നമ്പൂതിരി ഫലിതങ്ങള്‍

തീവണ്ടിയാപ്പീസില്‍ വണ്ടി കാത്തു നില്‍ക്കുന്ന നമ്പൂതിരി കാര്യസ്ഥനോട്: ‘രാമാ വണ്ടി വരാറായാ പറയണംട്ടോ..പരിഭ്രമിക്കാന്‍ തൊടങ്ങാനാ..’

*
ഒരാള്‍ നമ്പൂതിരിയോട് ‘പ്രേതങ്ങളില്‍ വിശ്വാസണ്ടോ?’
നമ്പൂതിരി ‘ താനിങ്ങനെ മുന്‍പീ വന്നു നിന്നു ചോദിക്കുമ്പോ വിശ്വസിക്കാണ്ടെ പറ്റ്വോ?

*
നമ്പൂതിരി വണ്ടിയില്‍ നിന്നും ഇറങ്ങാന്‍ ഭാവിക്കുകയാണ്. ഇതിനിടെ കുറെപ്പേര്‍ കയറാന്‍
തിടുക്കം കാണിച്ചു
നമ്പൂതിരി : ‘ഞാനെറങ്ങട്ടെ’
‘ഞങ്ങളു കയറട്ടെ..’
നമ്പൂതിരി: ‘നിങ്ങക്ക് ഇനി വരണ വണ്ടീലും കേറാം..എനിക്കെറങ്ങണെങ്കില് ഇതീന്നേ പറ്റൂ’

*
കള്ളുകുടിച്ച് വഴക്കുണ്ടാക്കി ആസ്പത്രിയിലാക്കിയ ഒരാള്‍ക്ക് നല്ല മുറിവുണ്ട്. ബോധം കെടുത്തണമെന്ന് ഡോക്ടര്‍ പറയുന്നതു കേട്ട്
നമ്പൂതിരി ‘അതിനി വേണോ?’
ഡോക്ടര്‍ ‘അതെന്താ?’
നമ്പൂതിരി ‘അല്ലാ..ബോധണ്ടായിരുന്നൂച്ചാ ഇങ്ങനെയൊന്നും വരില്ലാലോ’

*
ഒരു ഹോട്ടലിനു മുന്‍വശത്ത് അവിടെ ലഭ്യമാവുന്ന സൌകര്യങ്ങള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന
പരസ്യപ്പലകക്കു സമീപം NO PARKING എന്നെഴുതിവെച്ചിരിക്കുന്നതു കണ്ട് നമ്പൂതിരി
‘ങ്‌ഹേ! ഇബടെ നോപാര്‍ക്കിങ്ങ് സൗകര്യോണ്ടോ? കേമം തന്നെ’

*
മര്‍മ്മ വിദഗ്ദനായ നമ്പൂതിരി തന്നെ കുത്താന്‍ വന്ന പശുവിനെ അടിച്ചോടിക്കാന്‍ നോക്കുകയാണ്. പക്ഷെ എവിടെ നോക്കിയാലും മര്‍മ്മം. മര്‍മ്മത്തടിച്ചാല്‍ പശുവിനെന്തെങ്കിലും പറ്റിയാലോ? നമ്പൂതിരിയുടെ വിഷമം കണ്ട ഒരു വഴിപോക്കന്‍ വടിവാങ്ങി പശുവിനെ ഒറ്റയടി. പശു ഓടറാ ഓട്ടം. ഇതു കണ്ട നമ്പൂതിരി അത്ഭുതത്തോടെ ‘സമര്‍ത്ഥന്‍. ദെങന്യാ നീ രണ്ടു മര്‍മ്മത്തിന്റെ എടേല് ഇത്ര കൃത്യായിട്ട് അടിച്ചേ?’

