ലോകകപ്പ് പരാജയം മണിച്ചിത്രത്താഴിന്റെ തിരക്കഥയിൽ. കഥ വൈറലാകുന്നു.

dhoni nagavalli

രാഹുൽ വൈദ്യൻ തകർത്തു .. പള്ളിക്കതോടുകാരൻ ഒരു കോളേജ് വിദ്യാർത്ഥിയാണ് രാഹുൽ വൈദ്യൻ എന്ന പേരില് ഫേസ്ബുക്കില്‍ പ്രചരിക്കുന്ന ഈ തകർപ്പൻ കഥ എഴുതിയത് ..

എന്തിനും ഏതിനും ‘സ്പൂഫു’ണ്ടാക്കാന്‍ ഫേസ്ബുക്കികള്‍ക്ക് ഒരു പ്രത്യേക കഴിവാണ്. രാഷ്ട്രീയവും സ്‌പോര്‍ട്‌സും സമകാലിക വിഷയങ്ങളുമെല്ലാം അവര്‍ സമര്‍ത്ഥമായി പരിഹസിക്കും. അത്തരമൊരു പരിഹാസമാണ് ഇപ്പോള്‍ ഫേസ്ബുക്കില്‍ പ്രചരിക്കുന്നത്. ട്വന്റി20 യിലെ ഇന്ത്യന്‍ തോല്‍വിയാണ് കഥാ പശ്ചാത്തലം. മണിച്ചിത്രത്താഴിലെ കഥയും കഥാപാത്രങ്ങളുമാണ് ഈ കഥയില്‍ ക്രിക്കറ്റ് താരങ്ങളിലൂടെ പുനരവതരിപ്പിക്കുന്നത്.

മണിച്ചിത്രത്താഴില്‍ ശോഭന അവതരിപ്പിച്ച ഗംഗയ്ക്കാണ് മാനസിക പ്രശ്‌നമുള്ളത് . ഇത് മോഹന്‍ലാലിന്റെ കഥാപാത്രമായ സണ്ണി, സുരേഷ്‌ഗോപിയുടെ കഥാപാത്രത്തോട് പറയുന്ന രംഗമാണ് ‘പരിഹാസ രൂപേണ’ മാറ്റിയിരിക്കുന്നത്. യുവാരജിനെ ന്യായീകരിച്ചും ധോണിയെ പ്രതിക്കൂട്ടിലാക്കിയുമാണ് പുതിയ ‘പണി’ച്ചിത്രത്താഴിന്റെ കഥ. ഇനി കഥയിലേക്ക്…

ഇന്ത്യയുടെ 20 ട്വന്റി ലോകകപ്പ് ഫൈനലിലെ പരാജയം യുവരാജ് സിംഗിന് കൈപ്പേറുന്ന ഓർമ്മയാണ്. യുവരാജിനോടുള്ള പ്രതിഷേധം അദ്ദേഹത്തിന്റെ വീടിനുനേരെ കല്ലെറിയുന്നതിലേക്ക് വരെ വളർന്നു. സച്ചിൻ ഉൾപ്പെടെയുള്ളവർ ഇതിനെതിരെ രംഗത്ത് വരികയും ചെയ്തു. ഇതൊക്കെ ഗൗരവമുള്ള കാര്യങ്ങളാണെങ്കിലും ഈ സംഭവവികാസങ്ങളെ തമാശയായി കണ്ടാൽ എങ്ങനെയിരിക്കും. ലോകകപ്പ് പരാജയത്തെ സൂപ്പർഹിറ്റ് മലയാള ചലച്ചിത്രമായ മണിച്ചിത്രത്താഴിന്റെ തിരക്കഥയിൽ ചേർത്ത് അവതരിപ്പിക്കുകയാണ് ഇവിടെ. സോഷ്യൽ മീഡിയയിൽ വൈറലായ ഇക്കഥയുടെ രചയിതാവിനെ ന്യൂസ് മൊമന്റ്‌സ് കണ്ടെത്താൻ ശ്രമിച്ചെങ്കിലും ഇതുവരെയും കണ്ടെത്താനായിട്ടില്ല. ആരായാലും അദ്ദേഹം പ്രശംസയർഹിക്കുന്നു. മണിച്ചിത്രത്താഴ് കണ്ടിട്ടുള്ളവർക്കെല്ലാം ഇതിന്റെ വായന രസകരമായിരിക്കും. ക്രിക്കറ്റിനേക്കുറിച്ച് അധികമറിയാത്തവർ പോലും ഈ കഥ വായിച്ച് പൊട്ടിച്ചിരിക്കും. മണിച്ചിത്രത്താഴിൽ ശോഭന അവതരിപ്പിച്ച ഗംഗയ്ക്കാണ് മാനസിക പ്രശ്‌നമുള്ളത് . ഇത് മോഹൻലാലിന്റെ കഥാപാത്രമായ സണ്ണി, സുരേഷ്‌ഗോപിയുടെ കഥാപാത്രത്തോട് പറയുന്ന രംഗമാണ് സറ്റയർ സാഹിത്യത്തിന് ഉപയോഗിച്ചിരിക്കുന്നത്. അതുവരെ രോഗിയായി എല്ലാവരും കണ്ടിരുന്നത് ശ്രീദേവിയെയാണ്‌ ആയിരുന്നു. ഇവിടെ യുവരാജല്ല തോൽവിയുടെ യഥാർത്ഥ ഉത്തരവാദിയെന്ന് വിരാട് കോഹ്ലി തിരിച്ചറിയുകയാണ്. അത് അശ്വിനോട് പറയുന്നതാണ് രംഗം. തുടർന്ന് വായിക്കുക

