പണം ഉണ്ടാക്കി കഴിഞ്ഞാൽ

അമേരിക്കയിലെ വളരെ പ്രസിദ്ധനായ ഒരു ബിസിനസ് കൺസൾട്ടന്റ് അദ്ദേഹത്തിന്റെ വാർഷിക അവധിക്കാലം ചിലവഴിക്കാൻ തിരഞ്ഞെടുത്തത് ആഫ്രിക്കയിലെ ഒരു തീർത്തും അപരിഷ്കൃതമായ ഒരു തീരദേശ ഗ്രാമം ആയിരുന്നു. തന്റെ തിരക്കു പിടിച്ച പ്രൊഫഷണൽ ജീവിതത്തിൽ നിന്നും മാറി നിൽക്കാൻ തീർത്തും അനുയോജ്യമായ സ്ഥലമായിരുന്നു അത്.
ഒരു ദിവസം പുറത്തിറങ്ങിയ അദ്ദേഹം ഒരു മീൻപിടുത്ത വഞ്ചി കണ്ടു അതിനടുത്ത് ചെന്നു.
“ഇന്നത്തെ ജോലി കഴിഞ്ഞോ?”
അടുത്തുനിന്നിരുന്ന മുക്കുവനോട്‌ അയാൾ കുശലം ചോദിച്ചു.
“കഴിഞ്ഞു…”
” ഇത് കുറച്ചു മീനേ ഉള്ളല്ലോ”
“എനിക്കും കുടുംബത്തിനും കഴിയാൻ ഇത്ര മതി”
“ഇത് പിടിക്കാൻ എത്ര സമയം വേണ്ടി വന്നു?”
” വളരെ കുറച്ചു സമയം മാത്രം ”
“കൂടുതൽ സമയം മീൻ പിടിക്കാത്തതെന്ത്?”
” ഞാൻ പറഞ്ഞല്ലോ, എനിക്കും കുടുംബത്തിനും കഴിയാൻ ഇത്ര മതി..”
“ബാക്കി സമയം എന്ത് ചെയ്യും”
“ഞാൻ കൂടുതൽ സമയം ഉറങ്ങും, കൂടുതൽ നേരം വീട്ടിൽ കുട്ടികളുമായി ചിലവഴിക്കും, ഉച്ചഭക്ഷണം കഴിഞ്ഞ് മരത്തണലിൽ കിടന്നു മയങ്ങും, വൈകീട്ട് കൂട്ടുകാരോടൊത്ത് ഫുട്ബോൾ കളിക്കും, രാത്രി അവരോടൊപ്പം പാട്ടു പാടി നൃത്തം ചെയ്യും…”
ഇത് കേട്ടപ്പോൾ അമേരിക്കക്കാരന്റെ ഉള്ളിലെ കൺസൾട്ടന്റുണർന്നു. അയാൾ പറഞ്ഞു.
“നിങ്ങൾ ഇങ്ങനെ ജീവിച്ചാൽ പോര… ഞാൻ അമേരിക്കയിലെ ഏറ്റവും വലിയ ബിസിനസ് കൺസൺട്ടന്റ് ആണ്. എനിക്ക് നിങ്ങളെ സഹായിക്കാൻ പറ്റും. ”
“എങ്ങനെ”
” നിങ്ങൾ കൂടുതൽ സമയം മീൻ പിടിക്കാൻ ചിലവഴിക്കണം, അപ്പോൾ നിങ്ങൾക്ക് കൂടുതൽ പണം കിട്ടും. അതുകൊണ്ട് നിങ്ങൾക്ക് സ്വന്തമായി ഒരു ബോട്ട് വാങ്ങാം. അതുപയോഗിച്ച് നിങ്ങൾക്ക് കൂടുതൽ മീൻ പിടിക്കാം. അപ്പോൾ മീൻ ഇടനിലക്കാർക്ക് വിൽക്കാതെ നേരിട്ട് സംസ്കരണ ശാലകൾക്ക് കൂടുതൽ വിലക്ക് വിൽക്കാം. അങ്ങനെ കൂടുതൽ ലാഭം കിട്ടുന്പോൾ നിങ്ങൾക്ക് സ്വന്തമായി സംസ്ക്കരണശാല തന്നെ തുടങ്ങാം. ഇവിടെ നിന്നും നിങ്ങൾക്ക് നഗരത്തിലേക്ക് താമസം മാറാം. അങ്ങനെ നിങ്ങൾക്ക് ഒരു മീൻ സംസ്ക്കരണശാലകളുടെ ഒരു ശൃംഖല തന്നെ പടുത്തുയർത്താം.”
“ഇതിനൊക്കെ എത്ര സമയം പിടിക്കും?”
“പത്തോ ഇരുപതോ വർഷം”
“അതിനു ശേഷം?”
“അതിനു ശേഷം നിങ്ങൾക്ക് നിങ്ങളുടെ കന്പനിയുടെ ഷെയറുകൾ വിറ്റ് കോടികൾ സന്പാദിക്കാം”
“എന്നിട്ട്? ”
” എന്നിട്ട് നിങ്ങൾക്ക് വിശ്രമ ജീവിതത്തിനായി ഏതെങ്കിലും തീരദേശ ഗ്രാമത്തിൽ ചെറിയ വീട് വാങ്ങാം, കൂടുതൽ സമയം ഉറങ്ങാം, കൂടുതൽ നേരം വീട്ടിൽ കുട്ടികളുമായി ചിലവഴിക്കാം, ഉച്ചഭക്ഷണം കഴിഞ്ഞ് മരത്തണലിൽ കിടന്ന് മയങ്ങാം, വൈകീട്ട് കൂട്ടുകാരോടൊത്ത് ഫുട്ബോൾ കളിക്കാം, രാത്രി അവരോടൊപ്പം പാട്ടു പാടി നൃത്തം ചെയ്യാം. അങ്ങനെ നിങ്ങളുടെ ആഗ്രഹം പോലെ ജീവിക്കാം”….
മുക്കുവൻ:- “ഈ കഷ്ടപ്പാട് ഒന്നും ഇല്ലാതെ അതു തന്നെയല്ലേ ഞാൻ ഇപ്പോഴും ചെയ്യുന്നത്?”?

You must be logged in to post a comment Login