സിനിമാച്ചിരികള്‍

സിനിമാലോകത്ത് സംഭവിച്ച ചില നുറുങ്ങുകള്‍ വായിക്കാം.

മമ്മൂക്കയുടെ ആരാധകന്‍
മമ്മൂട്ടി അഭിനയിക്കുന്ന ഒരു ചിത്രത്തിന്റെ ലൊക്കേഷനില്‍ മലപ്പുറത്തു നിന്നൊരു ആരാധകന്‍ വന്നു.
ആരാധനയെന്നാല്‍ ചില്ലറയൊന്നുമല്ല, ഭ്രാന്തോളം മൂത്ത ആരാധനയാണയാള്‍ക്ക്. മമ്മൂട്ടിയെ നേരിട്ടൊന്നു കാണണം, ഒന്നു തൊടണം. ഇത്രയുമാണ് അയാളുടെ ജീവിതത്തിലെ ഏറ്റവും വലിയ അഭിലാഷം. കൂടെ നിന്നൊരു ഫോട്ടോ എടുക്കാന്‍ കഴിഞ്ഞാല്‍ സ്വര്‍ഗം കിട്ടുന്നതിനു തുല്യമായി.
ജീവിതാഭിലാഷം സാധിക്കാന്‍ അയാള്‍ പലവട്ടം ശ്രമിച്ചതാണ്. ഇതുവരെയും കഴിഞ്ഞില്ല. പക്ഷേ, ഇത്തവണ ഭാഗ്യക്കുറി അടിച്ചു. ഇഷ്ടനായകന്‍ അതാ ഒരു മരത്തണലില്‍ വിശ്രമിക്കുന്നു. കൂടെ പരിവാരവും ബഹളവുമൊന്നുമില്ലതാനും.
ആരാധകന്‍ നേരെ മമ്മൂട്ടിയുടെ അടുത്തുചെന്നു. കണ്ടു, തൊഴുതു, തൊട്ടു.
മമ്മൂട്ടി നല്ല മൂഡിലായിരുന്നു. അയാളുടെ ആത്മാര്‍ഥമായ സ്‌നേഹപ്രകടനങ്ങള്‍ മമ്മൂട്ടിയില്‍ മതിപ്പുളവാക്കി.
ഉച്ചഭക്ഷണത്തിനുള്ള സമയമായിരുന്നു അപ്പോള്‍. ഭക്ഷണം കഴിക്കാന്‍ മമ്മൂട്ടി ക്ഷണിച്ചെങ്കിലും വിനയപൂര്‍വം ആരാധകന്‍ ഒഴിഞ്ഞുമാറി. എങ്കിലും, എന്തൊക്കെയാണ് മമ്മൂട്ടി കഴിക്കുന്നത് എന്നറിയാന്‍ അയാള്‍ക്ക് കൗതുകമുണ്ടായിരുന്നു. നല്ല ഭക്ഷണം കഴിക്കുന്നതുകൊണ്ടാണ് മമ്മൂട്ടിക്ക് ഇത്രയും ഗ്ലാമറെന്ന് ആരോ പറഞ്ഞുകേട്ടിട്ടുണ്ട്.
എന്തൊക്കെയാവും മമ്മുക്ക കഴിക്കുക?
ബിരിയാണി എന്തായാലും ഉണ്ടാവും. കോഴിയിറച്ചി, പോത്ത് വരട്ടിയത്, മീന്‍ പൊള്ളിച്ചത്, ചെമ്മീന്‍ ഫ്രൈ… ഇങ്ങനെ പല വിഭവങ്ങളും കാണും. രാജകീയമായ ആ ശാപ്പാടൊന്നു കാണാന്‍ ആരാധകന്‍ ജനലിലൂടെ അകത്തേക്കു നോക്കി.
മമ്മൂട്ടിക്കു മുന്‍പില്‍ നിരത്തിയ വിഭവങ്ങള്‍ കണ്ടപ്പോള്‍ അക്ഷരാര്‍ഥത്തില്‍ അയാള്‍ ഞെട്ടിപ്പോയി. രണ്ടുമൂന്ന് കുഞ്ഞ് സോസറുകളില്‍ വാട്ടിയ ഇലകളും പച്ചക്കറികളും. ഒരു ചപ്പാത്തി, അരക്കപ്പ് ചോറ്, ഒരു സ്പൂണ്‍ തൈര്… തീര്‍ന്നു,
രാജകീയ ഭോജനം.
