ബഷീര്‍ ഫലിതങ്ങള്‍

കുഞ്ഞുണ്ണി മാഷും ബഷീറും അടുത്ത സുഹൃത്തുക്കളായിരുന്നു. ബഷീറിനെക്കുറിച്ച് കുഞ്ഞുണ്ണിക്കുറിപ്പ് ഇങ്ങനെ:
തലയോലപ്പറമ്പില്‍ തലയില്‍ ഓലയുമായി ജനിച്ചു. ആ ഓല വായിച്ച് അയാള്‍ വിശ്വത്തിന് വായിക്കാനുള്ള ഒരോലയായി. ആ ഓലയാണ് ബഷീര്‍ !
ബഷീര്‍ ദി മാന്‍ എന്ന ഡോക്യുമെന്ററിയില്‍ ഒരു സീനില്‍ കുഞ്ഞുണ്ണിയും ബഷീറും സംസാരിക്കുന്നു.
ബഷീര്‍ : ഒന്നും ഒന്നും എത്ര…?
കുഞ്ഞുണ്ണി: ഒന്നും ഒന്നും കൂട്ടാനാവില്ല.. കാരണം ഒന്ന് ഒന്നന്നേയുള്ളൂ…

***
കേരളസ്‌റ്റേറ്റ് ഫിലിം ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ മുന്‍ഡയറക്ടര്‍ ടി.വി.ഗോപി തന്റെ വിവാഹനന്തരം നവവധുവിനെയും കൂട്ടി വൈലാലിലെത്തി. ബഷീറും ഗോപിയും കുശലം പറഞ്ഞിരിക്കുമ്പോള്‍ മറുഭാഗത്ത് ഫാബിയും നവവധുവും ആടയാഭരണങ്ങളെക്കുറിച്ചുള്ള സ്ത്രീ സഹജമായ ഘോരഘോരസംസാരത്തിലാണ്.
ഫാബി: സാരി നല്ല രംസണ്ട്‌ട്ടോ!
ഇത് കേട്ട ബഷീര്‍ ഗോപിയോട്: സ്ത്രീകള്‍ എത്ര നല്ല സാരിയുടുത്തിട്ടെന്താ കാര്യം, ല്ലേ?
ഗോപി: അതെന്താ…?
അല്ല, ഏത് സുന്ദരിയാണെങ്കിലും ‘ഭര്‍ര്‍ര്‍ര്‍ര്‍ ‘ വിടുമല്ലോ…

***

ചോദ്യം : ഇന്ത്യ മുഴുവന്‍ താണ്ടിയ നിങ്ങള്‍ എന്തുകൊണ്ട് ഒരു വലിയ നോവല്‍ എഴുതിയില്ല..
ബഷീര്‍ : ഞാന്‍ ഉത്തരേന്ത്യയിലൂടെ സഞ്ചരിക്കുകയാണ്. ഇന്ത്യാ-പാക് അതിര്‍ത്തിയിലെ ഒരു പട്ടണത്തില്‍ താല്‍ക്കാലിക താമസം. ഹോട്ടലില്‍ നിന്നാണ് ഭക്ഷണം. ഞാന്‍ കാലത്ത് ചായ കുടിക്കാന്‍ ഹോട്ടലില്‍ ചെല്ലുമ്പോള്‍ അവിടെ നിത്യേന ചമേലി എന്നൊരു ഹിജഡ വരും കാപ്പി കഴിക്കാന്‍ . ചമേലി 25 മുട്ട തിന്നും. ഞാന്‍ ഒരു മുട്ട തിന്നും.

***

1985. ശരീ അത്ത് വിവാദം അരങ്ങ് തകര്‍ക്കുകയാണ്. ഇക്കാലത്തൊരിക്കല്‍ ബഹുഭാര്യത്തത്തിന്റെ ദുരപയോഗത്തെപ്പറ്റി ഒരഭിമുഖത്തില്‍ ബഷീര്‍ പറഞ്ഞു. : ഇമ്മാതിരി ആളുകളുടെയൊക്കെ ‘പെണ്ണുകെട്ടുയന്ത്രം’ മുറിച്ച് കഴുത്തില്‍ കെട്ടിത്തൂക്കണം….

(ബഷീര്‍ ഫലിതങ്ങള്‍ എന്ന പുസ്തകത്തില്‍ നിന്ന്)

You must be logged in to post a comment Login