സീൻ 1
ഐ.പി.എൽ ചെയർമാൻ സുനിൽ ഗാവസ്‌കറുടെ ഓഫിസിലേയ്ക്ക് സച്ചിൻ കയറിവരുന്നു.
സച്ചിൻ: ഐ.പി.എൽ ഒരുക്കങ്ങളൊക്കെ എവിടെവരെയായി?
സുനിൽ:ഒന്നിനും ഒരു മുടക്കവും വരുത്തിയിട്ടില്ല
സച്ചിൻ: ഞാൻ തന്ന ചാർട്ടിലെ പരിശീലന ക്രിയകളൊക്കെ?
സുനിൽ: അതും നടക്കുന്നുണ്ട്…
സച്ചിൻ: ഹൊ….ഭാഗ്യായി….. മ്മടെ യുവരാജ് സിങ്ങിന്റെ കാര്യം ഞാൻ വിശദായിട്ട് ഒന്ന് നോക്കുകയുണ്ടായി.. സിങ്ങിനിപ്പൊ ദശാസന്ധിയാ… ലേശം മനപ്രയാസോക്കെ ഉണ്ടാകും. പക്ഷേ ടീമിന്റെ കാര്യം നോക്കിയപ്പൊ ലേശം ഒന്ന് അന്ധാളിച്ചു. ഇവിടെ പോലീസ് അറസ്റ്റ് വരെ ഉണ്ടാവാം… അദ്ഭുതം അവിടെയല്ല. അത് സംഭവിച്ച് കഴിഞ്ഞിരിക്കണൂ.. അല്ല, സണ്ണി പരിഭ്രമിക്കണ്ട. ചെലപ്പൊ ദൈവാധീനം കൊണ്ട് ഒക്കെ തേഞ്ഞുമാഞ്ഞുപോകാനും മതി.
(അങ്ങോട്ട് വന്ന കോഹ്ലിയെ കണ്ട്) എവിടെയോ കണ്ട് മറന്നപോലെയുണ്ടല്ലോ.. എവിടെയാന്ന് അങ്ങട് പിടികിട്ടണില്ല.
കോഹ്ലി: പാജി മറന്നു…. നമ്മൾ അന്ന് വേൾഡ് കപ്പ് ടീമിൽ….
സച്ചിൻ: ‘കോഹ്ലി… അമ്പട കേമാ കോഹ്ലിക്കുട്ടാ… നിയെന്നെ പൊട്ടിക്കും ട്ടോ… ഹൈ എന്താ കഥ. നിന്നെ ഞാൻ മറക്കേ? ഇവിടെവെച്ച് കാണൂന്ന് സ്വപ്‌നേപി നിരീച്ചില്ല. ആശ്ചര്യോന്ന് പറഞ്ഞാ മതി. ഇവൻ ടീമിലുള്ളപ്പൊ ഇൻഡ്യൻ ടീം തോറ്റൂന്നും പറഞ്ഞ് എന്നെ വന്ന് കാണണമായിരുന്നോ? ആളെ വേണ്ടത്ര പരിചയമില്ലാന്ന് തോന്നണു… ലോകപ്രസിദ്ധനാ… അറിയുമോ, 2013 ഓസീസ് ടൂറിൽ ലോകപ്രസിദ്ധമായ മൂന്ന് ഇന്നിങ്ങ്‌സുകളിൽ രണ്ടെണ്ണം ഇവന്റെയാ… ഈ നിക്കുന്ന രാവണന്റെ.
കോഹ്ലി: പാജീ… എനിക്ക് പാജിയോട് സ്വകാര്യായിട്ട് അല്പം സംസാരിക്കാനുണ്ട്..
സച്ചിൻ: ആയിക്കോട്ടെ… എല്ലാം അറീഞ്ഞിട്ടുതന്നെ കാര്യം.