ഭക്ഷണം കഴിഞ്ഞ് കൈ കഴുകുന്ന മമ്മൂട്ടിക്കരികിലേക്ക് നിറകണ്ണുകളോടെ ചെന്ന് ഗദ്ഗദകണ്ഠനായി അയാള്‍ പറഞ്ഞു:
‘മമ്മൂക്കാ, ഇത് കഷ്ടമായിപ്പോയി. പാവപ്പെട്ടവനായ ഈ ഞാന്‍ പോലും രണ്ടു ബിരിയാണി ദിവസവും തിന്നും. ഇത്ര വലിയ സൂപ്പര്‍സ്റ്റാറായിട്ട് വയറ് നിറച്ച് ഭക്ഷണം കഴിക്കാന്‍ പറ്റില്ലാച്ചാല്‍…’
ഒന്നു നിര്‍ത്തി അയാള്‍ തുടര്‍ന്നു:
‘ഇങ്ങനെയാണെങ്കില്‍ നിങ്ങള് സൂപ്പര്‍സ്റ്റാറാവേണ്ടിയിരുന്നില്ല മമ്മൂക്കാ…’
നിഷ്‌കളങ്കമായ ആ വാക്കുകള്‍ കേട്ടപ്പോള്‍ മമ്മൂട്ടി പൊട്ടിച്ചിരിച്ചുപോയി.

ഗുരുദക്ഷിണ
കുറച്ചുകാലം മുന്‍പ് നടന്‍ ദിലീപ്, താന്‍ പഠിച്ച ഒരു സ്‌കൂള്‍ സന്ദര്‍ശിച്ചു. ഏറെക്കാലത്തിനുശേഷം ആ വിദ്യാലയമുറ്റത്ത് ചവിട്ടി നിന്നപ്പോള്‍ ഒരുപാട് ഓര്‍മകള്‍ അദ്ദേഹത്തിന്റെ മനസ്സില്‍ തുടികൊട്ടിയുണര്‍ന്നു.
ഹൃദ്യമായ സ്വീകരണമാണ് സ്‌കൂളില്‍നിന്നും ദിലീപിനു ലഭിച്ചത്. അധ്യാപകരും വിദ്യാര്‍ഥികളുമെല്ലാം സ്‌നേഹംകൊണ്ട് വീര്‍പ്പുമുട്ടിച്ചുകളഞ്ഞു. ആ സ്‌നേഹപ്രകടനത്തില്‍ ദിലീപിന്റെ മനസ്സു നിറഞ്ഞു.
സ്വീകരണത്തിനിടെ, താന്‍ പഠിക്കുന്ന കാലത്ത് സ്‌കൂള്‍ ഇത്രയൊന്നും വലുതായിരുന്നില്ലെന്ന് ദിലീപ് അനുസ്മരിച്ചു. കുറേ കെട്ടിടങ്ങള്‍ ഉണ്ടായെന്നല്ലാതെ വേണ്ടത്ര അടിസ്ഥാനസൗകര്യങ്ങളൊന്നും ഇപ്പോഴുമില്ലെന്നായിരുന്നു ഹെഡ്മാസ്റ്ററുടെ പരാതി. ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍, കുറേക്കൂടി അലമാരകള്‍, കമ്പ്യൂട്ടറുകള്‍ ഇങ്ങനെ ഒരുപാടു കാര്യങ്ങള്‍ ഇനിയും വേണ്ടതായിട്ടുണ്ട്. സര്‍ക്കാരിന്റെ ഗ്രാന്റിന് കാത്തിരുന്നാല്‍ ഒന്നും ശരിയാവില്ലെന്നുകൂടി അദ്ദേഹം സൂചിപ്പിച്ചു.
ഇറങ്ങുന്നതിനു മുന്‍പ് ദിലീപ് ഒരു ചെക്കെഴുതി ഹെഡ്മാസ്റ്ററെ ഏല്‍പ്പിച്ചു. സാമാന്യം നല്ലൊരു തുക എഴുതിയിട്ടുണ്ട്. ‘സ്‌കൂളിന്റെ വികസനത്തിനുവേണ്ടി ഇതുപയോഗിക്കാം. ഇതുകൊണ്ടെന്തു ചെയ്യണമെന്ന് സാറൊക്കെക്കൂടി തീരുമാനിച്ചാല്‍ മതി.’
