പണ്ഡിറ്റ്‌ വീണ്ടും പണ്ഡിറ്റ്‌ തന്നെ

കാലം ഇത്രയൊക്കെ ആയിട്ടും പണ്ഡിറ്റ്‌ ഇപ്പഴും പഴയ പണ്ഡിറ്റ്‌ തന്നെ..

മംഗളം വാരികയില്‍ വന്ന പണ്ഡിറ്റ്‌ ഇന്റെ ഇന്റര്‍വ്യൂ വായിച്ചു നോക്കിയാല്‍ നിങ്ങള്ക്ക് മനസ്സിലാകും പണ്ഡിറ്റ്‌ന് ഒരു മാറ്റവും വന്നിട്ടില്ലന്നു .

പഴയ പടി മണ്ടത്തരങ്ങള്‍ വീണ്ടും..

തന്റെ പുതിയ സിനിമയില്‍ മോഹന്‍ലാലിന്‍റെ ഡേറ്റ് കിട്ടാത്തത് പണ്ഡിറ്റ്‌നു അദ്ധേഹത്തിന്റെ ഫോണ്‍ നമ്പര്‍ അറിയാന്‍ പറ്റഞാത് കൊണ്ടാണത്രേ …

തന്റെ വിദേശികളായ ആരാധകരെ പറ്റി പണ്ഡിറ്റ്‌ പറയുന്നത് കേട്ടാല്‍ മൂക്കത്ത് വിരല്‍ വച്ച് പോകും.

അമ്മയില്‍ നിന്നും എന്നെ പുറത്താക്കിയാല്‍ അമ്മയ്‌ക്കു പകരം ഒരു ബദല്‍സംഘടന തുടങ്ങും. ‘അമ്മായിയമ്മ’

ബിസിനസ്‌ മാനേജുമെന്റ്‌ സ്‌്റ്റുഡന്റ്‌സിനു വേണമെങ്കില്‍ എന്നെ ഒരു പാഠമാക്കാവുന്നതാണ്‌.

ഇനിയുമുണ്ടേ പണ്ഡിറ്റ്‌ വചനങ്ങള്‍ … just enjoy this interview – courtsey to Mangalam varika

————-
ഞാന്‍ തികച്ചും ‘നോര്‍മല്‍’

ഒരൊറ്റ സിനിമകൊണ്ടുതന്നെ കേരളക്കരയില്‍ ചര്‍ച്ചാവിഷയമായ സന്തോഷ്‌പണ്ഡിറ്റ്‌ വീണ്ടുമെത്തുകയാണു തന്റെ പുത്തന്‍ പടവുമായി. ഒരിക്കല്‍ക്കൂടി ഒരു പണ്ഡിറ്റ്‌തരംഗം കത്തിപ്പടരുമോയെന്ന ആകാംക്ഷയിലാണ്‌ സിനിമാലോകം.

സന്തോഷ്‌ പണ്ഡിറ്റ്‌ അല്ലെങ്കിലും ഇങ്ങനെയാണ്‌. എന്തെങ്കിലുമൊക്കെ അത്ഭുതങ്ങള്‍ എപ്പോഴും സൃഷ്‌ടിച്ചുകൊണ്ടേയിരിക്കും. കൃഷ്‌ണന്റെയും രാധയുടെയും കോളിളക്കം ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. അപ്പോഴേക്കും ദാ, രണ്ടാമത്തെ സിനിമയും റെഡി. ‘സൂപ്പര്‍സ്‌റ്റാര്‍ സന്തോഷ്‌ പണ്ഡിറ്റ്‌’ അവിടംകൊണ്ടു തീര്‍ന്നെന്നു കരുതിയെങ്കില്‍ തെറ്റി. മൂന്നാം സിനിമ ‘മിനിമോളുടെ അച്‌ഛ’ന്റെ ഷൂട്ടിംഗ്‌തിരക്കിലാണ്‌ ഇപ്പോള്‍ പണ്ഡിറ്റ്‌.

അപാര തൊലിക്കട്ടിയെന്ന്‌ ആളുകള്‍ അടച്ചാക്ഷേപിച്ചാലും തന്നെപ്പോലെ മറ്റാരുണ്ടെന്നു മറുചോദ്യമെറിയുന്നു സന്തോഷ ്‌പണ്ഡിറ്റ്‌.

