വാർ & ലവ് – സിനിമ നിരൂപണം by പാലാരിവട്ടം ശശി

ഫേസ് ബുക്കിൽ കണ്ട മനോഹരമായ ഒരു സിനിമ നിരൂപണം … തലയറഞ്ഞു ചിരിക്കുവാൻ പറ്റുന്ന ഒരു കിടിലൻ സാധനം …

വാർ & ലവ് – സിനിമ നിരൂപണം by പാലാരിവട്ടം ശശി
https://www.facebook.com/profile.php?id=100006475352006&fref=nf

എത്ര നിരൂപിച്ചാലും അവസാനിക്കാത്ത ഒരു ഗാലക്സി ആണ് വാർ & ലവ് എന്ന ചിത്രം . മലയാള സിനിമയെ സാങ്കേതിക തികവ് കൊണ്ട് ലോകോത്തര നിലവാരത്തിന്റ്റെ ഉത്തരത്തിൽ കെട്ടി തൂക്കുന്ന വിനയൻ സാാാർ ആണ് ഇതിന്റ്റെ ശിൽപ്പി . ഈ ചിത്രത്തിന്റ്റെ തിരഞ്ഞെടുത്ത ക്ലാസ്സിക് രംഗങ്ങൾ മാത്രം ഞാനൊന്നു നിരൂപിക്കാൻ ശ്രമിക്കാം .
ആദ്യം നമ്മുടെ തമിഴ് നടൻ പ്രഭുവിന്റ്റെ നേതൃത്വത്തിൽ ഒരു കേരള ആർമി (എല്ലാ പട്ടാളക്കാരും മലയാളികൾ) ഒരു ഗ്രാമത്തിൽ നിന്നും പാക്‌ സൈനികരെ തുരത്താൻ പോകുന്നു .ഈ നോർത്ത് ഇന്ത്യൻ ഗ്രാമങ്ങളുടെ ഒരു പ്രത്യേകത എന്തെന്ന് വച്ചാൽ വീടുകൾ നിർമ്മിച്ചിരിക്കുന്നത് പല കളറുകൾ കുത്തി വരച്ച കാർഡ്ബോർഡ് കഷണങ്ങൾ ഉപയോഗിച്ചാണ്‌ . ശക്തമായ മേൽക്കൂര വൈക്കോൽ ഉപയോഗിച്ചും നിർമ്മിച്ചിരിക്കുന്നു . വീടുകളുടെ മുൻപിൽ ഉന്തുവണ്ടികൾ രണ്ടെണ്ണം , നാല് വീപ്പകൾ എന്നിവ നിർബന്ധം .
ഈ ഗ്രാമത്തിൽ പതുങ്ങിയിരിക്കുന്ന പാക്‌ പട്ടാളവുമായി പൊരിഞ്ഞ പോരാട്ടം നടത്തുന്ന കേരള പട്ടാളം അവരെ തകർക്കുന്നു . ഒന്നര ഇഞ്ചു കനമുള്ള പച്ച PVC പൈപ്പ് ഉപയോഗിച്ച് നമ്മുടെ തിലീപേട്ടൻ ചട പട വെടി വയ്ക്കുന്നു . ഒരു വലിയ പൈപ്പിൽ നിന്നും കതിന കത്തിച്ചു വിട്ട് ഒരു കെട്ടിടം തകർക്കുന്നുമുണ്ട് . പാക്‌ പട്ടാളക്കാർ പലരും പലവർണ്ണങ്ങളിൽ തൈപ്പിച്ച ജുബ്ബ ആണ് ഇട്ടിരിക്കുന്നത് ,വെടി കൊള്ളുമ്പോൾ അവർ രണ്ടു കൈയും വിടർത്തി ഒരേ താളത്തിൽ നെഞ്ചിളക്കി ഒരു കുഞ്ഞു നൃത്തം ചെയ്യുന്നുണ്ട് . ഹാ അത് പിന്നങ്ങനാണെല്ലോ ..ഇടയ്ക്ക് കേരള ആർമിയിൽ ആകെ നല്ല ഫിറ്റ്‌ ബോഡി ഉള്ള മച്ചാൻ വർഗ്ഗീസ് വെടി കൊണ്ട് മരിക്കുന്നു .എങ്കിലും കേരള ആർമി യുദ്ധം ജയിക്കുന്നു .
