അനുഗ്രഹിക്കാനെത്തിയ സുബ്രഹ്മണ്യം സ്വാമി താലി കെട്ടാനൊരുങ്ങി!

തമിഴ്‌നാട്ടിലെ തിരുനെല്‍വേലി ജില്ലയില്‍ ഒരു വിവാഹത്തിന് അനുഗ്രഹിക്കാനെത്തിയപ്പോഴാണ് സുബ്രഹ്മണ്യം സ്വാമി വധൂവരന്മാരടക്കം ഏവരേയും ഞെട്ടിച്ചത്. താലി വരന് കൈമാറുന്നതിന് പകരം വധുവിന്റെ കഴുത്തില്‍ അണിയിക്കാനാണ് സുബ്രഹ്മണ്യം സ്വാമി ശ്രമിച്ചത്. തൊട്ടരികെ നിന്നിരുന്ന മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥയായിരുന്ന വി.എസ് ചന്ദ്രലേഖ കയ്യില്‍ കടന്നു പിടിച്ചപ്പോഴാണ് സുബ്രഹ്മണ്യം സ്വാമിക്ക് അമളി മനസിലായത്.

തമിഴ് ടി.വി ചാനല്‍ ക്യാമറകള്‍ക്കു മുമ്പിലായിരുന്നു 75കാരനായ സുബ്രഹ്മണ്യം സ്വാമിയുടെ ഏവരേയും ഞെട്ടിച്ച അമളിപ്രകടനം. സുബ്രഹ്മണ്യം സ്വാമിക്ക് തൊട്ടടുത്തു നിന്നിരുന്ന ചന്ദ്രലേഖ ഉറക്കെ നിലവിളിച്ചുകൊണ്ട് കയ്യില്‍ പിടിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. തെറ്റ് തിരിച്ചറിഞ്ഞതോടെ സുബ്രഹ്മണ്യം സ്വാമിക്ക് പോലും ചിരിയടക്കാനായില്ല. ഉടന്‍ തന്നെ വരന് താലി കൈമാറുകയും താലികെട്ട് മംഗളമായി പൂര്‍ത്തിയാകുകയും ചെയ്തു.

മുതിര്‍ന്ന ആളെ കൊണ്ട് വിവാഹത്തിനുള്ള താലി വരന് കൈമാറുന്നത് തമിഴ്‌നാട്ടിലെ പൊതുരീതിയാണ്. വധൂവരന്മാരോ അവരുടെ മാതാപിതാക്കളോ രാഷ്ട്രീയ പ്രവര്‍ത്തകരാണെങ്കില്‍ അവര്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവിനെയാണ് വിവാഹത്തില്‍ അനുഗ്രഹിക്കാന്‍ ക്ഷണിക്കുക. ഇതുപ്രകാരമാണ് സുബ്രഹ്മണ്യ സ്വാമിയെ തിരുനെല്‍വേലിയിലെ ബി.ജെ.പി നേതാവായ ബാല സുബ്രഹ്മണ്യന്‍ മകന്റെ വിവാഹത്തിന് ക്ഷണിക്കുന്നത്.

വീഡിയോ വൈറലായതോടെ സോഷ്യല്‍ മീഡിയയില്‍ നിരവധി പ്രതികരണങ്ങളും വരുന്നുണ്ട്. ധനുഷിന്റെ കൊക്കി കുമാര്‍ എന്ന കഥാപാത്രത്തോടാണ് സുബ്രഹ്മണ്യം സ്വാമിയെ പലരും ഉപമിച്ചത്. പുതുപ്പേട്ടൈ എന്ന അധോലോകത്തിന്റെ കഥ പറഞ്ഞ ചിത്രത്തില്‍ സുഹൃത്തിന്റെ പെങ്ങളുടെ വിവാഹത്തിനെത്തിയ കൊക്കി കുമാര്‍ താലി കൈമാറുന്നതിന് പകരം സോണിയ അഗര്‍വാള്‍ അവതരിപ്പിച്ച കഥാപാത്രത്തെ വിവാഹം കഴിക്കുന്നുണ്ട്.


subramaniyam swami

You must be logged in to post a comment Login