വയലറ്റും ചുവപ്പുംകലര്‍ന്ന ഫുള്‍കൈയന്‍ ടീഷര്‍ട്ടും ഒരു ചെളിപുരണ്ട ചുവന്ന തൊപ്പിയും ധരിച്ച്‌ എറണാകുളം സൗത്ത്‌ റെയില്‍വേസ്‌റ്റേഷനില്‍ വന്നിറങ്ങിയപ്പോള്‍ ഇതുവരെ കാണാത്ത ഒരു മുഖമായിരുന്നു വ്യത്യസ്‌തനായ ഈ സിനിമാക്കാരന്‌. പണ്ഡിറ്റ്‌ സംസാരിച്ചുതുടങ്ങി- ‘തികച്ചും നോര്‍മലായി.’

വെറും അഞ്ചുലക്ഷത്തിന്റെ ബഡ്‌ജറ്റില്‍ ഒരു സിനിമ. കേള്‍ക്കുമ്പോള്‍ അവിശ്വസനീയമായി തോന്നുന്നു?

വിജയരഹസ്യം സാധാരണ ആരും തുറന്നുപറയാറില്ല. എങ്കിലും ഞാന്‍ പറയാം. സിനിമയില്‍ കൂടുതല്‍ പണം ചെലവാകുന്നതു ലോഡ്‌ജിംഗിനും ഫുഡിനുമാണ്‌. എനിക്കാകട്ടെ ഇവിടെയാണ്‌ ഏറെ ലാഭവും.

നടീനടന്മാര്‍ക്ക്‌ എന്റെ വീട്ടില്‍ത്തന്നെ താമസമൊരുക്കി. പരിചയക്കാരുടെയും ബന്ധുക്കളുടെയും വീടുകളും സ്‌ഥാപനങ്ങളും പ്രയോജനപ്പെടുത്തി. അതിനു വാടക വേണ്ടിവന്നില്ല. ഓരോരുത്തരും സ്വന്തം വീട്ടിലെ അലമാരയിലെ കോസ്‌റ്റ്യൂംതന്നെയാണ്‌ ഉപയോഗിച്ചത്‌. നൃത്തരംഗങ്ങള്‍ക്കു മാത്രം വാടകയ്‌ക്കെടുത്തു. എല്ലാം പുതുമുഖങ്ങളായതിനാല്‍ ഫൈവ്‌സ്റ്റാര്‍ ഹോട്ടലിലെ ഭക്ഷണം വേണമെന്ന നിര്‍ബന്ധക്കാര്‍ ആരുമില്ലായിരുന്നു. ഞങ്ങള്‍ക്കു തട്ടുകട ആയാലും മതി. എന്റെ സ്വന്തം കാമറ. സാങ്കേതികവശങ്ങളെല്ലാം ഞാന്‍തന്നെ. ചുരുക്കത്തില്‍ കാമറാമാനുമാത്രം ചെലവ്‌.

വ്യക്‌തിപരമായി എനിക്കു വെള്ളമടിയോ പുകവലിയോ ഇല്ല. അടുത്തയിടെ ഒരു സിനിമാസുഹൃത്ത്‌ എന്നോടു പറഞ്ഞു: ”നിന്റെ ബഡ്‌ജറ്റ്‌ കേട്ടപ്പോള്‍ എനിക്കു ചിരിവന്നു. ഒരു സിനിമ തുടങ്ങി അവസാനിക്കുമ്പോള്‍ ഞാന്‍ ബാറില്‍ കൊടുക്കുന്ന പൈസപോലുമാകുന്നില്ലല്ലോയെന്ന്‌.”

ചുരുങ്ങിയ സമയത്തില്‍ കുറഞ്ഞ ബഡ്‌ജറ്റില്‍ കൂടുതല്‍ ലാഭം. അതിലാണെന്റെ റിസര്‍ച്ച്‌. ബിസിനസ്‌ മാനേജുമെന്റ്‌ സ്‌്റ്റുഡന്റ്‌സിനു വേണമെങ്കില്‍ എന്നെ ഒരു പാഠമാക്കാവുന്നതാണ്‌.