സീൻ 2
സച്ചിൻ : കോഴക്കളിയുടെ പല അവസ്ഥാന്തരങ്ങളും കേട്ടിട്ടുണ്ട്. പക്ഷേ ഇത്ര ഭയാനകമായ വേർഷൻ… ഇതാദ്യമാ. അപ്പൊ ഇയാളിപ്പഴും ഈ ടീമിന്റെ ക്യാപ്റ്റനായിട്ട് കഴിയുന്നു…
കോഹ്ലി : അതെ.
സച്ചിൻ : കോഹ്ലീ… താനെന്താ ഉദ്ദേശിക്കുന്നെ? ഇത്ര അടുത്ത കൂട്ടുകാരനായ സ്ഥിതിക്ക് തനിക്ക് അയാളോട് പറഞ്ഞൂടേ രാജിവെച്ച് ഇറങ്ങിപ്പോകാൻ? ടീമെങ്കിലും രക്ഷപ്പെടട്ടെ…
കോഹ്ലി : ഇല്ല. എനിക്കിനിയും മണിക്കൂറുകൾ ബാക്കിയുണ്ട്…
സച്ചിൻ: അനുഭവജ്ഞാനം കൊണ്ടും പിന്നെ തന്നോടുള്ള വാൽസല്യം കൊണ്ടും പറയുകയാണ്. ഇറ്റ് ഈസ് ഇൻക്യൂറബിൾ……
കോഹ്ലി : ‘ക്രിക്കറ്റ് പിച്ചിനെ പാജിയോളം അടുത്തറിയുന്നവരിലാണു ഞാൻ എന്റെ ഗുരുക്കന്മാരെ കാണുന്നത്. പക്ഷേ എനിക്ക് അവരെയൊക്കെ നിഷേധിച്ചേ പറ്റൂ. ഞാൻ പഠിച്ചതൊക്കെ മറന്നേ പറ്റൂ. മറ്റൊരു ക്രിക്കറ്റ് പ്ലേയറും സഞ്ചരിക്കാത്ത വഴികളിലൂടെയൊക്കെ ഞാൻ അലഞ്ഞെന്നുവരും . ഒരു ഭ്രാന്തനെപ്പോലെ. ധോണിക്കുവേണ്ടി… നമ്മുടെ ഇൻഡ്യൻ ടീമിനു വേണ്ടി… ഐ ആം ഗോയിംഗ് റ്റു ബ്രേക്ക് ഓൾ ദ കൺവെൻഷണൽ കോൺസെപ്റ്റ്‌സ് ഓഫ് ക്രിക്കറ്റുകളി.
സച്ചിൻ : കൊള്ളാം മോനേ… ഞാൻ നിന്നെ നിരുത്സാഹപ്പെടുത്തുന്നില്ല. എനിക്ക് പരിപൂർണ്ണ വിശ്വാസമായി. ബട്ട്… എങ്ങനെ?
കോഹ്ലി : ധോണിയെ തിരിച്ചുകൊണ്ടുവരാൻ പല മാർഗ്ഗങ്ങളുണ്ട്. പക്ഷേ അതൊക്കെ ചെന്നെത്തുന്നത് ഒരിടത്തുതന്നെയാണ്. തിഹാർ ജയിലിൽ. അതിനു ഞാൻ വേണമെന്നില്ല. ബാല്യത്തിൽ കോഴക്കഥകൾ കേട്ട്, കോഴക്കളിക്കാരെ കണ്ട് വളർന്നതാണ് ധോണി. അവിടെ വീണുപോയ കടും ചായങ്ങൾ ഒപ്പിയെടുക്കാൻ എനിക്ക് പാജിയുടെ സഹായം വേണം…
സച്ചിൻ : നീ ധൈര്യമായി മുന്നോട്ട് പൊയ്‌ക്കൊള്ളൂ. ഞാൻ കൂടെയുണ്ടാവും…
കോഹ്ലി : താനൊരു കോഴ ടീമിലാണെന്ന് ധോണി അറിയണം. സ്വന്തം ടീം മേറ്റിന്റെ വായിൽ നിന്നുതന്നെ ഞാനിപ്പൊ അത് അറിയിക്കാൻ പോവുകയാണ്. എനിക്കറിയാം, സച്ചിൻ പാജി ഞെട്ടി. അത് അറിയുന്ന നിമിഷം ധോണി അതിജിവിച്ചെന്നു വരില്ല. മരണം വരെ സംഭവിക്കാം… പക്ഷേ ആ നിമിഷം ധോണി തരണം ചെയ്താൽ പ്രതീക്ഷയുടെ ഒരു നേർത്ത വഴി എനിക്ക് തുറന്നു കിട്ടും.

