മലയാളികളോട് സച്ചിന്റെ ഉപദേശം..

ബൈക്കില്‍ യാത്ര ചെയ്യുമ്പോള്‍ മുന്നിലുള്ളവര്‍ മാത്രം ഹെല്‍മെറ്റ് വെച്ചാല്‍ പോരാ, പിന്നിലുള്ളവരും വെക്കണം. പറയുന്നത് മറ്റാരുമല്ല, സാക്ഷാല്‍ സച്ചിന്‍ തെണ്ടുല്‍ക്കറാണ്. അതും മലയാളികളോടാണ് സച്ചിന്റെ ഉപദേശം. ഈ വീഡിയോ സച്ചിന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെയ്ക്കുകയും ചെയ്തിട്ടുണ്ട്. ഐ.എസ്.എല്ലിനോട് അനുബന്ധിച്ച് കേരളത്തിലെത്തിയതായിരുന്നു കേരള ബ്ലാസ്റ്റേഴ്‌സിന്റെ സഹഉടമസ്ഥന്‍ കൂടിയായ സച്ചിന്‍.

തിരുവനന്തപുരത്തെ പേട്ട-ചാക്ക റോഡിലൂടെ സഞ്ചരിക്കുമ്പോഴായിരുന്നു സച്ചിന്‍ ഹെല്‍മെറ്റ് ധരിക്കാതെ യാത്ര ചെയ്യുന്നവരെ കണ്ടത്. സച്ചിനെ കണ്ട് അതിശയപ്പെട്ട് ഒരു ആരാധകന്‍ ബൈക്ക് സച്ചിന്റെ കാറിന് തൊട്ടരികില്‍ നിര്‍ത്തി. ഇയാളോട് അല്‍പം മുന്നോട്ടു നീങ്ങാന്‍ ആവശ്യപ്പെട്ട സച്ചിന്‍ പിറകില്‍ വരുന്നവരോട് ഒരു കാര്യം പറയാനുണ്ടെന്നും പറഞ്ഞു.

തുടര്‍ന്ന് ഹെല്‍മെറ്റ് ധരിക്കാതെ ഒരു ബൈക്കിന് പിന്നില്‍ യാത്ര ചെയ്ത സ്ത്രീയെ സച്ചിന്‍ ഉപദേശിക്കുകയായിരുന്നു. മുന്നിലിരിക്കുന്നവര്‍ മാത്രമല്ല, പിന്നിലിരിക്കുന്നവരും ഹെല്‍മെറ്റ് ധരിക്കണമെന്നായിരുന്നു സച്ചിന്റെ സ്‌നേഹോപദേശം. സച്ചിനെ കണ്ട അമ്പരപ്പില്‍ ഓകെ ഓകെ എന്ന് അവര്‍ പറയുന്നുന്നതും വീഡിയോയില്‍ കാണാം.

സച്ചിന്‍ ട്വീറ്റ് ചെയ്ത ഈ വീഡിയോ നിരവധി പേരാണ് കണ്ടത്. താഴെ സച്ചിനെ അഭിനന്ദിച്ചുള്ള കമന്റുകളും കാണാം. അതേസമയം സച്ചിന്‍ സീറ്റ്‌ബെല്‍റ്റ് ധരിക്കാത്തതിനെയും മലയാളികള്‍ വിമര്‍ശിക്കുന്നുണ്ട്.

ഐ.എസ്.എല്‍ നാലാം സീസണിന് തുടക്കം കുറിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ ബ്ലാസ്‌റ്റേഴ്‌സിന് പിന്തുണ അഭ്യര്‍ഥിച്ച് സച്ചിന്‍ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ചിരുന്നു. ഈ സമയത്ത് പകര്‍ത്തിയതാണ് ഈ വീഡിയോ എന്ന് കരുതുന്നു. നേരത്തെയും ഹെല്‍മെറ്റ് ധരിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഇത്തരത്തിലുള്ള വീഡിയോ സച്ചിന്റെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു.

You must be logged in to post a comment Login