സൂപ്പര്‍സ്‌റ്റാര്‍ സന്തോഷ്‌ പണ്ഡിറ്റ്‌ റിലീസിംഗിനുമുമ്പേ വലിയ പബ്ലിസിറ്റിയാണല്ലോ?

ലക്ഷങ്ങള്‍ മുടക്കി പരസ്യം ചെയ്‌തിട്ടും കിട്ടാതെപോകുന്ന ഒരു പബ്ലിസിറ്റിയാണ്‌ മുതല്‍മുടക്കില്ലാതെ എന്റെ സിനിമയ്‌ക്കു കിട്ടുന്നത്‌. ഇന്റര്‍നെറ്റും കമ്പ്യൂട്ടറും ഉള്ളതുകൊണ്ടാണു തങ്ങള്‍ ക്ലച്ചുപിടിക്കാത്തതെന്നാണു സിനിമാപ്രവര്‍ത്തകരുടെ വാദം. സിനിമകളെല്ലാം യൂട്യൂബില്‍ കൊണ്ടിടുന്നത്രേ.

എന്നാല്‍ എന്റെ പടം ഹിറ്റാക്കുന്നത്‌ ഇന്റര്‍നെറ്റാണ്‌. യൂട്യൂബില്‍ എന്റെ പാട്ടുകള്‍ കണ്ടാണ്‌ ആളുകള്‍ തിയേറ്ററിലെത്തുന്നത്‌. ഒരു ഇന്റര്‍നെറ്റ്‌ എക്‌സാം എഴുതി റിസല്‍ട്ടറിയാന്‍ കാത്തിരിക്കുന്ന ത്രില്ലിലാണു ഞാന്‍. പുതിയ സാങ്കേതികവിദ്യകളെ എങ്ങനെ പ്രയോജനപ്പെടുത്താം എന്നാണു ഞാന്‍ ചിന്തിക്കുന്നത്‌.

ആദ്യം ‘ജിത്തുഭായി എന്ന ചോക്ലേറ്റ്‌ഭായി’ എന്നായിരുന്നല്ലോ ചിത്രത്തിന്റെ പേര്‌ അനൗണ്‍സ്‌ ചെയ്‌തിരുന്നത്‌. പിന്നീടെങ്ങെനെ അത്‌ സൂപ്പര്‍സ്‌റ്റാര്‍ സന്തോഷ്‌ പണ്ഡിറ്റായി?

മുമ്പ്‌ ഒരു ഇന്റര്‍വ്യൂവില്‍ ഞാന്‍ ഈ സിനിമയുടെ പേരു പറഞ്ഞിരുന്നു. എനിക്കൊരു കഥ കിട്ടിയാല്‍ പേര്‌, പാട്ട്‌, സംഗീതം എല്ലാംകൂടെ കിട്ടും. പക്ഷേ ആ പേരു മറ്റൊരാള്‍ അടിച്ചുമാറ്റി. അങ്ങനെയാണ്‌ സൂപ്പര്‍സ്‌റ്റാര്‍ സന്തോഷ്‌ പണ്ഡിറ്റായത്‌. ഇതാരും അടിച്ചുമാറ്റില്ലല്ലോ. മലയാളം, തമിഴ്‌, ഹിന്ദി എന്നീ മൂന്നു ഭാഷകളില്‍ ഇവ റിലീസ്‌ചെയ്യുന്നുണ്ട്‌.

‘സൂപ്പര്‍സ്‌റ്റാറെ’ന്നു സ്വയം വിശേഷിപ്പിക്കുമ്പോള്‍ ഒരു ജാള്യത തോന്നാറില്ലേ?

അതിനുപിന്നില്‍ സൈക്കോളജിയുടെ ഒരു വശമുണ്ട്‌. നൂറുതവണ പറഞ്ഞാല്‍ ഒന്ന്‌ ശരിയാകുമെന്നാണല്ലോ. ഞാന്‍തന്നെ പറഞ്ഞുതുടങ്ങിയതുകൊണ്ടാണ്‌ ആളുകളും അങ്ങോട്ടേക്കെത്തുന്നത്‌. മലയാളത്തില്‍ മമ്മൂട്ടിയും മോഹന്‍ലാലും മാത്രമാണു സൂപ്പര്‍സ്‌റ്റാറുകള്‍. സുരേഷ്‌ഗോപിയൊക്കെ സൂപ്പര്‍സ്‌റ്റാറാണോ? എനിക്കു തോന്നുന്നില്ല.