സീൻ 3
കോഹ്ലി അശ്വിനോട്: ‘ഞാൻ കരുതിയിരുന്നതിലും വളരെ മുൻപുതന്നെ വേദനിപ്പിക്കുന്ന കുറേക്കാര്യങ്ങൾ നിങ്ങളിപ്പൊ അറിയാൻ പോവുകയാണ്. അങ്ങേയറ്റം ക്ഷമയോടെ നിങ്ങളത് കേൾക്കണം. ഇൻഡ്യക്ക് വേൾഡ് കപ്പ് നഷ്ടപ്പെടാൻ കാരണമായ, ഓവർസീസ് പര്യടനങ്ങളിൽ നാണം കെടുത്തിയ ഇൻഡ്യൻ ടീമിലെ ആ പ്ലേയർ… അത് നീ കരുതുന്നതുപോലെ യുവരാജല്ല..അത് ധോണിയാണ്.
ഞാൻ ടീമിൽ വന്ന അന്നുതന്നെ എനിക്ക് മനസിലായി, ഫോം ഔട്ടാണെന്നതൊഴിച്ചാൽ യുവരാജിന് മറ്റു പ്രശ്‌നങ്ങൾ ഒന്നുമില്ല. യുവരാജിൽ കുറ്റം ആരോപിക്കപ്പെടുമ്പോൾ യഥാർഥ പ്രതി അടങ്ങിയിരിക്കുകയാണ്. ആഹ്ലാദിക്കുകയാണ്. പക്ഷേ അത് ആരാണെന്നു മാത്രം പിടികിട്ടിയില്ല. ആ ഘട്ടത്തിലാണ് ഒരു ദിവസം ഇന്ത്യൻ ടീം സൗത്ത് ആഫ്രിക്കയിൽ എത്തിയത്. അവിടെവച്ച് ധോണിയിൽ നിന്ന് ഒരു പ്രത്യേകതരം സൈക്കിക് വൈബ്രേഷന്റെ അനുഭവം എനിക്കുണ്ടായിത്തുടങ്ങി. വേദനയോടെ ഞാൻ മനസിലാക്കി, ഞാൻ അന്വേഷിച്ചുനടക്കുന്ന ഇൻഡ്യൻ ടീമിലെ ആ പ്ലേയർ എന്റെ അടുത്തുനിൽക്കുന്ന ധോണിയാണെന്ന്.
ധോണിയിൽ എവിടെവച്ച് എന്തുകൊണ്ട് ഈ രോഗം ഉടലെടുത്തു? ഒരിക്കൽ ഐ.പി.എൽ. ഫൈനലിൽ തോല്പിച്ച മുംബൈയുടെ രോഹിതിന്റെ സാന്നിദ്ധ്യമാണോ അതിനു കാരണം? അതറിയാനാണ് രോഹിതിനെ ഓപ്പണർ ആക്കാൻ ഞാൻ ആവശ്യപ്പെട്ടത്. പക്ഷേ ധോണിക്ക് അതൊരു പ്രശ്‌നമേ അല്ലെന്ന് എനിക്ക് വളരെ വ്യക്തമായി. ഒരിക്കൽ ഏതോ ടോസിന്റെ കാര്യം പറഞ്ഞ് ഞാൻ ധോണിയെ പ്രകോപിപ്പിച്ചു. ധോണി പ്രതികരിച്ചു… അതിരൂക്ഷമായി. അസാധാരണമായി. അത്യപൂർവമായ ഒരു ക്യാപ്റ്റൻസിയുടെ അഗ്‌നികുണ്ഡങ്ങൾ ആ കണ്ണുകളിൽ പുകയുന്നത് വേദനയോടെ ഞാൻ തിരിച്ചറിഞ്ഞു. ആ നിമിഷങ്ങളിൽ ഒന്നിൽ ധോണി അസറുദ്ദീൻ ആയി മാറുകയായിരുന്നു.
ധോണിയുടെ പ്രശ്‌നവും അതാണ്, ചില നിമിഷങ്ങളിൽ ധോണി ബെറ്റിംഗ് ആരോപിക്കപ്പെട്ട ക്യാപ്റ്റനായ അസറുദ്ദീൻ ആയി മാറുന്നു. സൈക്യാട്രിയിൽ ഇതിനെ ദ്വന്ദ വ്യക്തിത്വം അല്ലെങ്കിൽ സ്പ്ലിറ്റ് പേഴ്‌സണാലിറ്റി എന്നു വിളിക്കും. ഈ രോഗബാധ ഉണ്ടാകുമ്പോൾ ധോണിക്ക് അമാനുഷികമായ കഴിവുകളാണ്. കളിക്കിടയിൽ അസർ ആയി മാറുന്ന ധോണിക്ക് ടോസ് ആർക്ക് കിട്ടുമെന്നറിയാം. ഓപ്പണേഴ്‌സ് എപ്പൊ ഔട്ട് ആകും? എത്ര ബോൾ ഫേസ് ചെയ്യും. ഇതൊക്കെയറിയാം. പാർട്ണർഷിപ്പിൽ നോൺ സ്‌ട്രൈക്കർ പോലും അറിയാതെ അയാളുടെ വിക്കറ്റ് കളയുന്നു. മര്യാദയ്ക്ക് ഒരു ബോൾ പോലും ഫേസ് ചെയ്യാൻ അറിയാത്ത ധോണി ക്ലാസിക് കവർ ഡ്രൈവ് കളിക്കുന്നു. സിക്‌സ് അടിക്കുന്നു. പക്ഷേ ഇതൊക്കെ താനാണു ചെയ്യുന്നതെന്ന സത്യം പാവം അറിയുന്നില്ല.