*
നമ്പൂതിരിക്ക് ഷൊര്‍ണ്ണൂരില്‍ നിന്ന് കണ്ണൂരിലേക്ക് പോണം. പക്ഷെ ആദ്യം വന്നത് എറണാകുളത്തേയ്ക്കുള്ള വണ്ടിയാണ്. ഇതറിയാതെ അകത്തുകയറി ബര്‍ത്തില്‍ ഒരു തോര്‍ത്തും വിരിച്ച് കിടന്നുകൊണ്ട് നമ്പൂതിരി താഴെയുള്ളയാളോട് ‘ എബടെയ്ക്കാ?’
‘എറണാകുളത്തേയ്ക്ക്’
അത്ഭുതത്തോടെ നമ്പൂതിരി ‘ എന്താ കഥ?. ശാസ്ത്രത്തിന്റെ ഓരോ കണ്ടുപിടുത്തങ്ങളേയ്.. ഒരേ വണ്ടീല് മോളിലിരിക്കണയാള് വടക്കോട്ടേയ്ക്ക്, താഴെയുള്ളയാള് തെക്കോട്ടേയ്ക്ക്’

*
നമ്പൂതിരി കാര്യസ്ഥനോട് ‘ഇന്നലെ നെന്റവടെ ആരോ മരിച്ചൂന്ന് കേട്ടൂലോ. ആരേ മരിച്ചത്? നീയോ നെന്റെ ഏട്ടനോ?’
കാര്യസ്ഥന്‍ ‘ അടിയന്‍’

*
നമ്പൂതിരിയുടെ കയ്യില്‍ ഒരു വലിയ പഴവും ചെറിയ പഴവും ഉണ്ട്. ചെറിയ പഴം മറ്റെയാള്‍ക്ക് കൊടുത്തിട്ട് നമ്പൂതിരി വലിയ പഴം തിന്നുവാന്‍ തുടങ്ങി. ഇതു കണ്ട അയാള്‍ ‘ച്ഛെ! മോശം..ഞാനായിരുന്നൂച്ചാ വലിയ പഴം തനിക്ക് തന്നിട്ട് ചെറിയ പഴം
ഞാനെടുക്കുകയേയുള്ളൂ.’
നമ്പൂതിരി ‘ഞാനും അതന്നെയല്ലേ ചെയ്തത്?’

*
നമ്പൂതിരി സര്‍ക്കസ് കാണുവാന്‍ പോയി. അഭ്യാസി വളയത്തിലൂടെ ചാടുകയാണ്. ആദ്യം വലിയ വളയത്തിലൂടെ, പിന്നെ ചെറുതിലൂടെ, പിന്നെ അതിലും ചെറുതിലൂടെ. ഇതു കണ്ട നമ്പൂതിരി ‘ഇക്കണക്കിന് ഇവന്‍ വളയം ഇല്യാണ്ടും ചാടൂലോ’

*
കാര്യസ്ഥന്‍ ശങ്കുണ്ണി കള്ളുകുടിച്ച് പലപ്പോഴും നമ്പൂതിരിയുടെ മുന്നില്‍ ചെല്ലുമായിരുന്നു.
എങ്കിലും നമ്പൂതിരിക്ക് ഇതൊന്നും അറിയില്ലായിരുന്നു. ഒരു ദിവസം രണ്ടുപേരും കൂടി ഒരു യാത്ര പോവുകയായിരുന്നു. കള്ളുഷാപ്പിനു സമീപമെത്തിയപ്പോള്‍ നമ്പൂതിരി ‘ഇതെന്താ ശങ്കൂ..ഇവ്‌ടെ എത്തിയപ്പോ നെന്റൊരു വാസന?’

*
നമ്പൂതിരി വീട്ടുകോലായില്‍ ഇരിക്കുന്ന ഒരാളോട്
മജിസ്‌ട്രേട്ടില്ലെ ഇവടെ?
ഇവടെക്കെന്താ വേണ്ടത്?
ചോയ്ചതിനു മറുപടി പറഞ്ഞാ മതി നീയ്യ്.
ഇവിടുന്ന് എവിടുന്നാണാവോ?
എട ഏഭ്യാ..നെന്നോടല്ലേ പറഞ്ഞത് ചോയ്ച്ചതിനു മറുപടി പറഞ്ഞാ മതീന്ന്. മജിസ്‌ട്രേട്ടില്ലേ ഇവിടെ?
ഞാനാ മജിസ്‌ട്രേട്ട്..
വിഡ്ഡി..നെണക്കത് നേര്‍ത്തേ പറയാര്‍ന്നില്ലേ..എന്നാ നിന്നെ ഞാന്‍ ഇങ്ങനെ നീയ്യ്, എടാ, ഏഭ്യാ എന്നൊക്കെ വിളിക്ക്യോ?

