സിനിമാലോകത്തെ ചിരിയുണര്‍ത്തുന്ന ചില സംഭവങ്ങള്‍

ദേവരാജന്‍മാസ്റ്ററും ശോഭനാ പരമേശ്വരന്‍നായരും മദ്രാസ് കാന്താര്‍ നഗറിലെ മാസ്റ്ററുടെ വീട്ടുമുറ്റത്ത് ഇരിക്കുകയാണ്. പുതിയ ചിത്രത്തിന്റെ ഗാനങ്ങളെക്കുറിച്ചുള്ള ഗൗരവമേറിയ ചര്‍ച്ചയില്‍ മുഴുകിയിരിക്കുകയാണ് ഇരുവരും.
അപ്പോഴാണ് ഗേറ്റിന്റെ മുകളിലുള്ള വട്ടത്തിലുള്ള കൊളുത്ത് മെല്ലെ ഉയരുന്നത് മാസ്റ്റര്‍ കണ്ടത്. ചെറിയൊരു ശബ്ദംപോലുമുണ്ടാക്കാതെ വളരെ സാവധാനത്തിലാണ് പുറത്തുനിന്നാരോ അത് ഉയര്‍ത്തുന്നത്.
ഉടനെ ദേവരാജന്‍മാസ്റ്റര്‍ ഉച്ചത്തില്‍, തനതുശൈലിയായ നീട്ടലോടെ വിളിച്ചുപറഞ്ഞു: ‘പോണം… പോണം…’
ഗേറ്റിന്റെ കൊളുത്ത് പതിയെ, നേരത്തേക്കാളും പതിയെ താണു. അപ്പോള്‍ ശോഭനാ പരമേശ്വരന്‍നായര്‍ ചോദിച്ചു: ‘ആരാണെന്നറിയാതെ എന്തിനാ പോകാന്‍ പറഞ്ഞത്? വല്ല പോസ്റ്റ്മാനോ പാല്‍ക്കാരനോ മറ്റോ ആണെങ്കിലോ?’
‘ഏയ്, ഒന്നുമല്ലെന്നേ… അത് ചാന്‍സ് ചോദിച്ച് വന്ന ആളാ…’ മാസ്റ്റര്‍ മറുപടി പറഞ്ഞു.
‘ആളെക്കാണാതെ അതെങ്ങനെ മനസ്സിലായി?’ പരമേശ്വരന്‍നായര്‍ക്ക് സംശയം.
‘ആ വിനയം കണ്ടാലറിഞ്ഞൂടെ?’ മുഖത്ത് ചിരിയുടെ നിഴലാട്ടംപോലുമില്ലാതെ മാസ്റ്റര്‍ പറഞ്ഞു.
മറ്റൊരിക്കല്‍, സ്റ്റുഡിയോയില്‍ പാട്ട് കമ്പോസ് ചെയ്തുകൊണ്ടിരിക്കേ ഒരാള്‍ മാസ്റ്ററെ കാണാന്‍ വന്നു.
സ്വയം പരിചയപ്പെടുത്തിയശേഷം അയാള്‍ ആഗ്രഹം അറിയിച്ചു: ‘പാടാന്‍ ഒരു ചാന്‍സ് വേണം.’
മാസ്റ്ററുടെ തണുത്ത പ്രതികരണം കണ്ട് അയാള്‍ പറഞ്ഞു: ‘ഞാന്‍ ഗാനഭൂഷണം പാസ്സായിട്ടുണ്ട് സാര്‍…’
മാസ്റ്റര്‍ക്ക് അനക്കമില്ല.
‘യേശുദാസിനെപ്പോലെ പാടുമെന്നാ എല്ലാവരും പറയുന്നത്.’
‘അതാരാ ഈ എല്ലാവരും?’ മാസ്റ്റര്‍ ചോദിച്ചു.
‘എന്റെ ഭാര്യയും അമ്മയുമൊക്കെ…’ തെല്ല് നാണത്തോടെ അയാള്‍ അറിയിച്ചു.
