പോസ്റ്റ്മോർട്ടം

പോസ്റ്റ്മോർട്ടം ( ചെറുകഥ )

മരക്കൊമ്പിൽ തൂങ്ങിക്കിടന്നിരുന്ന എന്നെ ആരോ ആണ് താഴേയ്ക്ക് വലിച്ചിട്ടത്.
ഒന്ന് പിടയാൻ പോലുമാവാതെ ഞാൻ മറ്റ് പലരോടൊപ്പം കുറെ നേരം വെയിൽ കൊണ്ട് കിടന്നു.

ഏതാണ്ട് വൈകുന്നേരമായപ്പോഴേയ്ക്കും ഞാനാകെ മെലിഞ്ഞിരുന്നു. ഉറക്കത്തിലേക്ക് വഴുതിവീണത് എപ്പോഴാണെന്ന് പോലും എനിയ്ക്കോർമ്മയില്ല.

എൻ്റെ വസ്ത്രമാരോ അഴിച്ചു മാറ്റുന്നതറിഞ്ഞാണ് രാവിലെ ഞാനുണർന്നത്.വസ്ത്രം അഴിച്ചെടുത്തപ്പോൾ തന്നെ മൂർച്ചയേറിയ ഏതോ ആയുധം എൻ്റെ ശരീരം കീറി മുറിച്ചു.
വേദന കടിച്ചമർത്തി ഞാൻ കിടന്നു.
ആരുടേയോ കൈവിരലുകൾ എൻ്റെ വയറിനുള്ളിൽ എന്തോ പരതി നടക്കുന്നു. ആ വിരലുകളിൽ തടഞ്ഞ എൻ്റെ ഹൃദയത്തെ പുറത്തേക്ക് വലിച്ചെടുത്തപ്പോൾ ഞാൻ വേദന കൊണ്ട് പുളഞ്ഞു പോയി.

ശേഷിച്ച എൻ്റെ ശരീര ഭാഗങ്ങളെല്ലാം ഒരു ഭാഗത്തേക്ക് മാറ്റി വച്ചപ്പോൾ തൻ്റെ ജീവൻ നഷ്ടപ്പെടുകയാണെന്ന സത്യം ഞാൻ തിരിച്ചറിഞ്ഞു.
എന്തിനാണെൻ്റെ ജീവൻ കവർന്നതെന്ന സംശയം മനസ്സിൽ അവശേഷിക്കേ , ഞാനാ ശബ്ദം കേട്ടു ..

കുരു കളഞ്ഞ നല്ല നാടൻ പുളി , കിലോ വെറും 120 രൂപ…

You must be logged in to post a comment Login