ഇവരെ പിന്നെ പാക്‌ പട്ടാളം ചതിയിൽ പിടികൂടുന്നു .വിജയരാഘവൻ മാത്രം പിടികൊടുക്കാതെ മറ്റൊരു പട്ടാളക്കാരനൊപ്പം രക്ഷപെടുന്നു . ആ പട്ടാളക്കാരൻ മരിക്കുന്നതിനു മുൻപ് ദാഹ ജലം ചോദിക്കുമ്പോൾ വിജയേട്ടൻ സ്വന്തം കൈ മുറിച്ചു ചോര കുടിക്കാൻ കൊടുത്ത് ആത്മാർത്ഥ സ്നേഹത്തിന്റ്റെ ആ ഒരു ഉന്മാദാവസ്ഥയിൽ പ്രേക്ഷകനെ എത്തിച്ച് തിയറ്ററിൽ കൂർക്കം വലികൾ സ്രിഷ്ട്ടിക്കുന്നു. വിജയേട്ടന്റ്റെ ചോര നാവിലേക്ക് വീഴുന്ന മാത്രയിൽ ഏതൊക്കെയോ മാരക രോഗം പിടിപെട്ട് പട്ടാളക്കാരൻ ഇഹലോകവാസം വെടിയുന്നു .അടുത്ത സീനിൽ പാക്‌ പട്ടാളതിന്റ്റെ ഇളം പച്ചയിൽ അത്തപൂക്കളം ഡിസൈൻ ഉള്ള ജീപ്പ് കണ്ട് വിജയേട്ടൻ ഒരു കുഴിയിലേക്ക് ചാടുന്നു . ഇതേ ജീപ്പ് പിന്നെ ടാങ്ക് ആയും രൂപാന്തരം പ്രാപിക്കുന്നുണ്ട് ..ബാറ്റ്മാനിലെ പോലെ , നോലനൊക്കെ വിനയന്റ്റെ മുൻപിൽ യെന്ത് ?
പിടിയിലായ തിലീപേട്ടനും ടീമും ജുബ്ബാ വേഷധാരികളായ പാക്‌ പട്ടാളക്കാരുടെ പീഡനം ഏറ്റു വാങ്ങുന്നു . സിദ്ധിക്ക് ഇക്കയുടെ കണ്ണ് പാക്‌ ജനറൽ ചൂഴ്ന്നെടുക്കുന്നു .കണ്ണ് പുറത്തു വരുമ്പോൾ ഒരു ബട്ടൻസിന്റ്റെ സൈസ് .. ഈ ചെറിയ കണ്ണും വച്ച് ഇങ്ങേർ എങ്ങനെ ഇത്രയും നാൾ പത്രം വായിച്ചു എന്ന് ചുറ്റും നിൽക്കുന്നവർ ഓർക്കുമ്പോൾ വില്ലൻ പുള്ളിയെ തട്ടി കളയുന്നു .
പാകിസ്ഥാൻ പട്ടാള ജനറലിന്റ്റെ മകളുമായി (ലൈല) തിലീപേട്ടൻ പ്രേമത്തിലാകുന്നു . ലൈല മലയാളം പറഞ്ഞു തിലീപേട്ടനെ ഞെട്ടിക്കുന്നു . പട്ടാള ജെനറലും മലയാളി ആണത്രേ ! ഇടയ്ക്കിടയ്ക്ക് അദ്ദേഹത്തിന്റ്റെ ബാത്‌റൂമിൽ നിന്നും കുമാരനാശാന്റ്റെ കവിതകൾ ഉയരുന്നത് ലൈല കേട്ടിട്ടുണ്ട് പോലും . ഇവരുടെ കൂട്ടത്തിൽ നിന്നും ഓരോരുത്തരെയായി പാക്‌ പട്ടാളം പീഡിപ്പിച്ചു കൊല്ലുന്നു ..അതിൽ ഒരു പട്ടാളക്കാരനെ അവതരിപ്പിക്കുന്ന സാദിക്കിനോട് ഒരു പേപർ മാപ് കാണിച്ചിട്ട് ഏതോ സ്ഥലം കാണിച്ചു കൊടുക്കാൻ പാക്‌ ജെനറൽ ആവശ്യപെടുന്നു . സാദിക്ക് അത് തട്ടിപറിച്ച് വിഴുങ്ങുന്നു . ഒരു ഫോട്ടോസ്റ്റാറ്റ് പോലും എടുത്തു വയ്ക്കാതെ ശത്രുവിന്റ്റെ കൈയ്യിൽ ഒർജിനൽ മാപ്പ് കൊണ്ട് കൊടുത്ത ജെനെറൽ ഇളിഭ്യനായ ദേഷ്യത്തിൽ സാദിക്കിനെ ഉണക്ക മുന്തിരിങ്ങ കൊടുത്ത് സോറി , ഏതോ മാരക കറുത്ത ഗുളിക കൊടുത്ത് കൊല്ലുന്നു .
