സാറിന്റെ ശുഷ്കാന്തി..

പൂച്ചമാന്തിക്കര ഗണപതിവിലാസം എൽ. പി. സ്കൂളിലെ ചിത്രകല അദ്ധ്യാപകൻ മനോഹരൻ മാഷിന്റെ റിട്ടയർമന്റ്‌ ചടങ്ങിൽ ഹെഡ്‌ മിസ്റ്റ്രസ്‌ ശ്രീമതി കൊച്ചമ്മിണി ടീച്ചർ നടത്തിയ പ്രസംഗം:

” മുപ്പത്തിരണ്ടു വർഷത്തെ സേവനത്തിനുശേഷം ഇന്ന് നമ്മളെ വിട്ടുപിരിയുന്ന മനോഹരൻ സാർ നിസ്വാർത്തനും, നിഷ്ക്രിയനും, നിർലോപനും ആയിരുന്നു എന്നുമാത്രമല്ല വലിയ ശുഷ്കാന്തിക്കാരനുമായിരുന്നു. മനോഹരൻസാറിന്റെ ശുഷ്കാന്തിയെകുറിച്ച്‌ എത്ര പറഞ്ഞാലും മതിയാകില്ല.

ഏ. ഇ. ഒ. സർപ്രൈസ്‌ ഇൻസ്പെക്ഷനു വന്നദിവസം അദ്ദേഹത്തിന്‌ കുടിക്കാൻ കൊടുക്കാൻ കരിക്ക്‌ ഇടാനായി മുണ്ടുമടക്കിക്കുത്തി സ്കൂൾമുറ്റത്തെ തെങ്ങിൽ വലിഞ്ഞുകയരിയപ്പോഴാണ്‌ ഞാൻ മനൊഹരൻ സാറിന്റെ ശുഷ്ക്കാന്തി ആദ്ദ്യമായികണ്ടത്‌.

പിന്നീട്‌ എത്രയോ സന്ദർഭങ്ങളിൽ മനോഹരൻ സാറിന്റെ ശുഷ്ക്കാന്തി ഞാൻ കണ്ടിരിക്കുന്നു.

രണ്ടാംക്ലാസ്സിൽ പഠിക്കുന്ന ഉമ്മുകുത്സു കാലുതെന്നി സ്കൂൾമുറ്റത്തെ കിണറ്റിൽ വീണപ്പോൾ അവളെ രക്ഷിക്കാനായി ഉടുമുണ്ട്‌ വലിച്ചെറിഞ്ഞ്‌ കിണറ്റിലേക്ക്‌ എടുത്തുചാടിയ അന്നും നമ്മൾ മനൊഹരൻ സാറിന്റെ ശുഷ്കാന്തി കണ്ടതാണ്.

എന്തിന്‌ ഏറെപറയുന്നു, ഈ കഴിഞ്ഞ ആഗസ്റ്റ്‌ 15-ന്‌ പതാക ഉയർത്താൻ ശ്രമിക്കവെ കൊടിമരത്തിന്റെ മുകളിൽ അതിന്റെ ചരടുകുടുങ്ങിയപ്പോൾ അത്‌ ശരിയാക്കാനായി കൊടിമരത്തിന്റെ മുകളിലേക്ക്‌ വലിഞ്ഞുകയറിയപ്പോളും നമ്മൾ അദ്ദേഹത്തിന്റെ ശുഷ്കാന്തി നേരിൽ കണ്ടവരാണ്‌.

സാധാരണ സ്കൂൾമാഷുന്മാരിലൊന്നും ഇത്രയും വലിയ ശുഷ്കാന്തി കാണാത്തതാണ്‌……….

You must be logged in to post a comment Login