‘യേശുദാസിനെപ്പോലെ പാടാന്‍ താന്‍ വേണോ? അയാള്തന്നെ പോരേ?’ ഒന്ന് നിര്‍ത്തി പതിവ് ഈണത്തില്‍ മാസ്റ്റര്‍ പറഞ്ഞു: ‘മോന്‍ പോ…’

കളിയില്‍ അല്‍പ്പം കാര്യം
ഗാന്ധിനഗര്‍ സെക്കന്‍ഡ് സ്ട്രീറ്റ് എന്ന സിനിമയുടെ തിരക്കഥയെഴുതുകയാണ് ശ്രീനിവാസന്‍. കൂടെ, ചര്‍ച്ചകള്‍ക്കായി സംവിധായകന്‍ സത്യന്‍ അന്തിക്കാടുമുണ്ട്.
എറണാകുളത്തെ പ്രശസ്തമായൊരു ഹോട്ടലിലാണു ക്യാമ്പ്.
കഥ എവിടെയോ ചെന്ന് വഴിമുട്ടി നില്‍ക്കുന്ന ഒരു സമയം.
സത്യന്‍ അന്തിക്കാടും ശ്രീനിയും ഗൗരവമായ ചര്‍ച്ചയിലാണ്. പക്ഷേ, അതൊന്നും സിനിമയെക്കുറിച്ചല്ലെന്നു മാത്രം. നാട്ടുകാര്യവും വീട്ടുകാര്യവും തമാശകളുമൊക്കെയായി സമയമങ്ങനെ പോയിക്കൊണ്ടിരിക്കുകയാണ്.
ഇതിനിടയില്‍ ഇന്നസെന്റും വന്നുചേര്‍ന്നു. അതോടെ രംഗം കൊഴുത്തു. ചിരിയുടെ പൊടിപൂരം.
കുറേക്കഴിഞ്ഞപ്പോള്‍ ഇന്നസെന്റ് ചോദിച്ചു:
‘അല്ല ശ്രീനി, വീടിന്റെ പണി എവിടെവരെയായി? സാമ്പത്തികബുദ്ധിമുട്ടൊന്നുമില്ലല്ലോ?’
‘ഇത്തിരി ടൈറ്റുണ്ടായിരുന്നു. അതറിഞ്ഞപ്പോ കൊച്ചുമോന്‍ (സെഞ്ച്വറി കൊച്ചുമോനാണ് പടത്തിന്റെ നിര്‍മാതാവ്) മദ്രാസില്‍ച്ചെന്ന് വിമലയുടെ കൈയില്‍ പണം ഏല്‍പ്പിച്ചു. ഇപ്പോഴെല്ലാം ഭംഗിയായി നടക്കുന്നു.’ ശ്രീനിവാസന്‍ പറഞ്ഞു.
‘അല്ല സത്യാ, ഈ മുറിയില് എ.സി.യൊക്കെ നന്നായി വര്‍ക്ക് ചെയ്യണുണ്ടല്ലോ അല്ലേ?’
ഈ ഹോട്ടലിലെതന്നെ ഏറ്റവും നല്ല മുറിയാണിതെന്നും ഒരു കുഴപ്പവുമില്ലെന്നും സത്യന്‍ അന്തിക്കാട് മറുപടി പറഞ്ഞു.
‘ശാപ്പാടൊക്കെ എങ്ങനെ? ഇവിടുന്ന് കഴിക്ക്യോ? അതോ പൊറത്ത് പോവ്വോ?’ ഇന്നസെന്റിന്റെ ചോദ്യം വീണ്ടും.
അതിനു മറുപടി പറഞ്ഞത് രണ്ടാളും ഒന്നിച്ചാണ്: ‘ഇവിടുത്തേത് ബെസ്റ്റ് ഫുഡാണ്. അതുകൊണ്ട് ഇവിടുന്നുതന്നെ വരുത്തിക്കഴിക്കും. ഇനി വല്ല ചിക്കനോ മട്ടനോ വേണമെങ്കില്‍ അപ്പുറത്തെ കടയില്‍നിന്ന് വരുത്താന്‍ പ്രൊഡ്യൂസര്‍ ഏര്‍പ്പാടു ചെയ്തിട്ടുണ്ട്.’