അറിവിന്റെ മധുരം പകര്‍ന്നുതന്ന സ്‌കൂളിന്റെ വികസനത്തിന് തന്നാല്‍
കഴിയാവുന്ന സഹായം ചെയ്തതിലുള്ള ചാരിതാര്‍ഥ്യത്തോടെ ദിലീപ് യാത്രപറഞ്ഞിറങ്ങി.
പിന്നീടൊരിക്കല്‍ റെയില്‍വേ സ്റ്റേഷനില്‍ വണ്ടി കാത്തുനില്‍ക്കുമ്പോള്‍ ആ സ്‌കൂളിലെ ഒരു ടീച്ചര്‍ ദിലീപിന്റെ അടുത്തെത്തി. അന്നു നല്‍കിയ സംഭാവനയുടെ കാര്യം അനുസ്മരിച്ചുകൊണ്ട് ടീച്ചര്‍ പറഞ്ഞു: ‘ഞങ്ങള്‍ ദിവസവും രണ്ടു നേരമെങ്കിലും ദിലീപിനെ ഓര്‍ക്കും. ദിലീപ് കാശു തന്നതുകൊണ്ടല്ലേ അത് നടന്നത്…’
ദിലീപിന്റെ മനസ്സ് അഭിമാനത്താല്‍ വിജൃംഭിതമായി. ‘എന്താ, നിങ്ങള്‍ വാങ്ങിച്ചത്? കമ്പ്യൂട്ടറോ അതോ പുസ്തകങ്ങളോ?’ കൗതുകത്തോടെ അദ്ദേഹം
ചോദിച്ചു.
കാല്‍വിരലുകൊണ്ട് നിലത്തെഴുതിയ ശകുന്തളയെപ്പോലെ നാണം
കുണുങ്ങിക്കൊണ്ട് ടീച്ചര്‍ പറഞ്ഞു:
‘ഹേയ് അതൊന്നുമല്ല, ഞങ്ങള്‍ ആ കാശുകൊണ്ട് ഒരു മൂത്രപ്പുരയാ പണിഞ്ഞത്…’

തലയണയന്ത്രം
കീരി, പാമ്പിനെ പിടിക്കുന്ന സൂത്രം അറിയില്ലേ?
പാമ്പിന്റെ ചുറ്റും വട്ടത്തില്‍ മൂത്രമൊഴിച്ചുവെക്കും. അതിനെ മറികടന്നുപോകാന്‍ പാമ്പിനു കഴിയില്ലത്രേ!
ചില ആരാധകരും അങ്ങനെയാണ്. ഇഷ്ടതാരങ്ങളെ ഒത്തുകിട്ടിയാല്‍ വിടില്ല. വര്‍ത്തമാനം പറഞ്ഞായിരിക്കും വധമെന്നുമാത്രം.
ഈയിടെ ഒരു ഷൂട്ടിങ് ലൊക്കേഷനില്‍ ഇത്തമൊരു കക്ഷിയെത്തി.
ഗള്‍ഫില്‍ വലിയ ബിസിനസ്സൊക്കെയുള്ള പാര്‍ട്ടിയാണ്്. ഈ പടത്തിന്റെ പ്രൊഡ്യൂസറുടെ വേണ്ടപ്പെട്ടയാള്‍. മാത്രമല്ല, സ്വന്തമായി പടം പിടിക്കാനും താത്പര്യമുണ്ട്. പക്ഷേ, വാചകമടി അസഹ്യം. സെറ്റിലുള്ള നടീനടന്മാരെ ഒന്നൊന്നായി കക്ഷി കൊന്നുകൊലവിളിച്ചുകൊണ്ടിരിക്കുകയാണ്. ഇറങ്ങിപ്പോകാന്‍ പറയാനും ആര്‍ക്കും ധൈര്യമില്ല. പ്രൊഡ്യൂസറുടെ സ്വന്തക്കാരനല്ലേ!
ഒടുവില്‍ ഇയാള്‍ ശ്രീനിവാസന്റെ അടുത്തെത്തി.
‘ങ്ങടെ ഒരു പടം ഞമ്മക്ക് പെരുത്ത് ഇഷ്ടായി.’ മഹാകാര്യമെന്ന മട്ടില്‍ അയാള്‍ പറഞ്ഞു.