എന്തെങ്കിലും എനിക്ക് ചെയ്യണമെങ്കിൽ ധോണിയുടെ പാസ്റ്റ് അറിയണമായിരുന്നു. ഞാൻ മിശ്രയെയും കൊണ്ട് പുറപ്പെട്ടു ,റാഞ്ചിയിലേക്ക്. അവിടെ മുഹമ്മദ് അസറുദ്ദീന്റെ ഫാനായിരുന്ന, ജഡേജയെ ആരാധിച്ച ആ പഴയ ധോണിയെ ഞാൻ കണ്ടു. കോഴക്കേസ് പുറത്തുവന്ന ദിവസം ഇൻഡ്യൻ എക്‌സ്പ്രസ് പത്രം വലിച്ചുകീറിയെറിഞ്ഞ ധോണിയെ ആ പത്രക്കാരൻ ഇന്നും ഓർക്കുന്നു. അതായിരുന്നു ആദ്യ സൈക്കിക് ഡിസോർഡർ. പിന്നെ കുറേക്കാലം കുഴപ്പങ്ങളില്ലാതെ കഴിഞ്ഞു. എന്നാലും ആ രോഗ സാധ്യത, പോസിബിലിറ്റി ഓഫ് അനദർ സൈക്കിക് ഡീസോർഡർ അവിടെ ഉറങ്ങിക്കിടന്നു. പിന്നെയായിരുന്നു ശ്രീനിമാമയുമായുള്ള കൂടിക്കാഴ്ച.
ധോണി വന്നു, ചെന്നെയിലേക്ക്. പക്ഷേ ഇവിടെ അയാളെ എതിരേറ്റത് കോഴക്കാരുടെ ഒരു കൂട്ടമായിരുന്നു. കോഴ വാങ്ങിയ അസറിനോടുള്ള സിമ്പതി പിന്നെ ഒരു എമ്പതിയായി മാറി. താൻ അതുപോലെയാണ് എന്നൊരു തോന്നൽ… ധോണിയിലെ ഇന്ത്യൻ ക്യാപ്റ്റൻ ഉണർന്നെണീക്കുകയായിരുന്നു.
ഇപ്പോൾ നമ്മൾ രണ്ടുപേരുമല്ലാതെ ഈ കാര്യങ്ങളറിയാവുന്ന ഒരാൾ കൂടിയുണ്ട്. യുവരാജ് സിങ്ങ്. ഒരിക്കൽ എല്ലാവരുടേയും മുന്നിൽ വെച്ച് ക്യാപ്റ്റൻ പുറത്തെത്തുമെന്ന അവസ്ഥയിൽ എനിക്ക് യുവിയെ പുറത്താക്കേണ്ടി വന്നു. നിനക്കുവേണ്ടി, ടീമിന്റെ ധൈര്യത്തിനുവേണ്ടി ഒരായിരം വർഷം വേണേലും ഔട്ട് ഓഫ് ഫോമായിക്കൊള്ളാമെന്ന് അവൻ വാക്കു തന്നിരുന്നു.
കുറച്ചുനാൾകൂടി കഴിഞ്ഞാൽ ധോണിയിലെ ക്യാപ്റ്റൻ അവനെ പൂർണ്ണമായും കീഴടക്കും. അതനുവദിച്ചുകൂടാ… ചികിൽസിക്കണം. (രവീന്ദ്ര ജഡേജയോട്) നിങ്ങൾ ഇപ്പോൾ ടൂർ പോയ സൗത്ത് ആഫ്രിക്ക കോഴക്കഥയിലെ നായകൻ ഹാൻസി ക്രോണിയയുടെ നാടാണ്. ധോണിയിലെ ക്യാപ്റ്റൻ പുറത്തുവരുന്ന അവസരങ്ങളിൽ നിങ്ങൾ ഇവിടുത്തെ പഴങ്കഥയിലെ വൈസ് ക്യാപ്റ്റനായ അജയ് ജഡേജയായി മാറുന്നു. സീനിയേഴ്‌സ് ക്രൂരരായ അന്നത്തെ സെലക്ടർമാരും. അതെല്ലാം അയാൾ ഇവിടെനിന്ന് കണ്ടെടുത്ത ശക്തമായ ചില കോഡുകളാണ്. അതായത് ഇൻഡ്യൻ ടീമിൽ ഇപ്പോൾ സംഭവിക്കുന്നതും സംഭവിക്കാൻ ഇരിക്കുന്നതുമായ ഓരോ കാര്യങ്ങൾക്കും അർഥങ്ങളുണ്ട്. ആ കഥയിൽ ഇനി പുറത്തുവരാൻ രണ്ടേ രണ്ട് കാര്യങ്ങളേയുള്ളൂ. ധോണിയെ പൊലീസ് അറസ്റ്റ് ചെയ്യും. ക്യാപ്റ്റൻ സ്ഥാനം രാജി വയ്ക്കും…
ധോണി ഇപ്പോൾ ലാസ്റ്റ് ഓവറിൽ ബാറ്റ് ചെയ്യാൻ ഇവിടെ വരും. നീ ധോണിയോട് കളിക്കാൻ പോകണ്ട എന്ന് പറയണം
ജഡേജ : ഞാൻ ഇന്നുവരെ അരുത് എന്ന് പറഞ്ഞിട്ടില്ലെടാ..
കോഹ്ലി : ഇപ്പൊ പറയണം. ധോണിയിൽ അസാധാരണമായ എന്തെങ്കിലും ഭാവവ്യത്യാസം കണ്ടാൽ നീ പതറരുത്. സകല സ്‌നേഹവും എടുത്ത് അവനെ നീ തിരിച്ചുവിളിക്കണം.
സീൻ 4
ജഡേജ : ധോണി എവിടെപ്പോകുന്നു
ധോണി : ബാറ്റ് ചെയ്യാൻ.
ജഡേജ : ധോണി ഇപ്പൊ പോകണ്ട.
ധോണി: അതെന്താ ഞാൻ പോയാൽ?
ജഡേജ: ഇപ്പൊ പോകണ്ട
ധോണി: ഞാൻ പറഞ്ഞതാണല്ലോ ഇന്നിങ്ങ്‌സ് ഫിനിഷ് ചെയ്യാൻ ഞാനും പോകൂന്ന്..
ജഡേജ: പോകണ്ടാന്നല്ലേ പറഞ്ഞത്?
ധോണി: വിടമാട്ടേൻ? നീ എന്നെ ഫിനിഷ് പണ്ണ വിടമാട്ടേൻ? അയോഗ്യ നായേ ഉനക്ക് എപ്പടി ധൈര്യമിരുന്താ ഏൻ മുന്നാടി വന്ന് നിപ്പേ. ഇന്നേക്ക് മൂന്നാം നാൾ ഐ.പി.എൽ ഫൈനൽ. ഉന്നെ കൊന്ന് ഓൻ വിക്കറ്റെ തെറിപ്പിച്ച് ഓങ്കാരനടനമിടുവേൻ
ജഡേജ: ധോണീീീീ…
—————-