‘അതേല്ലേ…’ സ്വതഃസിദ്ധമായ ആ താളത്തില്‍ പറഞ്ഞുകൊണ്ട് ഇന്നസെന്റ് കസേരയില്‍നിന്നെഴുന്നേറ്റു.
‘വീടുപണിക്കുള്ള കാശ് കൊച്ചുമോന്‍ കൃത്യമായി ശ്രീനീടെ ഭാര്യേടെ കൈയിലെത്തിച്ചിട്ട്ണ്ട്. നല്ല തണുപ്പുള്ള മുറീം എട്ത്ത് തന്ന്ട്ട്ണ്ട്. മൂന്നുനേരം മൃഷ്ടാന്നം ശാപ്പാടിനും മുട്ടില്ല. അപ്പോ പ്രൊഡ്യൂസറ് ചെയ്യേണ്ടതെല്ലാം ചെയ്തിട്ടുണ്ട്. അല്ലേ…?’
ഒന്നു നിര്‍ത്തി കൃത്രിമമായൊരു ഗൗരവത്തോടെ ഇന്നസെന്റ് പറഞ്ഞു: ‘എന്നാലേ, കളിച്ച്, ചിരിച്ച് നിക്കാണ്ട് ആ പേനയും പേപ്പറും എടുത്ത് മര്യാദയ്ക്ക് ജോലി ചെയ്യെടാ…’
ഇന്നസെന്റിന്റെ ആ ഭാവം കണ്ടപ്പോള്‍ ചൂരല്‍വടിയുമായി നില്‍ക്കുന്ന ഹെഡ്മാസ്റ്ററെ ഓര്‍മവന്നുവെന്നാണ് സത്യന്‍ അന്തിക്കാട് പറയുന്നത്.

പേരിലെന്തിരിക്കുന്നു
പ്രശസ്ത ഗായകന്‍ ജയചന്ദ്രന്‍ കൊച്ചിയിലെ ഒരു വന്‍കിട ഹോട്ടലില്‍ നടന്ന വിരുന്നില്‍ പങ്കെടുക്കുകയായിരുന്നു. സ്വതവേ ബഹളങ്ങള്‍ ഇഷ്ടമല്ലാത്ത അദ്ദേഹം ആള്‍ക്കൂട്ടത്തില്‍നിന്നൊഴിഞ്ഞ് സൈ്വരമായി നില്‍ക്കുകയാണ്.
അപ്പോള്‍, പകിട്ടാര്‍ന്ന വേഷഭൂഷാദികളണിഞ്ഞ ഒരു സ്ത്രീയും പുരുഷനും ജയചന്ദ്രന്റെ അടുത്തെത്തി അഭിവാദ്യം ചെയ്തു. കുറേ വര്‍ഷമായി അമേരിക്കയില്‍ താമസിക്കുന്ന ദമ്പതികളാണവര്‍. അതിന്റെയൊരു പൊങ്ങച്ചം അവരുടെ എടുപ്പിലും നടപ്പിലുമുണ്ട്.
സ്വയം പരിചയപ്പെടുത്തിയശേഷം ഭര്‍ത്താവ് ജയചന്ദ്രനോട് പറഞ്ഞു: ‘സാര്‍, ഞങ്ങള്‍ രണ്ടുപേരും സാറിന്റെ കടുത്ത ആരാധകരാണ്. പാട്ടെന്നു പറഞ്ഞാല്‍ സാറിന്റെ പാട്ടാ പാട്ട്. മൈക്കല്‍ ജാക്‌സണ്‍പോലും സാറിന്റെ ഏഴയലത്ത് വരുകേല… മണിക്കൂറിലൊരു പ്രാവശ്യമെങ്കിലും സാറിന്റെ പാട്ട് ഞങ്ങള്‍ക്ക് കേള്‍ക്കണം.’
