സൂപ്പര്‍ സ്റ്റാര്‍ കള്ളന്‍ – ബണ്ടി ചോര്‍

bandi chor1
കള്ളന്‍മാര്‍ക്കിടയിലെ സൂപ്പര്‍താരം ആരെന്നു ചോദിച്ചാല്‍ ബണ്ടി ചോര്‍ എന്നാവും ഉത്തരേന്ത്യന്‍ പോലീസിന്റെ ഉത്തരം. ഇപ്പോള്‍ കേരള പോലീസിന്റെയും.

തിരുവനന്തപുരത്തെ അതിസുരക്ഷയുള്ള വീട്ടില്‍ അതിവിദഗ്ധമായി മോഷണം നടത്തി മുങ്ങിയ ദേവീന്ദര്‍ സിഗ് എന്ന ബണ്ടി ചോറിനെ കുറിച്ച് സിനിമ പോലും ഇറങ്ങിയെങ്കില്‍ ആളൊരു സൂപ്പര്‍ താരമായില്ലെങ്കിലെ അത്ഭുതമുള്ളൂ.

ധൂം എന്ന ബോളിവുഡ് ചിത്രമിറങ്ങുന്നതിനും മുമ്പെ അതേ ശൈലിയില്‍ ഹൈടെക് മോഷണം നടത്തി പോലീസിനെ അമ്പരിപ്പിച്ചിട്ടുണ്ട് ബണ്ടി. അതുകൊണ്ടുതന്നെയാണ് ബണ്ടി ചോര്‍ കേരളത്തിലുമെത്തിയെന്ന് കേള്‍ക്കുമ്പോള്‍ കേരള പോലീസിനും ഉറക്കം നഷ്ടമാവുന്നത്. ഇതുവരെ അഞ്ഞൂറോളം കേസുകളില്‍ ഉള്‍പ്പെട്ടിരുന്നുവെങ്കിലും അതിവിദഗ്ദ്ധമായാണ് ഓരോ തവണയും പൊലീസില്‍നിന്നും കണ്ണുവെട്ടിച്ച് ബണ്ടി രക്ഷപ്പെട്ടിരുന്നത്.

ഡല്‍ഹി, മുംബൈ, ബാംഗളൂര്‍, ചെന്നൈ തുടങ്ങി ഹൈടെക് സിറ്റികളിലെല്ലാം വന്‍കിട മോഷണങ്ങള്‍ നടത്തിയ ചരിത്രം ബണ്ടിക്കുണ്ട്. വര്‍ഷങ്ങള്‍ക്കു മുമ്പ് സ്വകാര്യ ഡിറ്റക്റ്റീവ് ഏജന്‍സി നടത്തിയിരുന്ന ദേവീന്ദര്‍ സിങ് പെട്ടെന്നാണ് ബണ്ടിചോര്‍ എന്ന പേരില്‍ പ്രശസ്തനായത്. ആഡംബര വസ്തുക്കള്‍ മോഷ്ടിക്കുന്നതിനൊപ്പം സ്ത്രീ വിഷയങ്ങളിലും പ്രത്യേക തല്‍പരനായിരുന്നു ബണ്ടി. വാഹനമോടിക്കുന്നതിലും അതിവിദഗ്ദ്ധനായിരുന്നതിനാല്‍ പൊലീസ് പലതവണ പിടികൂടാന്‍ ശ്രമിച്ചിട്ടും തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു.

ബണ്ടിചോറിനെ പിടികിട്ടാപ്പുള്ളിയായാണു ഡല്‍ഹി പൊലീസ് കണക്കാക്കിയിരിക്കുന്നത്. ഡല്‍ഹിയിലെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും ബണ്ടിചോറിന്റെ ചിത്രം പതിപ്പിച്ചിട്ടുണ്ട്. വര്‍ഷങ്ങള്‍ക്കു മുമ്പ് ഏതാനും മോഷണകേസുകളില്‍ പിടിയിലായ ബണ്ടി 13 വര്‍ഷം ജയില്‍വാസവും അനുഭവിച്ചിട്ടുണ്ട്. 2007ലാണ് ബണ്ടിചോര്‍ അവസാനമായി പൊലീസ് പിടിയിലാകുന്നത്. അതുവരെയുള്ള കണക്കുപ്രകാരം ഡല്‍ഹിയില്‍മാത്രം മുന്നൂറിലധികം വീടുകളിലും നൂറോളം ഷോറൂമുകളിലും ബണ്ടി മോഷണം നടത്തിയതായി പൊലീസ് പറയുന്നു.

