പത്തു രസകരമായ ശീലങ്ങളിലൂടെ ഇന്ത്യക്കാരെ തിരിച്ചറിയാം

സ്വഭാവം കണ്ടാല്‍ ഏതു രാജ്യക്കാരനാണെന്നു തിരിച്ചറിയാം. ഇങ്ങനെ പറയുന്നതു കേട്ടിട്ടില്ലേ. ഭാഷാവൈവിധ്യം, നാനാത്വത്തിലെ ഏകത്വം, മതേതരത്വം തുടങ്ങി എന്തിന് ചൊവ്വായിലേക്ക് ഇന്ത്യ അയച്ച മംഗള്‍യാന്റെ കാര്യം വരെ മറ്റുള്ളവരുടെ മുന്‍പില്‍ എടുത്തു പറഞ്ഞ് അഭിമാനിക്കാന്‍ നമുക്കാവും.

പക്ഷേ ഇന്ത്യക്കാരുടെ പൊതു സ്വഭാവ വിശേഷമെന്തൊക്കെയെന്നു ചിന്തിച്ചിട്ടുണ്ടോ?

പണ്ട് വിമാനത്തില്‍ യാത്രചെയ്ത സര്‍ദാര്‍ജി, താഴെ പൊതുസ്ഥലത്തു മൂത്രമൊഴിക്കുന്നവരെ നോക്കി ഇന്ത്യയ്ക്കു മുകളിലൂടെയാണ് വിമാനം പറക്കുന്നതെന്നു വിളിച്ചു പറഞ്ഞ കഥ പലരും വായിച്ചിട്ടിട്ടുണ്ടാവും. ഇതാ ഇന്ത്യക്കാരെ മനസിലാക്കാന്‍ സഹായിക്കുന്ന രസകരമായ പത്തു ശീലങ്ങള്‍.

1. സ്വന്തം കുട്ടികളുടെ ഭാവിയും കരിയറും മാത്രമല്ല അയല്‍ക്കാരുടെ കുട്ടികളുടെ കരിയറും ഇന്ത്യക്കാര്‍ തിരുമാനിക്കൂം.
എന്തും അറിയാമെന്നു ഭാവിക്കുന്ന ഇന്ത്യക്കാര്‍ അയല്‍വാസികളുടെ കാര്യത്തിലും ഇടപെടാന്‍ ജാഗരൂകരാണ്. ആലോചിച്ചു നോക്കൂ…!

2. പൊങ്ങച്ചം.. ഇതു പോലെ പറയാന്‍ വേറെ ആര്‍ക്കാവും..?
വിശന്നു തളര്‍ന്നിരിക്കുന്ന കൂട്ടൂകാരന്റെ മുന്‍പിലിരുന്നു താന്‍ കഴിച്ച ബിരിയാണിയുടെ രുചിയെക്കുറിച്ചു വാതോരാതെ വര്‍ണിക്കുന്നവര്‍ ഇന്ത്യക്കാര്‍ മാത്രം. എന്താ ശരിയല്ലേ?

3. സംസാരിക്കുന്നതിനിടയില്‍ രണ്ടു മൂന്നു ഭാഷകള്‍ ‘എടുത്തു പ്രയോഗിക്കു’!
തെറ്റിദ്ധരിക്കേണ്ട! നാനാതരം ഭാഷകളാല്‍ സമൃദ്ധമായ ഇന്ത്യയില്‍ ഭാഷകളുടെ വൈവിധ്യത്തിനു പഞ്ഞമില്ല. ഇന്ത്യക്കാരിലേറെയും മാതൃഭാഷയും, അല്‍പസ്വല്‍പം ഹിന്ദിയും, ഇംഗ്ലീഷും എല്ലാം മിക്‌സു ചെയ്തുപയോഗിക്കുന്നതില്‍ പ്രാവീണ്യം ഉള്ളവരാണ്. സംസാരിക്കുമ്പോള്‍ ഇവയെല്ലാം പുറത്തു വരും. പക്ഷേ പലരും സംസാരിക്കുന്നതു ശരിയായ ഭാഷാശൈലിയിലായിരിക്കില്ലെന്നു മാത്രം!