ജഡേജ: ധോണീീീീ…….

ധോണി : ഞാനെന്താ ജഡ്ഡൂ ഇപ്പൊ പറഞ്ഞെ..എനിക്കെന്താ പറ്റിയെ…

ജഡേജ: ഇല്ലടാ…നിനക്കൊന്നും പറ്റിയില്ല….

ധോണി: ഇല്ല….എനിക്കെന്തോ ഉണ്ട്…എന്നെ പൊലീസിനു കാണിച്ചുകൊടുക്കല്ലേ ജഡ്ഡൂ…. (കുഴഞ്ഞു വീഴുന്നു)

SCENE 6:

ജഡേജ : എടാ….കോഹ്ലീ..എന്തുചെയ്യാൻ പോകുവാടാ നീ എന്റെ ധോണിയെ? സമ്മതിക്കില്ലെടാ..അവനെ കണ്ട സീനിയർ പ്ലേയേഴ്സിനെയൊക്കെ ഏല്പിക്കാനാണോ നിന്റെ പുറപ്പാട്? സമ്മതിക്കില്ലെടാ ഒരിക്കലും ഞാനത് സമ്മതിക്കില്ല.

കോഹ്ലി : എടാ …ഞാൻ പറയുന്നത്….

ജഡേജ: വേണ്ടാ..നീയിനി ഒന്നും പറയണ്ട. ഞാനവനെ കൊണ്ടുപോകും.കെനിയേലോ ബംഗ്ലാദേശിലോ എവിടെയെങ്കിലും…നിന്റെ ഒരു ട്രീറ്റ്മെന്റും അവനിനി ആവശ്യമില്ല..

കോഹ്ലി : പൊയ്ക്കോ…നീ കൊണ്ടുപൊയ്ക്കോടാ. കെനിയേലോ ബംഗ്ലാദേശിലോ…. പക്ഷേ പോകുന്നതിനു മുൻപ് ഒന്നറിഞ്ഞോ..ലോകത്തുള്ള ഒരു കോച്ചിനും , ഒരു ഫ്ലാറ്റ് പിച്ചിനും നിന്റെ ധോണിയെ തിരിച്ചുകൊണ്ടുവരാൻ പറ്റില്ല. ഏത് വിദേശ കോച്ചിനും ചെയ്യാൻ പറ്റുന്നതൊക്കെ ഞാനും ചെയ്യാം. വേണമെങ്കിൽ ഒരു പുതിയ ഐ.പി.എൽ ടീം തന്നെ സൃഷ്ടിച്ച് അവനെ അതിന്റെ ക്യാപ്റ്റനാക്കാം..അത് മതിയോ? മതിയോടാ? പക്ഷേ അത് മലിംഗയെ പേടിച്ച് ഡഗ് ഔട്ടിൽ ഒളിച്ചിരിക്കുന്ന ഒരു കളിമൺ പ്രതിമമാത്രമായിരിക്കും…

എനിക്കും നിനക്കും പരിചയമുള്ള ആ ധോണിയെ…. മൂന്നാം നമ്പരിൽ വരെ ഇറങ്ങി സിക്സ് അടിച്ച് കളി ജയിപ്പിക്കുന്ന ആ പഴയ ധോണിയെ തിരിച്ചുതരണമെന്നാ ഞാൻ ആഗ്രഹിച്ചത്. അതിനു നീ ഈ ഐ.പി.എൽ കഴിയുന്നത് വരെ കൂടി സമയം തന്നേ പറ്റൂ..പ്ലീസ്…

ജഡേജ:എത്ര മാച്ചുകൾ വേണേലും എടുത്തോ കോഹ്ലീ….പക്ഷേ അവനെ തിരിച്ചു വേണം…തിരിച്ചു തരാന്ന് പറ കോഹ്ലീ…..തിരിച്ച് തരാന്ന് പറ.

കോഹ്ലി: ഒരു പരീക്ഷണം അവശേഷിക്കുന്നു….ഞാനതിനുപുറപ്പെടുകയാണ്…ധോണി ചിലപ്പൊ നിന്നെ സ്ലെഡ്ജ് ചെയ്തെന്നിരിക്കും…റൺഔട്ടാക്കിയെന്നിരിക്കും..ഒരോവറിലെ ആറുപന്തും ചിലപ്പോൾ സിക്സർ അടിച്ചെന്നിരിക്കും…..

