയായിരുന്നു. ഈരാറ്റുപേട്ട-കൈപ്പള്ളി, കൈപ്പള്ളി-കോട്ടയം, കോട്ടയം–കട്ടപ്പന റൂട്ടിലായിരുന്നു യാത്രക്കാരുടെ സുഹൃത്തായ ബസിന്റെ യാത്ര. ബസ് ആലുവയ്ക്കു കൈമാറാനുള്ള നിർദേശത്തെ തുടർന്ന് അവസാന ട്രിപ്പിന് ശേഷമാണ് രണ്ടരവർഷം ബസിലെ കണ്ടക്ടറായിരുന്ന കെ.എ.സമീർ വികാരപരമായ ഫേസ്ബുക്ക് പോസ്റ്റിട്ടത്.

പതിവ് യാത്രക്കാരെയും സുഹൃത്തുക്കളെയും സമ്മാനിച്ച ബസിനെ ദസ്തയേവിസ്‌കിയുടെ ‘അന്ന’ യോടാണ് ഉപമിച്ചിരുന്നത്. ഇതിന് പിന്നാലെ ആലുവ ഡിപ്പോയിൽ വിളിച്ച് ബസിലെ പതിവ് യാത്രക്കാരി, ബസ് കൊണ്ടുപോയതിനെ അപലപിക്കുകയും ബസ് ഈരാറ്റുപേട്ടയ്ക്കു തന്നെ തിരികെ നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഈ ഫോൺവിളിയുടെ ഓഡിയോ കേരളമാകെ പ്രചരിക്കുകയും ചെയ്തു. ഫോൺ വിളിച്ച യാത്രക്കാരി ഇപ്പോഴും പൊതു സമൂഹത്തിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല. ഓഡിയോ സന്ദേശം കേട്ട കെഎസ്ആർടിസി എംഡി ടോമിൻ തച്ചങ്കരിയാണ് ബസ് തിരികെ നൽകാൻ ഉത്തരവിട്ടത്.

ഇതേ തുടർന്ന് ഡിപ്പോയിൽനിന്നു ഡ്രൈവർ സുമേഷ്, കണ്ടക്ടർ ജിതിൻ എന്നിവർ കണ്ണൂരെത്തി ബസ് തിരികെ വാങ്ങി. ഡിപ്പോയിൽ തിരിച്ചെത്തിയ ബസിന് ‘എന്റെ ഈരാറ്റുപേട്ട ഫേസ്ബുക്ക് കൂട്ടായ്മ’ സ്വീകരണം നൽകി. റിബണും ബലൂണുകളും ചാർത്തിയായിരുന്നു സ്വീകരണം. എടിഒ ജോൺസൺ, കൺട്രോളിങ് ഇൻസ്പെക്ടർമാരായ സതീഷ് കുമാർ, രമേഷ് ബാബു, കണ്ടക്ടർ കെ.എ.സമീർ, എന്റെ ഈരാറ്റുപേട്ട കൂട്ടായ്മ പ്രതിനിധികളായ റാഷി നൂർദീൻ, രയീസ് പടിപ്പുരയ്ക്കൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം.

You must be logged in to post a comment Login