‘ഏതു പടം?’ ശ്രീനിവാസന്‍ ചോദിച്ചു.
‘അത്… അത്…’ കക്ഷി തല ചൊറിഞ്ഞു. ‘ങാ… കിട്ടിപ്പോയി. തലയണയന്ത്രം, തലയണയന്ത്രം. ബെസ്റ്റ് പടാണ്.’
തലയണമന്ത്രത്തിന്റെയും വടക്കുനോക്കിയന്ത്രത്തിന്റെയും സ്രഷ്ടാവായ സാക്ഷാല്‍ ശ്രീനിവാസന്‍ ഞെട്ടിപ്പോയി. ഇതേതപ്പാ നമ്മളറിയാത്തൊരു യന്ത്രം!
ഒരൊറ്റ ചിരികൊണ്ട് ആരെയും ‘ആസാ’ക്കാന്‍ അസാമാന്യ കഴിവുണ്ട് ശ്രീനിവാസന്. ചിരിക്കിടയിലൂടെ ശ്രീനിവാസന്‍ അയാളോടു പറഞ്ഞു:
‘അതിനേക്കാള്‍ നല്ലൊരു പടം ഞാന്‍ ചെയ്തിട്ടുണ്ട്. അതു കണ്ടോ?’
ആരാധകന്‍ ചോദിച്ചു:
‘അതേതാ?’
‘ശ്യാമളയാണ് താരം’-മുഖത്ത് യാതൊരു ഭാവമാറ്റവുമില്ലാതെ ശ്രീനിവാസന്‍ പറഞ്ഞതുകേട്ടപ്പോള്‍ സെറ്റില്‍ കൂട്ടച്ചിരി മുഴങ്ങി.

കര്‍ത്താവിന്റെ നാമത്തില്‍
ഒരു സിദ്ദിഖ്-ലാല്‍ ചിത്രത്തിന്റെ ഷൂട്ടിങ്.
കഥയ്ക്ക് യോജിച്ച ഒരു വീട് സംഘടിപ്പിക്കാനുള്ള ശ്രമത്തിലാണ് അതിന്റെ അണിയറപ്രവര്‍ത്തകര്‍. കിട്ടുന്ന വീടൊന്നും സംവിധായകര്‍ക്ക് പറ്റുന്നില്ല, പറ്റുന്ന വീടൊന്നും കിട്ടുന്നുമില്ല.
അങ്ങനെയിരിക്കെയാണ് നല്ലൊരു വീട് പ്രൊഡക്ഷന്‍ മാനേജര്‍ കണ്ടു
പിടിച്ചത്. എല്ലാംകൊണ്ടും അനുയോജ്യം, പക്ഷേ, ഒരേയൊരു കുഴപ്പം മാത്രം. ഉടമസ്ഥന്‍ ഷൂട്ടിങ്ങിന് വീട് വിട്ടുകൊടുക്കില്ല.
‘ചോദിക്കുന്ന കാശ് കൊടുക്കാമെന്ന് പറ’ സിദ്ദിഖ് പറഞ്ഞു.
‘അയാള്‍ക്ക് കാശിനോട് ഒരാര്‍ത്തിയുമില്ല. അത്രയും വലിയ കോടീശ്വരനല്ലേ… മാത്രമല്ല, അഞ്ചു മക്കള്‍ അമേരിക്കയിലും.’ പ്രൊഡക്ഷന്‍ മാനേജര്‍ അറിയിച്ചു.
‘എങ്കില്‍ സിനിമയില്‍ ചെറിയൊരു വേഷം കൊടുക്കാമെന്ന് പറ. അതില്‍ വീഴാത്തവരില്ല.’ ലാലിന്റെ ഉപായം ഇതായിരുന്നു.
‘സിനിമ എന്നു കേട്ടാലേ അയാള്‍ക്ക് കലിപ്പാണ്. ഇതുവരെ ഒറ്റ സിനിമ പോലും കണ്ടിട്ടില്ലത്രേ.’
ആ വഴിയും അടഞ്ഞു. ഇനിയെന്ത് വഴി?