പുതിയ ചിത്രത്തിലും ‘8’ന്റെ ഒരു ബഹളംതന്നെയുണ്ടല്ലോ. എന്താണ്‌ ഈ സംഖ്യയോടിത്ര പ്രിയം?

ഒരു എട്ടാംതീയതിയാണു ഞാന്‍ ജനിച്ചത്‌. സിനിമയുടെ ഷൂട്ടിംഗ്‌ ഡിസംബര്‍ എട്ടിനു തുടങ്ങി മാര്‍ച്ച്‌ എട്ടിന്‌ അവസാനിക്കുന്നു. എട്ട്‌ നായികമാര്‍, എട്ട്‌ ഗാനങ്ങള്‍, എട്ട്‌ സംഘട്ടനം, എട്ട്‌ നൃത്തം തുടങ്ങി എട്ടിന്റെ ഒരു ഘോഷയാത്രതന്നെയുണ്ട്‌ എന്റെ ചിത്രത്തില്‍. കൃഷ്‌ണനും രാധയും എന്ന സിനിമയില്‍ യാദൃച്‌ഛികമായാണ്‌ എട്ടുകള്‍ വന്നത്‌. അതു ഹിറ്റായി. പുതിയ ചിത്രത്തില്‍ മന:പൂര്‍വം എട്ടുകള്‍ സൃഷ്‌ടിച്ചതാണ്‌. ഏതായാലും ആ ഭാഗ്യനമ്പര്‍ ഇനി വിടേണ്ടെന്നാണ്‌ എന്റെ തീരുമാനം.

ഇന്റര്‍വ്യൂകളില്‍ താങ്കള്‍ ‘കോപ്രായങ്ങള്‍’ കാട്ടുന്നു എന്ന ഒരാക്ഷേപമുണ്ട്‌?

ആ കോപ്രായങ്ങള്‍ ഞാന്‍ ബോധപൂര്‍വം ചെയ്‌തതാണ്‌. അതിന്റെ സത്യാവസ്‌ഥ തുറന്നുപറയാം.

മലയാളസിനിമയിലെ പ്രതിസന്ധിയെക്കുറിച്ചു ചര്‍ച്ചചെയ്യാന്‍ ഒരു ചാനല്‍ എന്നെ വിളിച്ചു. ഞാന്‍ ചെന്നു. എന്നെ ക്രൂശിക്കാന്‍ സംവിധായകരും സൈക്കോളജിറ്റുമടക്കം കുറേപ്പേര്‍. ഞാന്‍ ചെന്നതോടെ സിനിമയിലെ പ്രതിസന്ധി മാറി. സന്തോഷ്‌ പണ്ഡിറ്റിന്റെ കോട്ടിനെക്കുറിച്ചായി ചര്‍ച്ച…

ഞാന്‍ കോട്ടിടുന്നതുകൊണ്ടാണോ പ്രതിസന്ധിയുണ്ടാകുന്നത്‌? ഞാന്‍ ചോദിച്ചു. ഞാന്‍ അബ്‌നോര്‍മലാണോ എന്നായി അടുത്ത ചോദ്യം. എന്നെ ക്ഷണിച്ചുവരുത്തിയിട്ട്‌ സൈക്കോളജിസ്‌റ്റിനെവച്ചു ചോദിക്കുന്നു എനിക്കു ഭ്രാന്താണോ എന്ന്‌. നിങ്ങള്‍ പറയ്‌ ഞാനെങ്ങനെ പ്രതികരിക്കണം?

