ജയിലില്‍ മടങ്ങിയെത്താന്‍ വേണ്ടി മാത്രം വെറുതെ ഒരു കൊലപാതകം

ജയിലിലേക്ക് മടങ്ങാന്‍ വീണ്ടും കൊലനടത്തിയ അറുപതുകാരന് ജീവപര്യന്തം
കെ.കെ. സുബൈര്‍

ന്യൂഡല്‍ഹി:കൊലക്കേസില്‍ ജീവപര്യന്തം തടവുശിക്ഷ ലഭിച്ച അറുപതുകാരന്‍ സമൂഹത്തിന്റെ അവഗണനയില്‍ പ്രതിഷേധിച്ച് ജയിലിലേക്ക് മടങ്ങുന്നതാണ് നല്ലതെന്ന് കരുതി രണ്ടാമതൊരു കൊലപാതകം കൂടി നടത്തി. പടിഞ്ഞാറന്‍ ഡല്‍ഹി സ്വദേശിയായ സതീഷ്‌കുമാറാണ് ഈ ക്രൂരകൃത്യം നടത്തിയത്. എന്നാല്‍ മൃഗീയമായ കുറ്റകൃത്യമാണ് ഇയാളുടേതെന്നഭിപ്പായപ്പെട്ട ഡല്‍ഹി അഡീഷണല്‍ സെഷന്‍സ് കോടതി സതീഷ്‌കുമാറിന് വീണ്ടും ജീവപര്യന്തം തടവുശിക്ഷ വിധിച്ചു.

ഇയാളുടെ സ്വഭാവം മാറ്റിയെടുക്കാനാവുമെന്ന പ്രതീക്ഷയുള്ളതുകൊണ്ട് മരണശിക്ഷ വിധിക്കുന്നില്ലെന്നാണ് വിധി പ്രസ്താവിച്ചുകൊണ്ട് കോടതി അഭിപ്രായപ്പെട്ടത്.

2009 മാര്‍ച്ചില്‍ തിഹാര്‍ ജയിലില്‍നിന്ന് മോചിതനായി ആറുമാസത്തിനകമാണ് ഇയാള്‍ വീണ്ടും കൊല നടത്തിയത്. അതേ വര്‍ഷം ഒക്ടോബറില്‍ കടത്തിണ്ണയില്‍ ഉറങ്ങുകയായിരുന്ന യുവാവിനെയാണ് സതീഷ്‌കുമാര്‍ കൊലപ്പെടുത്തിയത്.

തുടര്‍ന്ന് കൊലയ്ക്കുപയോഗിച്ച ആയുധവുമായി തൊട്ടടുത്തുള്ള പോലീസ് സ്റ്റേഷനിലേക്ക് പോയി. കൊലയുടെ കാരണവും അയാള്‍ പോലീസിനോട് പറഞ്ഞു. തനിക്ക് ഏറ്റവും നല്ല സ്ഥലം ജയിലാണെന്നാണ്അയാള്‍ പോലീസിനോട് പറഞ്ഞത്.

രണ്ടര വര്‍ഷത്തെ വിചാരണയ്ക്ക് ശേഷം വെള്ളിയാഴ്ച സതീഷ് കുമാറിനെ അഡീഷണല്‍ സെഷന്‍സ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. സതീഷ് കുമാറിനെ മാറ്റിയെടുക്കാന്‍ പറ്റില്ലെന്ന വിശ്വാസം കോടതി വെച്ചുപുലര്‍ത്തുന്നില്ലെന്ന് അഡീഷണല്‍ സെഷന്‍സ് ജഡ്ജി വിജയ്കുമാര്‍ ദാഹിയ ചൂണ്ടിക്കാട്ടി. കുറേക്കാലത്തെ ജയില്‍വാസത്തിന് ശേഷം സതീഷ് കുമാറിന്റെ സ്വഭാവം മാറുകയും നിയമം അനുസരിക്കുന്ന വ്യക്തിയായി അയാള്‍ രൂപപ്പെടുകയും ചെയ്യുമെന്ന് കോടതി പ്രതീക്ഷ പ്രകടിപ്പിച്ചു.

ആദ്യ കൊലക്കേസിലെ ജയില്‍വാസത്തിന് ശേഷം ബന്ധുക്കള്‍ക്കൊപ്പം താമസിക്കാനാണ് സതീഷ് കുമാര്‍ ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ ക്രിമിനല്‍ പശ്ചാത്തലം മുന്‍നിര്‍ത്തി ഇയാളെ ഒപ്പം താമസിപ്പിക്കാന്‍ ബന്ധുക്കള്‍ തയ്യാറായില്ല. തുടര്‍ന്ന് വീടിന് തൊട്ടടുത്തുള്ള ജ്യൂസ് കടയില്‍ ഇയാള്‍ താമസിക്കാന്‍ തുടങ്ങി. എന്നാല്‍ പ്രദേശവാസികളും ഇയാളെ ഇഷ്ടപ്പെട്ടില്ല. തുടര്‍ന്ന് 2009 ഒക്ടോബര്‍ 29-ന് ഉറങ്ങിക്കിടക്കുകയായിരുന്ന യുവാവിനെ ഇയാള്‍ മദ്യപിച്ചെത്തി കുത്തിക്കൊലപ്പെടുത്തുകയാണുണ്ടായത്. ഒടുവില്‍ ആഗ്രഹിച്ചത് പോലെ വീണ്ടും ജയില്‍വാസം കിട്ടുകയും ചെയ്തു.

courtesy to Mathrubhumi.com –
http://www.mathrubhumi.com/story.php?id=279347

You must be logged in to post a comment Login