4. ഒന്നിലധികം ഭാഷകളറിയാവുന്ന സുഹൃത്തുക്കള്‍ തമ്മില്‍ സംസാരിക്കുന്നതു കൂടുതലും ഇംഗ്ലീഷില്‍ തന്നെ!
കന്നഡ, ഹിന്ദി തുടങ്ങി ഒന്നിലേറെ ഭാഷകളറിയാവുന്ന രണ്ട് ഇന്ത്യന്‍ സുഹൃത്തുക്കള്‍ സംസാരിക്കുന്നതു കൂടുതലും ഇംഗ്ലീഷിലായിരിക്കുമെന്നതാണ് സ്ത്യം.

5. ഫ്രീയായി ഉപദേശിക്കും!
സൂര്യനു കീഴിലുള്ള എല്ലാ കാര്യങ്ങളെക്കുറിച്ചും ഉപദേശം നല്‍കുന്നതില്‍ മിടുക്കരാണ് ഇന്ത്യക്കാര്‍. പക്ഷേ ഒരു പ്രധാന കാര്യം ഉപദേശിക്കുന്നതല്ലാതെ ഇവയൊന്നും പ്രാവര്‍ത്തികമാക്കുവാന്‍ ഇത്തരം ഉപദേശം നല്‍കുന്നവരില്‍ ഏറിയ പങ്കും ശ്രദ്ധിക്കാറില്ല എന്നതു വേറെ കാര്യം.

6. പബ്ലിക്കിനു നടുവിലും കൂസലില്ലാതെ ‘കാര്യം’ സാധിക്കും!
ഇന്ത്യക്കാര്‍ പൊതുസ്ഥലങ്ങളില്‍ ഉമ്മ നല്‍കുന്നതു നിഷിദ്ധമായി കരുതുന്നു. എന്നാല്‍ അതേ ഇന്ത്യക്കാര്‍ തന്നെ പൊതു സ്ഥലങ്ങളില്‍ മലമൂത്രവിസര്‍ജനം ചെയ്യുന്നതില്‍ തെല്ലും അലോസരം കാണിക്കാറില്ല. ഇക്കാര്യത്തില്‍ ആണുങ്ങള്‍ തന്നെ കിംഗ്‌സ്! ഒരിക്കലെങ്കിലും പൊതുനിരത്തില്‍ കാര്യം സാധിക്കാത്ത ഇന്ത്യക്കാര്‍ വിരലിലെണ്ണാന്‍ പോലും കാണില്ല എന്നും പറയാം. പൊതുനിരത്തിലെ കിസിംഗ് ആരോഗ്യത്തിനു ഹാനികരമല്ല,പക്ഷേ ഇതോ?

7. വിദേശികളെ കണ്ടാല്‍ കണ്ണെടുക്കില്ല!
വിദേശികളെ കണ്ടാല്‍ കണ്ണെടുക്കാതിരിക്കുന്നവരാണ് ഇന്ത്യക്കാര്‍. അവരെ കാണുന്നതു മുതല്‍ ‘ഇവരെവിടെന്നു വരുന്നെടാ’ എന്ന മട്ടിലാണ് ഇവരുടെ നോട്ടവും പറച്ചിലുമെല്ലാം. ഇത്തരം നോട്ടം കണ്ടിട്ട് ”നീയൊന്നും മദാമ്മമാരെ കണ്ടിട്ടില്ലേടാ?” എന്നു മദാമ്മമാര്‍ തിരിച്ചു ചോദിച്ചാല്‍ അവരെ കുറ്റം പറയാനാവില്ല.