ജഡേജ: അവനെന്നെ എന്തുവേണേലും ചെയ്തോട്ടെ കോഹ്ലീ….കൊല്ലുന്നെങ്കിൽ കൊല്ലട്ടെടാ…പക്ഷേ എനിക്കവനെ തിരിച്ച് വേണം…

കോഹ്ലി: വളരെ അപകടകരമായ ഒരു ഘട്ടത്തിൽ നിന്നാണ് എനിക്ക് തുടങ്ങാനുള്ളത്.ഇൻഡ്യയെ അവസാന കളിയിൽ തോല്പിച്ചെന്ന കുറ്റബോധവുമായി നടക്കുന്ന ധോണിയിലെ രോഗിയെ പുറത്തുകൊണ്ടുവരികയാണ് ആദ്യം ചെയ്യേണ്ടത്….
അന്ന് കളി തോല്പിച്ചതിന്റെ കുറ്റബോധവും സെലക്ടേഴ്സിനോടുള്ള പ്രതികാരവും തീർന്നാൽ പഴയ ധോണിയെ തിരികെക്കിട്ടും..

SCENE 7 : IPL FINAL

ഫൈനലിലെ ആദ്യ ഇന്നിങ്ങ്സിനു ശേഷമുള്ള ബ്രേക്ക്…..

കോഹ്ലി : (കളി നടക്കുന്ന പിച്ചിനെ ചൂണ്ടി) ആ കാണുന്ന പിച്ചിലേക്കാണ് അസറുദ്ദീനെ (ധോണി) ബാറ്റ് ചെയ്യാൻ കൊണ്ടുവന്ന് നിർത്തേണ്ടത്…അത് ജഡേജയെക്കൊണ്ടേ കഴിയൂ….

(song begins…. ഒരു മുറൈ… chase തുടങ്ങിക്കഴിഞ്ഞു. ഡ്രെസ്സിങ്ങ് റൂമിൽ Dhoni പാഡ് കെട്ടുന്നു….)

ഇവരാണ് ( Dravid,Ganguly & Laxman ) കോഴ വാങ്ങിയെന്നാരോപിച്ച് തന്നെ പുറത്താക്കിയ ക്രൂരരായ സെലക്ടേഴ്സായി അയാളുടെ അബോധമനസിൽ ഉള്ളത്….ഇന്ന് സഹായിക്കാൻ ഇവരുമുണ്ടാകും.

(In Background….tune….അംഗനമാർ മൗലീമണി )

” ഇൻഡ്യൻ ടീമിൻ മൗലീമണീ…..
ചെന്നൈ കിങ്ങ്സിൻ ക്യാപ്റ്റൻ നീയേ..”

(അവസാന ഓവർ ധോണി ബാറ്റ് ചെയ്യാനിറങ്ങുന്നു…ജഡേജ ധോണിയെ ബാറ്റിങ്ങ് ക്രീസിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നു)

“എം.എസ്.ധോണി മനോന്മണീ.
ശ്രീനിമാമൻ തേടുംബാലേ..”

(ധോണി ഗാർഡ് എടുക്കുന്നു..അവസാന ബോൾ ബൗൾ ചെയ്യുന്നത് ഗാംഗുലി. സ്ലിപ്പിൽ ദ്രാവിഡും ലക്ഷ്മണും…Sachin as Umpire)

“തമിഴകമാകെയും ലോകൈക ഫിനിഷർ നിൻ
ഫിനിഷിങ്ങു കണ്ടുനിൻ ഫാനുമായി..”

(ഗാംഗുലി എറിഞ്ഞ പന്ത് സിക്സ് അടിക്കാൻ ശ്രമിച്ചെങ്കിലും എഡ്ജ്…സ്ലിപ്പിൽ നിന്ന ദ്രാവിഡിന്റെ കയ്യിൽ..ധോണിയുടെ നിയന്ത്രണം വിടുന്നു. ബൗളറെ കൊല്ലാൻ ബാറ്റുമായി മുന്നോട്ട് കുതിക്കുന്നു)

സച്ചിൻ: ” ധോണീീ……ബാറ്റ് താഴെയിടെടാ…ബാറ്റ് താഴെയിടാൻ…സച്ചിനാടാ പറയുന്നത്.ബാറ്റ് താഴെയിടെടാ പൊന്നുമോനേ..”

(ഒരു നിമിഷം…ബാറ്റ് താഴെവീഴുന്നു.രോഹിത് ശർമ്മയും ഇഷാന്തും പിന്നിൽ നിന്ന് കയറിപ്പിടിക്കുന്നു)

ധോണി: ” വിട്….എന്നെ വിട്…അവനെ നാൻ ഫിനിഷ് പണ്ണണം….ദ്രോഹീ ”

കോഹ്ലി: (ആത്മഗതം:കുന്തം ഇയാളീ തമിഴൊക്കെ എവിടൂന്ന് പഠിച്ചു? ഹും..അഞ്ചാറുകൊല്ലം ചെന്നൈയിൽ അല്ലാരുന്നോ)…(സച്ചിനോട്)..സച്ചിൻ പാജീടെ സെക്കൻഡ് ലാങ്ങ്വേജ് എന്താ?