കാമറ അവരില്‍ കേന്ദ്രീകരിച്ചിരിക്കുകയാണ്‌. അവരെ അടിച്ചുതാഴ്‌ത്തുക എന്നതു മാത്രമായിരുന്നു എനിക്കു മുന്നിലെ ഏക പോംവഴി. അതിനു കാമറ എന്നിലേക്കു വരണം. ഞാന്‍ ചാടിയെഴുന്നേറ്റു കുറേ കോപ്രായങ്ങള്‍ കാട്ടി. സ്വാഭാവികമായും കാമറ എന്റെനേരേ തിരിഞ്ഞു. ഈ ഇന്റര്‍വ്യൂ കണ്ടവരെല്ലാം പറഞ്ഞു, സന്തോഷ്‌ പണ്ഡിറ്റ്‌ അബ്‌നോര്‍മല്‍ ആണെന്ന്‌. ഒന്നു ഞാന്‍ പറയാം. ഞാന്‍ തികച്ചും നോര്‍മലാണ്‌. അവര്‍ എന്നെ അങ്ങനെയാക്കിയതാണ്‌.

ഒരൊറ്റ സിനിമകൊണ്ടുതന്നെ എങ്ങനെ ഇത്രയധികം ആരാധകരെ സ്വന്തമാക്കി?

എന്റെ അഭിനയംകൊണ്ടു മാത്രമല്ല ആരാധകരെ കിട്ടുന്നത്‌. സംവിധാനം, സംഗീതം, ലിറിക്‌ എന്നിങ്ങനെ ഓരോ കാറ്റഗറിയിലും എനിക്കു പ്രത്യേകം പ്രത്യേകം ആരാധകരുണ്ട്‌. പഞ്ച്‌ ഡയലോഗ്‌ ഉള്ളതിനാല്‍ സ്‌ക്രിപ്‌റ്റ് റൈറ്റര്‍ എന്നനിലയിലും എനിക്കു ഫാന്‍സുണ്ട്‌. കുട്ടികളും ഇന്റര്‍നെറ്റ്‌ ആരാധകരുമുണ്ട്‌. സിനിമ കണ്ടുകൊണ്ടിരിക്കുമ്പോള്‍പോലും ആരാധകര്‍ എന്നെ വിളിക്കും. ലോകത്ത്‌ എവിടെയെങ്കിലും നടക്കുന്ന കാര്യമാണോ? എന്റെയടുത്ത്‌ ആരാധകര്‍ക്കു സ്വാതന്ത്ര്യമുണ്ട്‌. ഫാന്‍സിന്റെ എണ്ണം ഇനിയും ഇങ്ങനെ കൂടിക്കൊണ്ടേയിരിക്കും.

ആരാധകരില്‍ വിദേശിയരുമുണ്ടല്ലോ?

നിങ്ങള്‍ക്കറിയാമോ ഗൂഗിളില്‍ ഏറ്റവുമധികം സേര്‍ച്ചുചെയ്യപ്പെടുന്നത്‌ എന്റെ പേരാണ്‌. ഇതു സന്തോഷ്‌പണ്ഡിറ്റിന്റെ വീമ്പിളക്കലല്ല, ഇന്റര്‍നെറ്റ്‌ മാര്‍ക്കറ്റിംഗ്‌ ആന്‍ഡ്‌ സ്‌റ്റാറ്റിസ്‌റ്റിക്‌സിന്റെ സര്‍വേയില്‍ തെളിഞ്ഞതാണ്‌.

കാനഡയിലും അമേരിക്കയിലുമൊക്കെ എനിക്ക്‌ ആരാധകരുണ്ടായത്‌ രസകരമായ ഒരു കഥയാണ്‌. എന്റെ ‘മ്യൂസിക്‌ ഈസ്‌ ദ നെയിം ഓഫ്‌ ലവ്‌’ എന്ന ഗാനം ഞാന്‍ നെറ്റിലിട്ടു. പുതിയ അപ്‌ലോഡഡ്‌ വീഡിയോ സേര്‍ച്ചുചെയ്യുന്നതിനിടയില്‍ സായിപ്പുമാരുടെ കണ്ണില്‍ ഇതു പെട്ടു. കാര്യം അത്ര പിടികിട്ടിയില്ലെങ്കിലും സന്തോഷ്‌ പണ്ഡിറ്റിനെക്കുറിച്ചായി അവരുടെ സേര്‍ച്ചിംഗ്‌. അവരും എന്റെ ആരാധകരായെന്നു ചുരുക്കം.

അല്ലുഅര്‍ജുനനെ ഔട്ടാക്കിയ മഹാന്‍ എന്നൊക്കെയാണല്ലോ കേള്‍ക്കുന്നത്‌?