അപ്പോഴേക്കും ഭാര്യ ചാടിവീണു: ‘മണിക്കൂറിലൊരു പാട്ടോ? അച്ചായന്‍ രാവിലെ ജോലിക്കു പോയാല്‍ രാത്രി തിരിച്ചെത്തുന്നതുവരേം സാറിന്റെ പാട്ടുകേട്ടോണ്ടാ ഞാനിരിക്കുന്നേ…’
ഈ അമിതപ്രശംസ കേട്ട് ജയചന്ദ്രന്‍ ചൂളിപ്പോയി.
എങ്കിലും സാമാന്യമര്യാദയോര്‍ത്ത് അദ്ദേഹം ചോദിച്ചു: ‘എന്റെ ഏത് പാട്ടാ ഏറ്റവും ഇഷ്ടം?’
ഭാര്യ ചാടിപ്പറഞ്ഞു: ‘എനിക്ക് ഹരിമുരളീരവം… ആണ് ഏറ്റവും ഇഷ്ടം.’
‘എനിക്ക് പഴയ പാട്ടുകളാ ഇഷ്ടം. കായാമ്പൂ…, താമസമെന്തേ…, ചക്രവര്‍ത്തിനീ… ഇതൊക്കെ എന്നാ പാട്ടുകളാ…’ ഭര്‍ത്താവ് പറഞ്ഞു.
‘ഈ പാട്ടുകളൊക്കെ എനിക്കും ഇഷ്ടമാണ്. പക്ഷേ, അത് പാടിയത് ഞാനല്ല, യേശുദാസാണ്.’ ജയചന്ദ്രന്‍ ദേഷ്യമടക്കിക്കൊണ്ട് പറഞ്ഞു.
‘അയ്യോ, അപ്പോ സാറ് ദാസ് സാറല്ലേ?’ ദമ്പതികള്‍ വാപൊളിച്ചു.
യേശുദാസിനെപ്പോലും തിരിച്ചറിഞ്ഞിട്ടില്ലാത്ത ആ മറുനാടന്‍ പൊങ്ങച്ചത്തിനു മുന്നില്‍ ജയചന്ദ്രന്‍ നിരായുധനായിപ്പോയി.
അദ്ദേഹം മൃദുഭാഷയില്‍ മൊഴിഞ്ഞു:
‘നിങ്ങള്‍ക്ക് വേണമെങ്കില്‍ എന്നെ ദാസെന്ന് വിളിക്കാം; അദ്ദേഹത്തിന് വിരോധമില്ലെങ്കില്‍…’
നിലംപരിശായി കിടക്കുമ്പോഴും തലപൊക്കുന്ന അഹന്തയോടെ മറുനാടന്‍ പറഞ്ഞു:
‘പേരെന്തായാലെന്നാ, പാട്ട് നന്നായാപ്പോരേ, അല്യോ സാറേ…’

കരിങ്കാലികള്‍
തിരഞ്ഞെടുപ്പെന്നു കേള്‍ക്കുമ്പോള്‍ മുകേഷിന് ഓര്‍മ വരിക വിദ്യാര്‍ഥിയായിരുന്ന കാലത്തെ ഒരു സംഭവമാണ്.
മുകേഷിന് ദാസന്‍ എന്നൊരു കൂട്ടുകാരനുണ്ടായിരുന്നു.
ദാസന്റെ അമ്മാവന് കവലയിലൊരു ചായക്കടയുണ്ട്. ആയിടെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പു വന്നപ്പോള്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ദാസന്റെ അമ്മാവന്‍ തീരുമാനിച്ചു. എല്ലാവര്‍ക്കും ചായ കൊടുക്കുക, വോട്ടുപിടിക്കുക – ഇതായിരുന്നു തന്ത്രം.
വോട്ടുപിടിത്തം മുറയ്ക്ക് നടന്നു.