‘എല്ലാ മനുഷ്യര്‍ക്കും എന്തെങ്കിലും ദൗര്‍ബല്യങ്ങള്‍ കാണും. കള്ളു
കുടി, മറ്റ് വശപ്പിശകുകള്‍ അങ്ങനെയെന്തെങ്കിലും ഇയാള്‍ക്കുമുണ്ടോ?’ ചോദ്യം കൊച്ചിന്‍ ഹനീഫയുടേതാണ്.
‘നല്ല കാര്യമായി. 916 മാറ്റുള്ള സത്യകൃസ്ത്യാനിയാണയാള്‍. ബൈബിളും പള്ളിയും വിട്ടൊരു കളിയില്ല. കടുത്ത മതവിശ്വാസിയാണ് കക്ഷി. മതപരമായ കാര്യങ്ങള്‍ സംസാരിച്ച് മെരുക്കിയെടുത്താലേ കാര്യം നടക്കൂ…’ പ്രൊഡക്ഷന്‍ മാനേജര്‍ അറിയിച്ചു.
‘അത്രേയുള്ളോ കാര്യം? എങ്കില്‍ ഞാനേറ്റു.’ കൊച്ചിന്‍ ഹനീഫ ചാടിയെണീറ്റു.
‘അങ്ങനെയാണെങ്കില്‍ ലാല്‍ പോട്ടെ. ഒന്നുമില്ലെങ്കിലും ഒരു കൃസ്ത്യാനിയാണല്ലോ’. സിദ്ദിഖ് നിര്‍ദേശിച്ചു.
‘ഛേ, എന്നെ അത്രയും വിശ്വാസമില്ലേ? ഞാന്‍ വേറൊരു നമ്പര്‍ കണ്ടുവെച്ചിട്ടാ പറയുന്നത്, ചുമ്മാതല്ല.’ കൊച്ചിന്‍ ഹനീഫയുടെ ആത്മവിശ്വാസത്തിനു മുന്നില്‍ എല്ലാവരും കീഴടങ്ങി.
ഹനീഫയും സിദ്ദിഖും ലാലും ഉടന്‍ വീട്ടുടമസ്ഥനെ കാണാന്‍ പുറപ്പെട്ടു. മറ്റുള്ളവരെ കാറില്‍ ഇരുത്തി ഹനീഫ വീട്ടിനുള്ളിലേക്ക് കയറിപ്പോയി.
അഞ്ചു മിനിറ്റ് കഴിഞ്ഞില്ല, ശരവേഗത്തില്‍ ഹനീഫ പുറത്തേക്ക് വന്ന് പറഞ്ഞു: ‘അത് ശരിയാവൂല ആശാനേ, അയാള് പരമബോറനാ.’
അവസാന കൈയെന്ന നിലയ്ക്ക് ഒന്നു ശ്രമിച്ചുനോക്കാം എന്നു പറഞ്ഞുകൊണ്ട് സിദ്ദിഖും ലാലും വീട്ടുടമസ്ഥന്റെ മുന്നിലെത്തി. തങ്ങളുടെ അവസ്ഥ വിവരിച്ചു.
അപ്പോള്‍ വീട്ടുടമസ്ഥന്‍ അറിയിച്ചു:
‘ഷൂട്ടിങ്ങിന് വീട് തന്നേക്കാമെന്ന് ഞാനേതാണ്ട് തീരുമാനിച്ചിരിക്കുകയായിരുന്നു. അപ്പോഴാണ് ദേ ആ തടിയന്‍ കയറിവന്നത്. വന്നപാടെ അയാള്‍
ചെയ്തതെന്തെന്നോ, ദേ ഈ പടത്തിനു മുന്നില്‍ നിന്ന് കുരിശുവരച്ചു.’
സിദ്ദിഖും ലാലും അയാള്‍ ചൂണ്ടിക്കാട്ടിയ പടത്തിലേക്കുനോക്കി.
മഹാകവി രവീന്ദ്രനാഥ ടാഗോറിന്റെ ഒരു മുഴുനീള ചിത്രം! ടാഗോറിനെ യേശുക്രിസ്തുവായി ഹനീഫ തെറ്റിദ്ധരിച്ചതാണെന്ന് സിദ്ദിഖിനും ലാലിനും
മനസ്സിലായി.