അതു വളരെ കോമഡിയാണ്‌. എന്റെ ആദ്യസിനിമയിലെ രാത്രി ശിവരാത്രി എന്ന പാട്ടിലെ എന്റെ മൂണ്‍വാക്ക്‌ ഏതോ ഒരു വിരുതന്‍ ആരാധകന്‍ നെറ്റിലിട്ടു. ഒരു ടൈറ്റിലും കൊടുത്തു. ‘അല്ലു ഔട്ട്‌ സന്തോഷ്‌ ഇന്‍.’ ഇതറിഞ്ഞപ്പോള്‍ അല്ലുവിന്റെ ആരാധകര്‍ക്ക്‌ ആകാംക്ഷ. ആരാണ്‌ ഈ കേമന്‍. അവര്‍ അന്വേഷണം തുടങ്ങി. ഈ സമയത്താണ്‌ അല്ലുവിന്റെ ആര്യയും ബദരീനാഥും കേരളത്തില്‍ പരാജയപ്പെടുന്നത്‌. കൃഷ്‌ണനും രാധയും അപ്പോള്‍ കേരളത്തില്‍ ഓടുന്നുമുണ്ട്‌. അത്‌ അല്ലു ഔട്ട്‌് സന്തോഷ്‌കുമാര്‍ ഇന്‍ എന്ന നെറ്റിലെ വാര്‍ത്ത ശരിവച്ചു. എല്ലാം യാദൃച്‌ഛികം മാത്രം.

‘വളിപ്പുസീനുകള്‍’ എന്നാണല്ലോ താങ്കളുടെ സിനിമയെക്കുറിച്ച്‌ പ്രേക്ഷകരുടെ അഭിപ്രായം?

ഞാന്‍ പറയുന്നതു നമ്മുടെ സാധാരണകുടുംബങ്ങളില്‍ നടക്കുന്ന കഥയാണ്‌. അതിലൊരു സന്ദേശവും കാണും. എന്റെ സിനിമയെ വളിപ്പുസീനുകളെന്നു വിശേഷിപ്പിക്കുന്നവരോടു ഞാനൊന്നു ചോദിക്കട്ടെ. നിങ്ങളെ ഒരുത്തന്‍ തല്ലാന്‍ വന്നാല്‍ എങ്ങനെയാവും തിരിച്ചടിക്കുക. വായുവില്‍ക്കൂടി മൂന്നാലു വട്ടം മലക്കംമറിഞ്ഞ്‌ വലതുകാലുകൊണ്ടു വില്ലന്റെ നെഞ്ചത്തൊന്നാഞ്ഞു ചവിട്ടി ഭൂമിയിലേക്കു പറന്നുവന്നു നില്‍ക്കുമോ? ഇല്ലല്ലോ. കൈയില്‍ കിട്ടുന്ന മടലോ കല്ലോയെടുത്ത്‌ ആക്രമിക്കും. എന്റെ നായകനും അതാണു ചെയ്യുന്നത്‌. അമാനുഷികശക്‌തിയൊന്നും എന്റെ കഥപാത്രത്തിനില്ല.

മോഹന്‍ലാല്‍ നായകന്‍, സന്തോഷ്‌പണ്ഡിറ്റ്‌ സംവിധായകന്‍. അങ്ങനെയൊരു പദ്ധതി മനസിലുണ്ടെന്നു കേട്ടു. അതിമോഹമല്ലേ അത്‌?

ലാലേട്ടനെ വച്ച്‌ ഒരു സിനിമചെയ്യണം എന്നതു മോഹമാണ്‌. ഫോണ്‍നമ്പര്‍ കിട്ടിയിട്ടുവേണം വിളിക്കാന്‍. അദ്ദേഹം സമ്മതിച്ചാല്‍ എന്റെ സിനിമ നിര്‍ത്തിയിട്ടു വേണമെങ്കില്‍ പോകും. ഞാന്‍ ഡേറ്റു ചോദിക്കും. ലാലേട്ടന്‍ പറയട്ടെ മറുപടി. സംവിധായകന്‍ മാത്രമായി മുന്നോട്ടു പോകണമെന്നാണ്‌ എന്റെ ആഗ്രഹം.

