ഭർത്താവിനെ പച്ചക്കറി വാങ്ങിക്കുവാൻ വിട്ടപ്പോൾ ഭാര്യ കൊടുത്ത ലിസ്റ്റ് വൈറലായി

വീട്ടുകാര്യങ്ങളിൽ ഭാര്യയും ഭർത്താവും ഒരുപോലെ പങ്കുകൊള്ളണമെന്നു പറയുമ്പോഴും ഇതൊന്നും കൂസലാക്കാത്ത ചില ഭർത്താക്കന്മാരുണ്ട്. പച്ചക്കറി വാങ്ങലും വീട്ടാവശ്യത്തിനുള്ള മറ്റു സാധനങ്ങളുമൊക്കെ വാങ്ങുന്നത് ഭാര്യയുടെ ഡ്യൂട്ടി മാത്രമായി കാണുന്ന ഇവരുടെ ഷോപ്പിങ് സ്വന്തം സാധനങ്ങൾ മാത്രം വാങ്ങുന്നതിൽ അവസാനിക്കും. ഇനിയെങ്ങാനും കടയിലേക്കൊന്നു വിട്ടാലോ ഒന്നും മര്യാദയ്ക്കു നോക്കി വാങ്ങാൻ അറിയുകയുമില്ല, മിക്ക ഭാര്യമാരുടെയും പരാതിയാണിത്. ഇത്തരത്തിലുള്ള ഭർത്താക്കന്മാരുടെ ശ്രദ്ധയ്ക്ക്, സമൂഹമാധ്യമത്തിൽ വൈറലായിക്കൊണ്ടിരിക്കുന്ന ആ പച്ചക്കറി ലിസ്റ്റു നിങ്ങൾ കണ്ടുവോ?

ഇറ എന്ന ഭാര്യ തന്റെ ഭർത്താവിനു നൽകിയ പച്ചക്കറി ലിസ്റ്റാണ് ഓൺലൈൻ ലോകത്തു ചർച്ചയായിരിക്കുന്നത്. വെറുതെ അരി, പച്ചമുളക്, ഉള്ളി എന്നിങ്ങനെ എഴുതിക്കൊ‌ടുക്കുകയല്ല മിടുക്കിയായ ആ ഭാര്യ ചെയ്തത്, മറിച്ച് ഓരോ സാധാനവും എങ്ങനെ നോക്കി വാങ്ങണമെന്നും എത്രവേണമെന്നും ചിത്രസഹിതം ലിസ്റ്റാക്കി നൽകി. അതിൽ ഏറ്റവും രസകരമായിരിക്കുന്നത് മുളകു വാങ്ങേണ്ട രീതിയാണ്, കടുംപച്ച നിറത്തിലുള്ള നീളത്തിലുള്ള മുളകു വാങ്ങണമെന്നും വളഞ്ഞിരിക്കുന്നതു വാങ്ങേണ്ടെന്നും ചിത്രസഹിതം എഴുതിക്കൊടുത്തു, തീർന്നില്ല കിട്ടുമെങ്കിൽ ഫ്രീ ആയി ചോദിക്കാനും ഭാര്യയുടെ ഉത്തരവുണ്ട്.

ബാക്കി പച്ചക്കറികളുടെ വിവരണവും രസകരമാണ്. തക്കാളി വാങ്ങുമ്പോൾ ചിലതു മഞ്ഞയും ചിലതു ചുവപ്പും വാങ്ങണം, ഓട്ടയുള്ളതോ ചീഞ്ഞു തുടങ്ങിയതോ കൊണ്ടുവരാനേ പാടില്ല. ഉള്ളിയുടെ കാര്യമാണെങ്കിൽ ചെറുതേ വാങ്ങാവൂ, അതും നല്ല ഉരുണ്ടതായിരിക്കണം, വെണ്ടയ്ക്ക ഒരുപാടു സോഫ്റ്റും ഒരുപാടു ഹാർഡും ആവരുത്, പെട്ടെന്നു മുറിക്കാൻ പറ്റുന്നതും ആകണം. തന്റെ ഭർത്താവിനു നൽകിയ ടാസ്ക് എന്ന പേരിൽലാണ് ഇറ ഈ ലിസ്റ്റ് ട്വിറ്ററിൽ പങ്കുവച്ചത്.

രസകരമായ ഈ പച്ചക്കറി ലിസ്റ്റു കണ്ടവരാകെ അന്തം വിട്ടിരിക്കുകയാണ്. ഭർത്താക്കന്മാരിൽ ചിലർ തങ്ങളുടെ ഭാര്യമാരും ഇങ്ങനെ നൽകിയിരുന്നെങ്കിൽ എന്ന് ആഗ്രഹം പ്രകടിപ്പിക്കുന്നുണ്ട്, മറ്റൊന്നിനുമല്ല കടയിൽ ചെന്നു കൺഫ്യൂഷനടിച്ചു നിൽക്കാതെ സംഗതി പറഞ്ഞൊപ്പിക്കാമല്ലോ. വിപണിയിൽ ലഭ്യമാകുന്ന മുഴുവൻ പച്ചക്കറികളും ഇങ്ങനെ ഡയഗ്രാം സഹിതം പങ്കുവെക്കാമോ എന്ന് ഇറയോടു ചോദിക്കുന്നവരുണ്ട്. എന്തായാലും ഈ ഒരൊറ്റ പച്ചക്കറിലിസ്റ്റിലൂടെ ഇറ ഇപ്പോൾ ഫെയ്മസ് ആയിരിക്കുകയാണ്.

You must be logged in to post a comment Login