യഥാര്‍ത്ഥത്തില്‍ ആരാണ് മലയാളി ? ഇതാ മലയാളിയുടെ ജനിതിക രഹസ്യം പുറത്തായി

 

ഒടുവില്‍ മലയാളിയുടെ ജനിതകരഹസ്യവും വെളിപ്പെടുന്നു.

തെക്കനേഷ്യന്‍ വംശത്തിന്റെ, അതും മലയാളി സ്ത്രീയുടെ സമ്പൂര്‍ണ ജനിതക ശ്രേണീപഠനം ആദ്യമായാണ് പൂര്‍ത്തിയാകുന്നത്. കാക്കനാട് ആസ്ഥാനമായ സൈജിനോം ലാബ്സ് ആണ് സങ്കീര്‍ണമായ പഠന-വിശകലനങ്ങള്‍ക്കുശേഷം മലയാളിയുടെ ജനിതകരഹസ്യങ്ങള്‍ ശാസ്ത്രലോകത്തിനു മുന്നില്‍ തുറന്നുവയ്ക്കുന്നത്.

ഒരു ജീവിയെ സംബന്ധിക്കുന്ന ജനിതകവിവരങ്ങളുടെ സമ്പൂര്‍ണ വായനയാണ് ജനിതകശ്രേണീ പഠനത്തിലൂടെ നടക്കുന്നത്. ജനിതക വിശകലനം നടത്തുന്ന വിദേശത്തടക്കമുള്ള വിവിധ ലാബുകളുമായി സഹകരിച്ചാണ് സൈജിനോമിലെ ശാസ്ത്രജ്ഞര്‍ ഒന്നരവര്‍ഷം നീണ്ട ജനിതകവായന പൂര്‍ത്തിയാക്കിയത്.

കണ്ടെത്തലുകള്‍ പ്രശസ്തമായ ബയോമെഡി സെന്‍ട്രലിന്റെ ശാസ്ത്രജേണലില്‍ പ്രസിദ്ധപ്പെടുത്തി. മാരകരോഗങ്ങളുടെ കാലേക്കൂട്ടിയുള്ള നിര്‍ണയത്തിനും വ്യക്ത്യാധിഷ്ഠിത ചികിത്സാപദ്ധതിയുടെ പ്രചാരണത്തിനും ജനിതകവിവരങ്ങള്‍ പ്രയോജനപ്പെടുത്തലാണ് പഠനത്തിന്റെ പ്രധാന ലക്ഷ്യമെന്ന് സൈജിനോം ലാബ് ഡയറക്ടര്‍ ഡോ. ജോര്‍ജ് തോമസ് പറഞ്ഞു.

മലയാളിക്ക് പാശ്ചാത്യരുടെ (കൊക്കേഷ്യന്‍) വംശാവലിയുമായുള്ള ജനിതകസാമ്യമാണ് ഈ പഠനത്തിലൂടെ പുറത്തുവന്ന മറ്റൊരു വിവരം. അതുപക്ഷേ, പഠനത്തിനു വിധേയമായ വ്യക്തിയുമായി മാത്രം ബന്ധപ്പെട്ടതാണെന്നും ജോര്‍ജ് തോമസ് പറഞ്ഞു.

ജനിതകരഹസ്യം തിരിച്ചറിഞ്ഞതോടെ ക്യാന്‍സര്‍, അല്‍ഷിമേഴ്സ്, കരള്‍രോഗങ്ങള്‍, പ്രമേഹം തുടങ്ങിയവയ്ക്കുള്ള സാധ്യത കാലേക്കൂട്ടി കണ്ടെത്താനാകും. ഓരോ വ്യക്തിക്കും ഫലപ്രദമായ മരുന്നും ചികിത്സയും നല്‍കാനും ജനിതകശ്രേണീപഠന വിവരങ്ങള്‍ സഹായിക്കും. നിലവില്‍ ഇത്തരം രോഗനിര്‍ണയത്തിനും ചികിത്സക്കും യൂറോപ്പിലെയും മറ്റും ഗവേഷണ വിവരങ്ങളാണ് പ്രയോജനപ്പെടുത്തുന്നത്. ഇത് ഫലപ്രദമായ രോഗനിര്‍ണയവും ചികിത്സയും അസാധ്യമാക്കിയിരുന്നു. യൂറോപ്പിനെ അപേക്ഷിച്ച് മൂന്നുമടങ്ങ് വലിപ്പമുള്ള ഇന്ത്യന്‍ ജനതയുടെ ജനിതക വൈവിധ്യത്തെക്കുറിച്ചുള്ള പഠനമാണ് തുടര്‍ന്നു നടക്കേണ്ടതെന്നും അതിലേക്കുള്ള കാല്‍വയ്പാണ് മലയാളിയുടെ ജനിതകശ്രേണീപഠനത്തിലൂടെ തുറക്കുന്നതെന്നും ജോര്‍ജ് തോമസ് പറഞ്ഞു.

ലോകത്താകെ ഹ്യൂമന്‍ ജെനോം പ്രോജക്ടിന്റെ ഭാഗമായി ഇതുവരെ നടന്ന പഠനങ്ങളുമായി താരതമ്യ വിശകലനം നടത്തിയ ശേഷമാണ് സങ്കീര്‍ണമായ വിശകലനം പൂര്‍ത്തീകരിച്ചത്. ഇതിനുമാത്രം ഒരുവര്‍ഷത്തോളമെടുത്തു. വിദേശങ്ങളിലെ ഉള്‍പ്പെടെ പത്തോളം ശാസ്ത്രജ്ഞര്‍ ഗവേഷണത്തില്‍ പങ്കെടുത്തു.

courtesy to Deshabimani

Refer : http://www.scigenom.com/resourcecenter/publications.html

You must be logged in to post a comment Login