സ്വകാര്യ ഹിന്ദി ടിവി ചാനലിലെ ഏറെ ശ്രദ്ധപിടിച്ചുപറ്റിയ ബിഗ് ബോസ് റിയാലിറ്റി ഷോയിലെ മത്സരാര്‍ത്ഥിയായിരുന്നു ബണ്ടിചോര്‍. മൂന്നുമാസം മുഴുവന്‍ ഒരു മുറിക്കുള്ളില്‍ മറ്റ് അംഗങ്ങള്‍ക്കൊപ്പം പുറംലോകവുമായി ഒരു ബന്ധവുമില്ലാതെ കഴിയുക എന്നതാണ് ബിഗ്ബോസ് റിയാലിറ്റി ഷോ. ഇക്കാലയളവില്‍ മുഴുവന്‍ സമയവും ക്യാമറ പരിധിയിലായിരിക്കും ഇവര്‍. ബണ്ടിചോര്‍ ഷോയില്‍ പങ്കെടുത്ത ആദ്യ ദിവസംതന്നെ മോശംപെരുമാറ്റത്തെ തുടര്‍ന്ന് പിന്‍മാറാന്‍ ഇയാളോട് സംഘാടകര്‍ ആവശ്യപ്പെടുകയായിരുന്നു.


പരിപാടിയുടെ എല്ലാം നിയമങ്ങളും തെറ്റിച്ചുകൊണ്ടായിരുന്നു ബണ്ടി ചോര്‍ ഷോയില്‍നിന്നു പുറത്തായത്. പുറത്താകും മുമ്പ് മൈക്രോഫോണുകള്‍ നശിപ്പിക്കുകയും മുറിക്കുള്ളിലെ സാധനങ്ങള്‍ വലിച്ചെറിയുകയും ചെയ്തു. റിയാലിറ്റിഷോയില്‍നിന്നു പുറത്തായശേഷവും ബണ്ടി തന്റെ മോഷണം തുടര്‍ന്നുകൊണ്ടിരുന്നു.

2008 ലാണ് ബണ്ടിചോറിന്റെ ജീവിതകഥയെ ആസ്പദമാക്കി ‘ഓയെ ലക്കി ലക്കി ഓയെ’ എന്ന ചിത്രം പുറത്തിറങ്ങിയത്. ലക്കി സിങ് എന്ന സ്നേഹസമ്പന്നനായ മോഷ്ടാവിന്റെ കഥ പറയുന്നതായിരുന്നു ചിത്രം. ദിബാകര്‍ ബാനര്‍ജി സംവിധാനം ചെയ്ത് അഭയ് ഡിയോള്‍ നായകനായ ചിത്രം ബോക്സോഫീസില്‍ വന്‍ ഹിറ്റായില്ലെങ്കിലും വന്‍ ചര്‍ച്ചാവിഷയമായി. 2009ലെ മികച്ച ജനപ്രിയ ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് ഓയെ ലക്കിക്കായിരുന്നു. മികച്ച നടന്‍, മികച്ച ഡയലോഗ്, കോസ്റ്റ്യൂമ്സ് എന്നിവയ്ക്കുള്ള 2009ലെ ഫിലിംഫെയര്‍ അവാര്‍ഡ്, മികച്ച കഥയ്ക്കുള്ള 2009ലെ സ്റ്റാര്‍ സ്ക്രീന്‍ അവാര്‍ഡ് എന്നിവയും ചിത്രം നേടി.


അതുകൊണ്ടു തന്നെ ഒരു ബോളിവുഡ് ചിത്രംപോലെ സംഭവബഹുലമായ ജീവിതം നയിച്ചിരുന്ന ബണ്ടിയെ വലയിലാക്കാന്‍ കേരള പൊലീസിന് ഏറെ പണിപ്പെടേണ്ടി വന്നേക്കുമെന്നാണ് തെളിവുകള്‍ വ്യക്തമാക്കുന്നത്.