സച്ചിൻ : ” തമിഴ്…”

കോഹ്ലി : ” ഷിറ്റ്..ഹിന്ദിയാരുന്നേൽ ഒരു ഉഗ്രൻ വിറ്റുണ്ടായിരുന്നു ”

സച്ചിൻ (ധോണിയോട്) : ” ആരാണ്?….പറ…ആരാണു നീ ”

ധോണി : “നാൻ താൻ…അസറുദ്ദീൻ….”

സച്ചിൻ : ” നിൽക്ക്…….ആ ക്രീസിൽ നിൽക്കാൻ… നീ എന്തിനു വന്നു? ”

ധോണി : ” അടിക്കറതുക്ക്..”

സച്ചിൻ: “എന്ത്?….എന്തടിക്കാൻ? ”

ധോണി : ” സിക്സ്…..ഇന്നേക്ക് ഇൻഡ്യ – സൗത്ത് ആഫ്രിക്ക മാച്ച്….സിക്സ് അടിച്ച് നാൻ ഫിനിഷ് പണ്ണണം…”

സച്ചിൻ : ” സിക്സ് അടിക്കാൻ നിന്നെ ഞാൻ സഹായിക്കാം…. അവനിട്ട് സിക്സ് അടിച്ച് നിന്റെ പ്രതികാരം അടങ്ങിയാൽ ഈ ദേഹം വിട്ടു പോവ്വോ? ”

ധോണി : “ഉം..”

സച്ചിൻ : ” സത്യം? ”

ധോണി : “സത്തിയം…സത്തിയം….സത്തിയം…”

സച്ചിൻ : ” എങ്കിൽ ഇന്നാ….പോയി അടിക്ക് ” (ബാറ്റ് ഇട്ടുകൊടുക്കുന്നു…. അമ്പയറായി നിന്ന സച്ചിൻ Ball നോബോൾ വിളിക്കുന്നു.ഫ്രീഹിറ്റിൽ സിക്സ് അടിക്കുന്ന ധോണി ക്രീസിൽ ബോധമറ്റ് വീഴുന്നു..

SCENE 8: DRESSING ROOM

കോഹ്ലി : ” യൂ ആർ ധോണി…..നീ ധോണിയാണ്..മൂന്നു സെക്കൻഡിനകം നീ നിന്റെ ബോധമനസിലേക്ക് തിരിച്ചുവരുന്നു… റിലാക്സ്…റിലാക്സ്….ടെൽ മീ ഹു ആർ യു? ”

ധോണി: “ഐ..ആം ധോണി…..ഇൻഡ്യൻ ക്യാപ്റ്റൻ ”

കോഹ്ലി : “എങ്കിൽ നീയിപ്പോൾ ഉണരാൻ പോവുകയാണ്…വേക്ക് അപ്പ്…ഞങ്ങളാരൊക്കെയാന്ന് മനസിലായോ?”

ധോണി :” അതെന്താ കോഹ്ലി അങ്ങനെ ചോദിച്ചത്? ”

കോഹ്ലി : “ധോണിക്കൊരു പ്രോബ്ലമുണ്ടായിരുന്നു…ഒരിക്കലും ഒരിക്കലും ധോണിക്ക് ഇനിയതുണ്ടാവില്ല.അതിനു ഞാനാണുറപ്പ് ”

ധോണി : ” എനിക്കറിയാം…. എനിക്ക് കോഹ്ലിയെ വിശ്വാസാണ്..താങ്ക് യൂ കോഹ്ലി . നന്ദിയുണ്ട് പലരോടും…റെയ്നയോടും മിശ്രയോടുമൊക്കെ.പക്ഷേ എത്ര നന്ദിപറഞ്ഞാലും തീരാത്തത് എന്റെ സീനിയേഴ്സിനോടാണ്.ഇത്രേം…ഇത്രേം എന്നെ സഹായിച്ചതിന്..”

കോഹ്ലി : ” കേട്ടില്ലേടാ…ഈ നിക്കുന്ന ധോണിയെ….മനസിന്റെ ഓരോ പരമാണു കൊണ്ടും ഇൻഡ്യൻ ടീമിനെ സ്നേഹിക്കുന്ന ഈ ധോണിയെ തിരിച്ചുതരാമെന്നാണ് ഞാൻ വാക്കുപറഞ്ഞത്..ഞാൻ ആഗ്രഹിച്ചത്…ഭാഗ്യം ചെയ്തവരാണു നമ്മൾ…ലോകത്തൊരു ടീമിനും ഇതുപോലുള്ള സീനിയേഴ്സിനെ കിട്ടിക്കാണില്ല…ഇനി പൊയ്ക്കോ…ഓസ്ട്രേലിയയ്ക്കോ..സൗത്താഫ്രിക്കയ്ക്കോ..എവിടെ വേണേലും….പോയി കപ്പുമായിട്ട് വാടാ. ”

ശുഭം

You must be logged in to post a comment Login