അവര്‍ക്കെന്തെങ്കിലും പറയാന്‍ കഴിയുന്നതിനു മുന്‍പ് വീട്ടുടമസ്ഥന്‍ അറുത്തുമുറിച്ചു പറഞ്ഞു:
‘ഇത്രയും കടുത്ത മതനിന്ദ കാണിച്ച നിങ്ങള്‍ക്ക് വീടുതരുന്ന പ്രശ്‌നമേയില്ല. നിങ്ങള്‍ക്ക് പോകാം…’

മതേതരത്വം
സിനിമയുണ്ടാക്കുന്നതിനേക്കാള്‍ പാടാണ് അതിനു നല്ലൊരു പേരിടാന്‍. പേര് നന്നായതുകൊണ്ടു മാത്രം പടം ഓടില്ലെങ്കിലും പേരു മോശമായതുകൊണ്ട് ശ്രദ്ധിക്കാതെപോയ സിനിമകള്‍ നിരവധിയാണ്. ഓരോ സിനിമയുടെയും ഉള്ളടക്കത്തെ സൂചിപ്പിക്കുന്നതും കൗതുകകരവും അര്‍ഥവത്തുമായിരിക്കണം പേരുകള്‍. ഇങ്ങനെയൊരു പേരു കണ്ടെത്താന്‍ രാവും പകലും കുത്തിയിരുന്നു തലപുണ്ണാക്കി ആലോചിക്കുന്നതും സുഹൃത്തുക്കളോടും മറ്റും ചര്‍ച്ച ചെയ്യുന്നതും സിനിമാരംഗത്തെ പതിവു കാഴ്ചകളാണ്.
യശഃശരീരനായ സംവിധായകന്‍ പവിത്രന്റെ ശ്രദ്ധേയമായ സിനിമയായിരുന്നു ഉപ്പ്. ഈ പേര് തീരുമാനിക്കുന്നതിനു മുന്‍പ് ഒരുദിവസം പേരിനെച്ചൊല്ലി ചര്‍ച്ച നടക്കുകയാണ്.
പ്രശസ്ത സംവിധായകന്‍ രവീന്ദ്രന്‍, നിര്‍മാതാവായ റഹീം വക്കീല്‍, നടനും പിന്നെ എം.എല്‍.എ.യുമായ പി.ടി. കുഞ്ഞുമുഹമ്മദ് തുടങ്ങിയവരെല്ലാം പവിത്രനോടൊപ്പമുണ്ട്. എങ്ങനെയുള്ള പേരായിരിക്കണം എന്നതിനെക്കുറിച്ച് എല്ലാവര്‍ക്കും വ്യക്തമായ കാഴ്ചപ്പാടും ധാരണയുമുണ്ട്.
കഥ മുസ്‌ലിംപശ്ചാത്തലത്തിലുള്ളതായതിനാല്‍ മുസ്‌ലിംസ്പര്‍ശമുള്ള പേരായിരിക്കണം. എങ്കിലും നേരിട്ട് മതവുമായി ബന്ധപ്പെട്ടതാവരുത്. എല്ലാ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും ഇഷ്ടപ്പെടുന്നതായിരിക്കുകയും വേണം.
ഇക്കാര്യത്തിലൊന്നും ആര്‍ക്കും തര്‍ക്കമില്ല. പക്ഷേ, എല്ലാവര്‍ക്കും തൃപ്തികരമായ പേരുമാത്രം കിട്ടുന്നില്ല. ഒരാള്‍ പറഞ്ഞാല്‍ മറ്റൊരാള്‍ ഉടക്കും. ഇതിങ്ങനെ നീണ്ടുപോയപ്പോള്‍ പവിത്രന്‍ പ്രഖ്യാപിച്ചു:
‘എങ്കില്‍ ഞാനൊരു പേരു പറയാം. മുസ്‌ലിം ഗന്ധമുണ്ട്. മതേതരവുമാണ്. എല്ലാവര്‍ക്കും ഇഷ്ടപ്പെടുകയും ചെയ്യും.’
മറ്റുള്ളവര്‍ അക്ഷമരായി. നീട്ടിവളര്‍ത്തിയ താടി തടവി, ഗൗരവം ഒട്ടും വിടാതെ വിദൂരതയില്‍ കണ്ണുംനട്ട് പവിത്രന്‍ പ്രഖ്യാപിച്ചു:
‘ബിരിയാണി.’
(ജോക്‌സ് ഓണ്‍ കണ്‍ട്രി എന്ന പുസ്തകത്തില്‍ നിന്ന്)

You must be logged in to post a comment Login