എല്ലാവര്‍ക്കും ചായയും പലഹാരവും ഫ്രീ. കടയിലെപ്പോഴും നല്ല തിരക്ക്. അവിടുത്തെ തിരക്കുകണ്ടാല്‍ മറ്റു സ്ഥാനാര്‍ഥികള്‍ക്കൊന്നും ഒറ്റവോട്ടുപോലും കിട്ടുന്ന ലക്ഷണമില്ല.
പുലിയാണ് തിരഞ്ഞെടുപ്പു ചിഹ്നം. ജനങ്ങള്‍ക്ക് കണ്ടുരസിക്കാന്‍ പുലിക്കളിയും ഏര്‍പ്പാടാക്കിയിരുന്നു.
ചായക്കടയില്‍ സൗജന്യഭക്ഷണം അടിച്ചിരുന്നവര്‍ ഗൗരവമായ ചര്‍ച്ചകളില്‍ മുഴുകും. ‘ക്രിസ്ത്യന്‍ ഏരിയയില്‍ നമുക്കിത്തിരി ക്ഷീണമുണ്ട്. പക്ഷേ, പേടിക്കാനില്ല. മറ്റേ ഭാഗംകൊണ്ട് മറിക്കാം.’
അതെല്ലാം കേട്ട അമ്മാവന് സന്തോഷം. ജയിച്ചുകഴിഞ്ഞു. ഇനി ഭൂരിപക്ഷം എത്രയെന്നേ നോക്കാനുള്ളൂ.
ഒടുക്കം പെട്ടി പൊട്ടിച്ചപ്പോള്‍ അമ്മാവന് വെറും ഒന്‍പതു വോട്ട്! കെട്ടിവെച്ച കാശുപോലുമില്ല.
ഒരു നിമിഷം തളര്‍ന്നുനിന്ന അമ്മാവന്‍ റീകൗണ്ടിങ് വേണമെന്ന് ആവശ്യപ്പെട്ടു. എല്ലാവരും അദ്ദേഹത്തെ പിന്‍തിരിപ്പിക്കാന്‍ ശ്രമിച്ചു. ചെറിയ വോട്ടിന്റെ വ്യത്യാസമേയുള്ളുവെങ്കിലേ റീകൗണ്ടിങ് ചെയ്തിട്ട് കാര്യമുള്ളൂ. ഇതങ്ങനെയല്ലല്ലോ.
ഇതു കേട്ട അമ്മാവന്‍ പൊട്ടിത്തെറിച്ചു: ‘എടാ, എന്റെ ഫ്രീ ശാപ്പാട് അടിച്ചു നടന്ന ഒരു തെണ്ടിയും വോട്ടു ചെയ്തില്ല. അത് പോട്ടേന്ന് വെക്കാം. പക്ഷേ, ജീവിതകാലം മുഴുവന്‍ ഞാന്‍ ചെലവുകൊടുത്തു വളര്‍ത്തിയ പതിമൂന്നു പേര്‍ എന്റെ വീട്ടിലുണ്ട്. അതിലും നാലുപേര്‍ എന്നെ കാല് വാരിയല്ലോ. അതാരെന്നാ എനിക്കറിയേണ്ടത്. അതിനാ റീകൗണ്ടിങ് വേണമെന്ന് പറയുന്നത്.’
അമ്മാവന്റെ ചായക്കടയും അതോടെ പൂട്ടിയെന്നാണ് മുകേഷ് പറയുന്നത്.

നാട്ടിലേക്കുള്ള വണ്ടിക്കൂലി
ഭരതന്‍ മലയാളസിനിമയില്‍ കത്തിനില്‍ക്കുന്ന കാലം. മദിരാശിയിലെ കെ.കെ. നഗറിലാണ് അദ്ദേഹം താമസിക്കുന്നത്.
