വി കെ എൻ ഫലിതങ്ങൾ..

വി.കെ. എന്നിനെ നന്നായി ചിരിപ്പിച്ച ഫലിതം ആരുടേതായിരുന്നു, എന്തിനായിരുന്നു എന്ന് ഒരിക്കൽ ആരോ വി.കെ.എന്നിനോട് തന്നെ ചോദിച്ചു. അപ്പോൾ കേട്ടത്:

ഒരുദിവസം അടുത്തുള്ള കടക്കാരാൻ പയ്യൻ വന്നു ചോദിച്ചു: സാറേ, പത്തിരുപത് വർഷം കഴിഞ്ഞാൽ പത്രങ്ങളുടെയും പുസ്തകങ്ങളുടെയും ഭാവി എന്തായിരിക്കും?

പയ്യൻസ് ഇത്രയും ഗഹനമായ കാര്യങ്ങളെക്കുറിച്ച് ആലോചിക്കുന്നതിൽ സന്തോഷിച്ച് വി.കെ.എൻ. വിശദമായി മറുപടി പറഞ്ഞു.

സാങ്കേതിക വിദ്യ ഈ നിലയിൽ വികസിച്ചാൽ പത്തിരുപത് വർഷം കഴിയുമ്പോൾ പത്രമാസികകളും പുസ്തകങ്ങളും ഇന്നത്തെ രൂപത്തിൽ ഉണ്ടാവാനിടയില്ല.

ഉത്തരത്തിന്റെ ഗൗരവം ഉൾകൊണ്ട് നടന്നുപോയ പയ്യൻ അല്പം കഴിഞ്ഞ് തിരിച്ചുവന്ന് ചോദിച്ചു:

– സാറേ, അപ്പോൾ നമ്മൾ ഈ സാധനങ്ങളൊക്കെ എങ്ങനെയാ പൊതിഞ്ഞു കൊടുക്കുക?

അതു കേട്ടപ്പോൾ വി.കെ.എൻ. ചിരിച്ചു മണ്ണുകപ്പി
പിന്നെ ആ മണ്ണ്‍ തുപ്പിക്കളഞ്ഞു വീണ്ടും ചിരിച്ചു!

***********

ശിവഗിരിയിൽ നിന്ന് മടങ്ങുമ്പോൾ സംസ്കൃത പണ്ഡിതൻ എം.എച്ച്. ശാസ്ത്രികളുടെ പെട്ടി ബസിൽ വെച്ച് നഷ്ടപ്പെട്ടു. അതറിഞ്ഞപ്പോൾ ആ തത്വജ്ഞാനി പറഞ്ഞു:

– ഒരുതരത്തിൽ അത് നന്നായി. ഇനി അത് നഷ്ടപ്പെടില്ലല്ലോ! 🙂

*********

പത്രങ്ങളിൽ മനസ്സ് എന്നതിന് പകരം മനസ്‌ എന്ന് അച്ചടിച്ചു വന്നുതുടങ്ങിയ നാളുകളിൽ വിഷ്ണു നാരായണൻ നമ്പൂതിരി അയ്യപ്പപ്പണിക്കരോട് ചോദിച്ചു:
– ഇപ്പോൾ മനസ് എന്നൊക്കെ കാണുന്നല്ലോ പണിക്കരെ?
– അർധമനസ്കൻമാർക്ക് അതുമതി.

***********

ഒരിക്കൽ ജോസഫ് മുണ്ടശ്ശേരിയും തിരുനല്ലൂർ കരുണാകരനും ശൂരനാട് കുഞ്ഞൻപിള്ളയും ഒരു വേദി പങ്കിടുകയാണ്. പ്രസംഗത്തിനിടയിൽ ശൂരനാട്, തലമുടി മുഴുവൻ നരച്ച തിരുനല്ലൂരിനെ ചൂണ്ടി വിജ്ഞാനത്തിന്റെ വെള്ളിക്കിരീടമാണ് തിരുനെല്ലൂർ എന്നുപറഞ്ഞു. അതുകേട്ട് സദസ്സ് മുഴുവൻ ചിരിക്കാൻ തുടങ്ങി. തുടർന്ന് പ്രസംഗിച്ച തിരുനല്ലൂർ ഇങ്ങനെ പറഞ്ഞു:

– ശൂരനാട് കുഞ്ഞൻപിള്ള ശൂരനായ ഒരാടാണ്. അതുകൊണ്ടാണ് അദ്ദേഹം പേരിനൊപ്പം മേ…മേ..മേ… എന്ന് ചേർത്തിരിക്കുന്നത്. അപ്പറഞ്ഞതിന്റെ കാരണമറിയുന്നവർ അപ്പോൾ തന്നെ പൊട്ടിച്ചിരിച്ചു. ശൂരനാട് കുഞ്ഞൻപിള്ളയ്ക്ക് മൂന്ന് ‘എം.എ.’ ബിരുദങ്ങൾ ഉള്ളതോർത്ത്. 🙂

************

മാണി മാധവ ചാക്യാർ ഒരു തുള്ളൽ കലാകാരന് 1000 രൂപയുടെ ഉപഹാരം നൽകുമ്പോൾ പി.ടി. ഉഷയ്ക്ക് മുഖ്യമന്ത്രി ഒരു ലക്ഷം രൂപ സമ്മാനിച്ചതിന്റെ ഓർമയുണ്ടായിരുന്നു. ഉപഹാരം നല്കിക്കൊണ്ട് ചാക്യാർ പറഞ്ഞു:

– ഒരു തെറ്റുചെയ്തു. ഓട്ടത്തിന്റെ കൂടെ തുള്ളലും ചേർത്തു. വെറും ഓട്ടമായിരുന്നെങ്കിൽ തുക ആയിരത്തിനു പകരം ലക്ഷം ആകുമായിരുന്നു.! 🙂

************

അഴീക്കോടിന്റെ പ്രസംഗത്തെപ്പറ്റി സാഗരഗർജനം എന്ന് ബഷീർ പറഞ്ഞു. അപ്പോൾ ഒരാൾ ചോദിച്ചു:

– സാഗരഗർജനം എന്നു പറഞ്ഞാൽ?

– സാഗരഗർജനം തന്നെ. മനസ്സിലായില്ലേ?

അയാൾ നിന്ന് പരുങ്ങുന്നത് കണ്ടപ്പോൾ ബഷീർ ചോദിച്ചു:

– താൻ സാഗരഗർജനം കേട്ടിട്ടുണ്ടോ?

– ഉണ്ട്

– വല്ലതും മനസ്സിലായിട്ടുണ്ടോ?

– ഇല്ല

– അതു തന്നെയാ ഞാൻ ഉദ്ദേശിച്ചതും…

************

മഹാകവി ഉള്ളൂരിന്റെ പ്രതിമ അനാവരണം ചെയ്യുമ്പോൾ പ്രതിമയുടെ വലിപ്പം കണ്ട ഒരു നേതാവ് അടുത്തിരുന്ന അഴീക്കോടിനോട് പറഞ്ഞു:

– ഇത്രയും വലിയൊരു കവിയാണെന്ന് ഞാനറിഞ്ഞില്ല.

നല്ല ആളോടാണ് പറഞ്ഞത്….. അഴീക്കോട്‌ അത് നൂറു പ്രസംഗങ്ങളിൽ പറഞ്ഞു.

*************

ഒരു സ്വകാര്യ സദസ്സിൽ വെച്ച് ഹാസസാഹിത്യകാരനായ സുകുമാറിനെ കണ്ടപ്പോൾ സുകുമാർ അഴീക്കോട്‌ പറഞ്ഞു:

– ഇപ്പോൾ ചിലരൊക്കെ എന്റെ പേരു വച്ച് ഷൈൻ ചെയ്യാൻ തുടങ്ങിയിട്ടുണ്ട്.

സുകുമാറും വിട്ടില്ല

– ഞാൻ അത് അങ്ങോട്ട്‌ പറയാൻ തുടങ്ങുകയായിരുന്നു.

You must be logged in to post a comment Login