*
നമ്പൂതിരിയും കാര്യസ്ഥനും യാത്ര കഴിഞ്ഞു വരുന്ന വഴി രണ്ടുപേരേയും പാമ്പ് കടിച്ചു.
ആശുപത്രിയില്‍ ഇവരെ പരിശോധിച്ച ഡോക്ടര്‍ നേഴ്‌സിനോട് പറഞ്ഞു
‘ രണ്ടു പേര്‍ക്കും മൂര്‍ഖന്റെ ആന്റിവെനം കുത്തിവെച്ചോളൂ’
ഇതു കേട്ട നമ്പൂതിരി ‘ഡോക്ടറേ..മാനം കളയരുത്..അവന് നീര്‍ക്കോലീടെ ആന്റിവെനം കുത്തിവെച്ചാല്‍ മതി’

*
നമ്പൂതിരി നൂറു രൂപക്ക് കൊടുക്കാം എന്നു പറഞ്ഞ മരത്തിന് കച്ചവടക്കാരന്‍ അന്‍പതു രൂപ പറഞ്ഞു. നമ്പൂതിരി സമ്മതിച്ചില്ല. തര്‍ക്കമായി. അവസാനം കച്ചവടക്കാരന്‍ പറഞ്ഞു
‘എന്നാ അറുപതു രൂപ തരാം. തിരുമേനിക്ക് നഷ്ടം വരണ്ട.’
ഇതുകേട്ട നമ്പൂതിരി ‘എനിക്ക് നഷ്ടം വരരുത് എന്നുള്ളതു കൊണ്ടു തന്നെയാ നൂറു രൂപ തന്നെ വേണംന്ന് പറഞ്ഞത്’

*
ഇല്ലത്ത് ഇത്തവണ ചക്കേം മാങ്ങേം ധാരാളണ്ടോ?
ഉവ്വ്. രണ്ടും ധാരാളണ്ട്.
ചക്കയോളം തന്നെ ഉണ്ടോ മാങ്ങേം?
അതില്ല. ഇത്തവണയും ചക്ക തന്നെയാ വലുത്

*
വളരെകാലത്തിനുശേഷം കണ്ട സുഹൃത്ത് നമ്പൂതിരിയോട് ‘ മക്കളൊക്കെ എങ്ങനെ?’
നമ്പൂതിരി ‘ ഞാന്‍ ഓരോരുത്തരേയും ഓരോ വഴിക്കാക്കി. ഇപ്പോ അവരൊക്കെച്ചേര്‍ന്ന് എന്നെ ഒരു വഴീലാക്കാന്‍ നോക്വാ..’

*
സന്ധ്യയായിട്ടും കുളിക്കാതിരിക്കുന്ന നമ്പൂതിരിയോട് മറ്റൊരു നമ്പൂതിരി ‘ ന്താ കുളീല്യേ?’
ണ്ട് ണ്ട്..
കുറെനേരത്തിനുശേഷവും കുളിക്കാന്‍ പോകാതിരിക്കുന്നതു കണ്ട് വീണ്ടും ചോദിച്ചു. ന്താ കുളീല്യാന്ന്‌ണ്ടോ?
അല്ല. ണ്ട്..ണ്ട്..
പിന്നെന്താ ഇങ്ങനെ ഇരിക്കണേ?
അല്ലാ നാളെ മതിയോന്നാലോചിക്യാ..

*
നമ്പൂതിരി എങ്ങോട്ടോ പോകാന്‍ സ്‌റ്റേഷനില്‍ നില്‍ക്കുകയാണ്.
വണ്ടി വന്നപ്പോള്‍ കമ്പാര്‍ട്ട്‌മെന്റിലുള്ളവരെല്ലാം ഇതില്‍ സ്ഥലമില്ല എന്നു പറഞ്ഞുകൊണ്ട് വാതില്‍ അടച്ചുപിടിച്ചു. നമ്പൂതിരി ഇതൊന്നും വക വെയ്ക്കാതെ തള്ളി അകത്തുകയറി.
ഇതില്‍ കുപിതരായി കയര്‍ത്തവരോട് നമ്പൂതിരി
‘ദേഷ്യപ്പെടണ്ടാ.. അടുത്ത സ്‌റ്റേഷന്‍ മുതല്‍ ഞാനും നിങ്ങളോടൊപ്പം ഉത്സാഹിച്ചോളാം’
യാത്രക്കാര്‍ ‘ എന്തിന്?’
നമ്പൂതിരി ‘ ഇനി കേറാന്‍ നോക്കണോരെ തടുക്കാന്‍’

You must be logged in to post a comment Login