ഗിന്നസ്‌ബുക്കില്‍ കയറിപ്പറ്റാന്‍ ഒരു ശ്രമം നടക്കുന്നുണ്ടെന്നു കേട്ടു?

ശരിയാണ്‌. ഗിന്നസ്‌ബുക്കില്‍ അപേക്ഷ കൊടുത്തിട്ടുണ്ട്‌. അഭിനയവും സംവിധാനവും വിതരണവുമടക്കം പതിനെട്ടോളം കാര്യങ്ങള്‍ ഒരു സിനിമയില്‍ സ്വയം ചെയ്യുന്ന ആള്‍ എന്നനിലയില്‍ ഈ ലോകത്ത്‌ മറ്റാരാണുള്ളത്‌? ഗിന്നസ്‌ബുക്ക്‌ അധികൃതരുടെ മറുപടിക്കു കാത്തിരിക്കുകയാണു ഞാന്‍.

‘അമ്മ’യില്‍ മെമ്പര്‍ഷിപ്പിനു ശ്രമിച്ചില്ലേ?

‘അമ്മ’യോടു ഞാന്‍ മെമ്പര്‍ഷിപ്പ്‌ ചോദിച്ചിരുന്നു. മൂന്നു സിനിമ കഴിയട്ടെ എന്നാണ്‌ ഇടവേള ബാബുസാര്‍ പറഞ്ഞത്‌. സംഘടന വേണമെന്ന്‌ ആഗ്രഹിക്കുന്നയാളാണു ഞാന്‍.

‘അമ്മ’യില്‍ അംഗത്വം കിട്ടിയെന്നിരിക്കട്ടെ. ‘വായില്‍ തോന്നിയത്‌ കോതയ്‌ക്കു പാട്ട്‌’ എന്ന താങ്കളുടെ നിലപാടുകള്‍ ഏറെത്താമസിയാതെ ചിലപ്പോള്‍ അച്ചടക്കനടപടികള്‍ക്കു കാരണമാകാം?

ഞാന്‍ എന്തുപറഞ്ഞു എന്നല്ലാ, ഏതു സാഹചര്യത്തില്‍ പറഞ്ഞു എന്നുകൂടി നോക്കിവേണം നടപടിയെടുക്കാന്‍. എന്നിട്ടും എന്നെ പുറത്താക്കിയാല്‍ അമ്മയ്‌ക്കു പകരം ഒരു ബദല്‍സംഘടന തുടങ്ങും. ‘അമ്മായിയമ്മ’ ഇങ്ങനെയൊക്കെ പറഞ്ഞാലും അമ്മയില്‍ മെമ്പര്‍ഷിപ്പു വേണമെന്നുതന്നെയാണ്‌ ആഗ്രഹം.

സിനിമയെക്കുറിച്ച്‌ ഏറെ പറഞ്ഞു. താങ്കളുടെ കുടുംബത്തെക്കുറിച്ചറിയാന്‍ ആളുകള്‍ക്കു താല്‍പര്യമുണ്ട്‌.

എന്റെ ചെറുപ്പത്തിലേ അച്‌ഛനും അമ്മയും മരിച്ചു. ഒരു സഹോദരിയുണ്ട്‌. ഇരുപത്തിരണ്ടാമത്തെ വയസിലായിരുന്നു എന്റെ വിവാഹം. ഭാര്യ സുജ. ഏകമകന്‍ നവജ്യോത്‌ പണ്ഡിറ്റ്‌. നാലാംക്ലാസില്‍ പഠിക്കുന്നു. വിവാഹശേഷം ഒരുവര്‍ഷത്തോളം ഞങ്ങള്‍ ഒരുമിച്ചുജീവിച്ചു. ഇപ്പോള്‍ ബന്ധം വേര്‍പെടുത്തി സുഖമായി കഴിയുന്നു.

വിവാഹമോചനത്തെ വളരെ ലാഘവത്തോടെയാണല്ലോ കാണുന്നത്‌? എന്തായിരുന്നു നിങ്ങള്‍ക്കിടയിലെ അകല്‍ച്ചയ്‌ക്കു കാരണം?

ഞങ്ങള്‍ക്ക്‌ ഒത്തുപോകാന്‍ കഴിയില്ലെന്നു തോന്നി. മ്യൂച്ചല്‍ ഡൈവോഴ്‌സായിരുന്നു.