അന്ന് ഭരതന്റെ അസോസിയേറ്റുകളായിരുന്നു ജയരാജ്, ബാലുവാസുദേവ് തുടങ്ങിയവര്‍. ഏറ്റുമാനൂര്‍ വിജയന്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളറും. ഇവരെല്ലാം ചേര്‍ന്ന് വടപളനി കോവിലില്‍ ഒരു വീട് വാടകയ്ക്ക് എടുത്തിട്ടുണ്ട്. ഇവരുടെ സഹായിയായി ഇന്നത്തെ സംവിധായകന്‍ ശരത്ചന്ദ്രന്‍ വയനാടും അവിടെ താമസിക്കുന്നുണ്ട്.
ചാന്‍സ് തേടി പലരും ഈ വീട്ടില്‍ വരും.
ഒരിക്കല്‍ ഇങ്ങനെയൊരു പെണ്‍കുട്ടി വന്നു. പച്ചപ്പരിഷ്‌കാരിയായൊരു കോങ്കണ്ണി. ഏതു വേഷവും ചെയ്യാന്‍ തയ്യാര്‍. ഭരതനെ പരിചയപ്പെടുത്തി ഒരു ചാന്‍സ് വാങ്ങിക്കൊടുക്കണം. ഇതാണ് അവളുടെ ഡിമാന്റ്.
തല്‍ക്കാലം അവളുടെ ശല്യത്തില്‍നിന്ന് മോചനം നേടാന്‍ വിജയനും വാസുദേവനും ഒരു സൂത്രം പ്രയോഗിച്ചു. അവിടെ നിന്നിരുന്ന ശരത്ചന്ദ്രനെ ചൂണ്ടി അവളോട് പറഞ്ഞു:
‘ഇതാണ് ഭരതന്റെ ഏറ്റവും അടുത്ത ആള്‍. ഈ സാര്‍ ഒരു വാക്ക് പറഞ്ഞാല്‍ ഭരതന്‍ കേള്‍ക്കാതിരിക്കില്ല.’
അതോടെ പെണ്‍കുട്ടി, അവരെ വിട്ട് ശരത്തിന്റെ കാലുപിടിക്കാന്‍ തുടങ്ങി.
ശരത്താകട്ടെ, ‘രണ്ടാഴ്ച കഴിഞ്ഞു വാ, നമുക്ക് ശരിയാക്കാം’ എന്ന് ഗമയില്‍ പറയുകയും ചെയ്തു.
കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞു.
ശരത്ചന്ദ്രന്‍ ഭരതന്റെ വീട്ടിലുണ്ട്. ഭരതന്‍ ആവാരം പൂ എന്ന ചിത്രത്തിന്റെ പോസ്റ്റര്‍ ഡിസൈന്‍ ചെയ്തുകൊണ്ടിരിക്കുകയാണ്. ശരീരം നിറയെ എണ്ണ തേച്ചു പിടിപ്പിച്ച് ഒരു ടവ്വല്‍ മാത്രം ചുറ്റിയാണ് ഭരതന്‍ വരയ്ക്കുന്നത്. ബ്രഷുകളും മറ്റും എടുത്തുകൊണ്ട് ശരത്ചന്ദ്രന്‍ കൂടെ നില്‍ക്കുന്നു.
ഈ സമയത്താണ് ഒരു പെണ്‍കുട്ടി വീട്ടിലേക്കു കയറിവരുന്നത് ശരത് കാണുന്നത്. ഒറ്റനോട്ടത്തില്‍ത്തന്നെ ആളെ മനസ്സിലായി. അന്ന് ചാന്‍സ് തേടിവന്ന പെണ്‍കുട്ടി. ഇനിയിവിടെ നിന്നാല്‍ കുഴപ്പമാണെന്ന് മനസ്സിലാക്കിയ ശരത് ഒറ്റ നിമിഷംകൊണ്ട് അടുക്കളയിലേക്കു വലിഞ്ഞ് ജനലിലൂടെ പാളിനോക്കി.
പെണ്‍കുട്ടി നേരെ കയറിവന്ന് ഭരതനോടൊരു ചോദ്യം: ‘ശരത്ചന്ദ്രന്‍ സാര്‍ ഇര്ക്ക്ങ്കളാ?’