ഇടയ്ക്ക് വച്ച് തിലീപേട്ടൻ ഒരു തീവ്രവാദിയെ കണ്ട് ഞെട്ടുന്നു . അത് മറ്റാരുമല്ല മരിച്ചെന്നു കരുതിയ വിജയരാഘവൻ . അങ്ങേർ മാസങ്ങളായി തീവ്രവാദ ജോലി ചെയ്യുകയാണത്രേ . ശമ്പളം കൂടുതൽ ചോദിച്ചത് കൊണ്ട് പാകിസ്ഥാൻ പട്ടാളതിന്റ്റെ ഈ ക്യാമ്പിലേക്ക് ഹെഡ് ഓഫീസിൽ നിന്നും പണിഷ്മെന്റ്റ്റ് ട്രാൻസ്ഫർ ലഭിച്ചു വന്നിരിക്കുകയാണ് പാവം . മാരക ചാര പണി !! ( ഈ സീൻ കണ്ട ഇസ്രേൽ അധികാരികൾ മൊസാദ്‌ മൊത്തം പിരിച്ചു വിട്ടു എന്ന് കേൾക്കുന്നു ) .
ഒടുവിൽ തിലീപേട്ടനും സംഘവും തടവ്‌ ചാടുന്നു , പൊരിഞ്ഞ യുദ്ധം നടക്കുന്നു .. വീണ്ടും pvc പൈപ്പുകൾ തീ തുപ്പുന്നു ..ജുബ്ബാ ധാരികളായ തലയിൽ കെട്ടുകാർ വീണ്ടും നെഞ്ചിളക്കി നൃത്തം ചെയ്യുന്നു . അപ്പോൾ അതാ പാകിസ്ഥാൻ ജനറൽ ടൈം ബോംബ്‌ പോലെ ടൈം നൂക്ലിയർ വെപ്പണ്‍ ആക്ടിവെറ്റ് ചെയ്യുന്നു . ഭൂമിക്കടിയിലുള്ള ഒരു രഹസ്യ റൂമിലാണ് ടൈം നൂക്ലിയർ ബോംബ്‌ വച്ചിരിക്കുന്നത് . കൃത്യം പണ്ട്രണ്ടു മണിക്ക് അത് ഇന്ത്യയിലേക്ക് പോകുമത്രേ .. കാരണം ജെനറലിന് 11.30ന് ജയ്‌ ഹനുമാൻ സീരിയൽ കാണണം . അത് കഴിഞ്ഞേ മിസൈൽ വിടു . തിലീപേട്ടൻ മിസ്സൈൽ നിർവീര്യമാക്കാനുള്ള തീവ്ര ശ്രമത്തിൽ ഏർപെടുന്നു . അദ്ദേഹം ഒരു ഫ്ലോപ്പി ഇട്ട് കംബ്യുട്ടറിനെ കണ്‍ഫ്യൂഷൻ ആക്കുന്നു . എന്നിട്ട് കീബോർഡിൽ മാന്തുമ്പോൾ ഒരു കാർട്ടൂണ്‍ മിസ്സൈലിന്റ്റെ അടിയിൽ നിന്നും മുകളിൽ നിന്നുമൊക്കെ പുക പോകും . അങ്ങനെ മിസ്സൈൽ ടിഫ്യുസ് ചെയ്യുന്നു . അപ്പോൾ യുദ്ധ ഭൂമിയിൽ കലാഭവൻ മണിയുടെ പോരാട്ടം . വെടി കൊണ്ടിട്ടു പോലും അദ്ദേഹം രണ്ടു തീവ്രവാദികളെ പിടികൂടി കഴുത്തിൽ ഞെക്കുന്നു . പിങ്ക് നിറത്തിലുള്ള ചോര തുപ്പി ഭീകരർ മരിക്കുന്നു . എന്നിട്ടും മതിയാവാതെ മണി ചേട്ടൻ വലിയൊരു കുഴൽ എടുത്ത് ഒറ്റ വെടി . അപ്പോൾ ദേണ്ടെ അതിൽ നിന്നും ഒരു ജീപ്പ് പറന്നു പോയി കാർഡ് ബോർഡ് കെട്ടിടത്തിൽ ഇടിച്ചു പൊട്ടുന്നു . രാജ്യം തകരുന്നു ..
ഒടുവിൽ തന്റ്റെ അഛനെ തട്ടി കളഞ്ഞ , സ്വന്തം രാജ്യം കത്തിച്ച തിലീപെട്ടനൊപ്പം ലൈല എന്ന ആ നല്ലവളായ പെണ്‍കുട്ടി ഇറങ്ങി പോകുകയാണ് സുഹൃത്തുക്കളെ ..പോകുകയാണ് ..

You must be logged in to post a comment Login