പുകവലി, മദ്യപാനം തുടങ്ങിയ ദു:ശീലങ്ങളൊന്നും എനിക്കുണ്ടായിരുന്നില്ല. ചിലപ്പോള്‍ എന്റെ കോംപ്ലക്‌സാവാം കാരണം. അതല്ലെങ്കില്‍ സന്തോഷിന്റെ ഈ സ്വഭാവംകൊണ്ട്‌ ഇട്ടിട്ടു പോയതാകും എന്നുപറയുന്നവരുമുണ്ടാകും. ആളുകള്‍ക്ക്‌ അവരുടെ മനോധര്‍മ്മംപോലെ കഥകള്‍ സൃഷ്‌ടിക്കാം. പക്ഷേ ഒന്നു പറയാം. ഞങ്ങള്‍ സമാധാനപരമായി ജീവിച്ചു, സമാധാനപരമായി വേര്‍പിരിഞ്ഞു.

ആദ്യചിത്രത്തില്‍ മകന്‍ അഭിനയിച്ചിരുന്നു. രണ്ടാമത്തെ സിനിമയില്‍ ഭാര്യ വിട്ടില്ലെന്നു ശ്രുതി കേട്ടു?

‘കൃഷ്‌ണനും രാധ’യും എന്ന സിനിമയിലെ അങ്കണവാടിയിലെ ടീച്ചറേ… എന്ന ഗാനം പാടി അഭിനയിച്ചത്‌ മകന്‍ നവജ്യോത്‌ പണ്ഡിറ്റാണ്‌. അടുത്ത പടത്തില്‍ വിളിച്ചെങ്കിലും ഭാര്യ വിട്ടില്ല. കുട്ടിയുടെ വിദ്യാഭ്യാസത്തെ ബാധിക്കുമെന്നു കരുതിയാകാം. മകനെ വല്ലാതെ മിസ്‌ ചെയ്യുന്നുണ്ട്‌. ആരൊക്കെ എതിര്‍ത്താലും ഓണത്തിനും വിഷുവിനും ഞാനെന്റെ മോനെ കാണും. കോടിയും വാങ്ങിക്കൊടുക്കും. മകനെ ഞാനവള്‍ക്കു കൊടുത്തതാണ്‌. എപ്പോള്‍ ആവശ്യപ്പെട്ടാലും എന്നെ കാണിച്ചുതരേണ്ടതുമാണ്‌ പക്ഷേ…

ഭാര്യയുമായി ഒത്തുതീര്‍പ്പിനുള്ള സാധ്യതയുണ്ടോ?

ഇല്ല. ഒരിക്കലുമില്ല. ഞാന്‍ ഭാര്യയുടെ ഒപ്പമായിരുന്നെങ്കില്‍ സന്തോഷ്‌ പണ്ഡിറ്റ്‌ എന്ന വ്യക്‌തിയെ ലോകം ഒരിക്കലും അറിയില്ലായിരുന്നു.

മറ്റൊരു വിവാഹത്തെക്കുറിച്ചു ചിന്തിക്കുന്നുണ്ടോ?

തീര്‍ച്ചയായും. എന്നെ ഉപദ്രവിക്കാത്ത, എന്നെ എന്റെ വഴിക്കുവിടുന്ന ഒരു പെണ്ണ്‌… അതാണ്‌ എനിക്കു വേണ്ടത്‌. ഭാര്യയ്‌ക്കു എന്നോടു സജസ്‌റ്റ് ചെയ്യാം. പക്ഷേ സെലക്‌ടുചെയ്യരുത്‌. ചുരുക്കിപ്പറഞ്ഞാല്‍ ഭാര്യയുടെ അടിമയാകാന്‍ എന്നെ കിട്ടില്ല. അങ്ങനെ നല്ല കുട്ടികള്‍ ഇതു വായിക്കുന്നുണ്ടെങ്കില്‍ അവര്‍ക്കു വിവാഹാലോചനയുമായി വരാവുന്നതാണ്‌.

 

Courtesy to : http://mangalam.com/index.php?page=detail&nid=566530&lang=malayalam

You must be logged in to post a comment Login