8. വിദേശികളെ കോപ്പിയടിക്കാന്‍ ബഹുമിടുക്കര്‍
വിദേശികളുടെ വസ്ത്രധാരണവും, സംസാരശൈലിയും മറ്റും കോപ്പിയടിക്കാന്‍ അതിമിടുക്കരാണ് ഇന്ത്യക്കാര്‍. പക്ഷേ അവ ഇന്ത്യന്‍ ശൈലിയിലേ പ്രയോഗിക്കൂ എന്നു മാത്രം. അതായത് ടൈ കെട്ടിയാല്‍ കോളര്‍ ബട്ടണ്‍ തുറന്നിടും, ലോക്കല്‍ ട്യൂണില്‍ ഇംഗ്ലീഷു പറയും.. അങ്ങനെ,.. അങ്ങനെ.

9. ഏതൊരു സിറ്റ്വേഷനും അനായാസം കൈകാര്യം ചെയ്യും
ഏതു പ്രതികൂല സാഹചര്യങ്ങളെയും അനായാസം കൈകാര്യം ചെയ്യുവാന്‍ ഇന്ത്യക്കാര്‍ വിരുതരാണ്. വളരെ കൂളായിത്തന്നെ ഈ റോള്‍ അവര്‍ ഭംഗിയാക്കും. ഇക്കാര്യത്തില്‍ എങ്കിലും ഇന്ത്യക്കാര്‍ക്ക് അഭിമാനിക്കാം.

10. അപരിചിതരെ കല്യാണം കഴിക്കും!
കേട്ടിട്ടു യാതൊരു കൗതുകവും നിങ്ങള്‍ക്കു തോന്നാത്ത ഒരേ ഒരു കാര്യമാവാം ഇത്. കാരണം ഇന്ത്യക്കാരില്‍ ഏറിയ പങ്കും ‘അറേഞ്ച്ഡ് മാര്യേജ്’ എന്ന പ്രതിഭാസത്തിന്റെ സൃഷ്ടികളാണ്. നമ്മില്‍ പലരുടെയും മാതാപിതാക്കളുടെ വിവാഹം അറേഞ്ച്ഡ് ആയിരുന്നു എന്നര്‍ഥം. ഇന്നലെ മാത്രം കണ്ട പുരുഷന്‍ എന്റെ കാര്യങ്ങളെല്ലാം ഇനി നോക്കിക്കൊള്ളും എന്നു സ്ത്രീകള്‍ വിശ്വസിക്കുമ്പോള്‍, ഇന്നലെ കണ്ട ഇവള്‍ എന്നെ സ്‌നേഹിക്കും എന്നു പുരുഷന്‍ വിശ്വസിക്കുന്നു. ‘വിശ്വാസം… അതല്ലേ എല്ലാം’ എന്നാണല്ലോ നമ്മള്‍ പഠിച്ചു വെച്ചിരിക്കുന്നതും.

ഇന്ത്യക്കാരനും അമേരിക്കക്കാരനും ജര്‍മന്‍കാരനും ജപ്പാന്‍കാരനും (കാരിമാര്‍ക്കും) എടുത്തു പറയാന്‍ ചില ഗുണങ്ങളുണ്ട്. ചില നല്ല ഗുണങ്ങള്‍ പ്രശംസനീയമെങ്കില്‍ ചില ഗുണങ്ങള്‍ അഭിമാനിക്കുവാന്‍ തീരെ വക നല്‍കാത്തയവയാണ്. മേല്‍പറഞ്ഞവ അവയില്‍ ചിലതു മാത്രം. ഇവിടെ എഴുതിയിരിക്കുന്ന കാര്യങ്ങള്‍ ഇന്ത്യക്കാര്‍ മാത്രമല്ല ചെയ്യുന്നത്. മേല്‍പറഞ്ഞ കാര്യങ്ങള്‍ ഇന്ത്യക്കാരില്‍ ഏറിയ പങ്കും അനുവര്‍ത്തിക്കുന്നവരാണ്. അതു കൊണ്ട് വായിച്ചിട്ട് ഇന്ത്യക്കാരെ മുഴുവന്‍ അപമാനിക്കുകയാണെന്നു കുറ്റം പറയരുതെന്നൊരഭ്യര്‍ത്ഥന.

You must be logged in to post a comment Login