ഭരതന്‍ അവളെ ഒന്നിരുത്തിനോക്കിയിട്ട് ചോദിച്ചു: ‘എന്ന വിഷയം?’
‘അന്ത ഭരതനെ ഇന്‍ട്രൊഡ്യൂസ് പണ്ണിത്തരലാം എന്ന് ശരത്ചന്ദ്രന്‍ സാര്‍ ശൊല്ലിയാച്ച്.’
ശരത്ചന്ദ്രന്‍ ഞെട്ടി. മഹാപാപി തുലച്ചല്ലോ. താന്‍ സാറും ഭരതന്‍ സാര്‍ വെറും ഭരതനും.
കുറച്ചുകാലത്തേക്കുള്ള വകയായെന്ന് ശരത് മനസ്സിലോര്‍ത്തു.
ഭരതന്‍ അകത്തേക്ക് നോക്കി പരിഹാസപൂര്‍വം നീട്ടിവിളിച്ചു: ‘ശരത്ചന്ദ്രന്‍ സാറേ… ഒരാള് കാണാന്‍ വന്നിരിക്കുന്നു.’
വളിഞ്ഞ് പുളഞ്ഞ് ശരത് പുറത്തുവന്നു. തല ഉയര്‍ത്തി ഭരതനെ നോക്കാനുള്ള ധൈര്യമില്ല.
ഭാഗ്യത്തിന് അദ്ദേഹം കുളിക്കാന്‍ അകത്തേക്ക് കയറിപ്പോയി.
ഉള്ള ദേഷ്യം മുഴുവന്‍ ശരത്തിന്റെ വായിലൂടെ തെറിയായി ഒഴുകിവന്നു. ഭരതനെയാണ് താന്‍ ആദ്യം കണ്ടതെന്നറിഞ്ഞപ്പോള്‍ പെണ്‍കുട്ടിയും വല്ലാതായി. ഭരതന്‍ കുളികഴിഞ്ഞുവന്നപ്പോള്‍ പെണ്‍കുട്ടി അദ്ദേഹത്തോട് മാപ്പുപറഞ്ഞു. പരിഭ്രമംകൊണ്ട് അപ്പോള്‍ അവളുടെ കോങ്കണ്ണിന്റെ വൈരൂപ്യം ഒന്നുകൂടി പ്രകടമായിരുന്നു.
അവളെ പറഞ്ഞുവിട്ടശേഷം ഭരതന്‍ ശരത്തിനോട് ചോദിച്ചു: ‘എടാ, ഇവിടെനിന്ന് സുല്‍ത്താന്‍ബത്തേരി വരെയെത്താന്‍ എത്ര വണ്ടിക്കൂലി വേണം?’
‘മുന്നൂറ്റി അറുപത്തെട്ട്.’
‘എന്നാല്‍ ആ കാശും വാങ്ങി ഇന്നുതന്നെ നാട്ടിലേക്ക് വണ്ടി വിട്ടോണം.’ ഒന്നു നിര്‍ത്തി ഭരതന്‍ തുടര്‍ന്നു: ‘വേറൊന്നുമല്ല, കിഴക്കോട്ട് നോക്കുമ്പം തെക്ക് കാണുന്ന ഇവളെ ഞാനെന്റെ സിനിമയുടെ ഏഴയലത്ത് അടുപ്പിക്കില്ലെന്ന് അറിയാത്ത ഒരുത്തന്‍ ഇനിയെന്റെ കൂടെ വേണ്ട.’
പിന്നീടെപ്പോഴും, ശരത് എന്തെങ്കിലും തെറ്റു ചെയ്യുമ്പോള്‍ ഭരതന്‍ ചോദിക്കും: ‘നാട്ടിലേക്കെത്രയാ വണ്ടിക്കൂലി?’
അപ്പോഴൊക്കെ ശരത്തിന്റെ മനസ്സില്‍ രണ്ട് കോങ്കണ്ണുകള്‍ പിടയ്ക്കും.

You must be logged in to post a comment Login