തിരുവനന്തപുരത്തെ പട്ടം മുട്ടടയില്‍ ബുള്ളറ്റ് പ്രൂഫ് വാതിലുകളും സുരക്ഷാകാമറകളുമുള്ള വീട്ടില്‍ മോഷണം നടത്തിയ ശേഷം രക്ഷപെട്ട ബണ്ടിചോര്‍, ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിലെ കോടിക്കണക്കിനു രൂപയുടെ നിധിശേഖരം ലക്ഷ്യമിട്ടാണ് തിരുവനന്തപുരത്ത് എത്തിയതെന്നു സംശയം.

ദിവസങ്ങളായി ഇയാള്‍ തിരുവനന്തപുരത്ത് രഹസ്യമായി താമസിച്ചുവരികയായിരുന്നു. ഇതിനിടെ ദേവീന്ദര്‍ സിംഗ് എന്ന ബണ്ടിചോര്‍ കേരളം വിട്ടതായി പോലീസ് അറിയിച്ചു. തമിഴ്നാട്ടിലേയ്ക്കാണ് ബണ്ടിചോര്‍ കടന്നിരിക്കുന്നത്. ബണ്ടിചോറിന്റെ കാര്‍ തിരുനല്‍വേലി പിന്നിട്ടതായി പോലീസ് പറഞ്ഞു. അതേസമയം, ഹൈടെക് വീട്ടില്‍ നിന്നു കവര്‍ന്ന അത്യാധുനിക സംവിധാനങ്ങളുള്ള കാറിലെ ജിപിഎസിനെ പിന്തുടരാനായില്ലെന്ന് പോലീസ് അറിയിച്ചു.

അഞ്ഞൂറിലധികം മോഷണകേസുകളില്‍ പ്രതിയാണ് ബണ്ടിചോര്‍. ഹൈടെക് വീട്ടില്‍ സ്ഥാപിച്ചിരുന്ന ക്യാമറയിലും ഇയാളുടെ ചിത്രം പതിഞ്ഞിരുന്നു. പല തവണ ഇയാള്‍ പോലീസിന്റെ വലയിലായിട്ടുണ്ടെങ്കിലും ഉദ്യോഗസ്ഥരെ കബളിപ്പിച്ച് രക്ഷപെടുകയായിരുന്നു. ഏറ്റവുമൊടുവില്‍ ഭോപ്പാലില്‍ വെച്ച് കഴിഞ്ഞ വര്‍ഷം ജനുവരി 14 നാണ് ഇയാള്‍ പിടിയിലായത്. അന്നും നേപ്പാള്‍ സ്വദേശിയാണെന്ന് പറഞ്ഞ് പോലീസിനെ കബളിപ്പിച്ച് ഇയാള്‍ രക്ഷപെടുകയായിരുന്നു.

ആഢംബര വാഹനങ്ങളും ആഢംബര വസ്തുക്കളുമാണ് ഇയാളെ ആകര്‍ഷിക്കുന്നതെന്ന് പോലീസ് പറഞ്ഞു. പേരൂര്‍ക്കട മുട്ടട ടി.കെ ദിവാകരന്‍ റോഡ് മാങ്കുളം ക്ഷേത്രത്തിനു സമീപം വിഷ്ണുഭവനില്‍ വേണുഗോപാലന്‍ നായരുടെ (57) വീട്ടിലാണ് കഴിഞ്ഞ ദിവസം ബണ്ടി ചോര്‍ കവര്‍ച്ച നടത്തിയത്. 28 ലക്ഷം രൂപ വിലവരുന്ന അത്യാധുനിക സംവിധാനമുള്ള ഒരു മിത്സുബിഷി ജീപ്പ്, സോണി എറിക്സന്റെ 1,05,000 രൂപ വിലയുള്ള ലാപ് ടോപ്പ്, 40,000 ഓളം രൂപ വിലവരുന്ന ഒരു നോക്കിയ ലൂമിയ ഫോണ്‍, 15,000 രൂപ വിലമതിക്കുന്ന മറ്റൊരു ഫോണ്‍, 10,000 രൂപയിലേറെ വിലവരുന്ന അരപ്പവന്റെ ഒരു മോതിരം, 2,000 രൂപ എന്നിവയാണ് കവര്‍ന്നത്.

2 Responses to സൂപ്പര്‍ സ്റ്റാര്‍ കള്ളന്‍ – ബണ്ടി ചോര്‍

  1. Pingback: mcm shoulder purse

  2. Pingback: Robert

You must be logged in to post a comment Login