കൊച്ചിയില്‍ വരുമ്പോള്‍ ബദാം ഷേക്ക്‌ കുടിക്കണമെന്നു ആഗ്രഹം ഉണ്ടോ ?

കൊച്ചിയില്‍ വരുമ്പോള്‍ വഴി അരികില്‍ കിട്ടുന്ന ബദാം ഷേക്ക്‌ കുടിക്കണമെന്നു ആഗ്രഹം ഉണ്ടോ ? എങ്കില്‍ ആദ്യം ഈ വീഡിയോ കാണുക. എന്നിട്ടും ബദാം ഷേക്ക്‌ കുടിക്കണമെന്നു ആഗ്രഹം ഉണ്ടെങ്കില്‍ നിങ്ങളെ ദൈവം രക്ഷിക്കട്ടെ …

കൊച്ചി നഗരത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ബദാം മില്‍ക്ക്‌ നിര്‍മാണ കേന്ദ്രം അടച്ചുപൂട്ടി. ബദാം വില്‍ക്കുന്ന അഞ്ച്‌ ഉന്തുവണ്ടികളും പിടികൂടി. ഭക്ഷ്യവിഷബാധയെത്തുടര്‍ന്ന്‌ ഒരാള്‍ മരിച്ച സംഭവത്തിന്റെ പശ്‌ചാത്തലത്തില്‍ എറണാകുളം നഗരത്തില്‍ കൊച്ചി മേയര്‍ ടോണി ചമ്മണിയുടെ നേതൃത്വത്തിലാണ്‌ ആരോഗ്യ പ്രവര്‍ത്തകര്‍ റെയ്‌ഡ് നടത്തിയത്‌.

നഗരത്തില്‍ ഉന്തുവണ്ടികളില്‍ ബദാം മില്‍ക്ക്‌ വില്‍ക്കുന്ന അന്യസംസ്‌ഥാനക്കാര്‍ താമസിക്കുന്ന എറണാകുളം ഓള്‍ഡ്‌ റെയില്‍വേ സ്‌റ്റേഷന്‍ റോഡിനു സമീപമുള്ള വീട്ടില്‍ വൃത്തിഹീനമായ അന്തരീക്ഷവും മാലിന്യങ്ങള്‍ നിറഞ്ഞ പാചക സംവിധാനങ്ങളും മേയര്‍ നേരിട്ടുകണ്ടു.ഇരുനില കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ സെപ്‌റ്റിക്‌ ടാങ്ക്‌ പൊട്ടിയൊലിച്ചു ദുര്‍ഗന്ധം വമിക്കുന്നുണ്ടായിരുന്നു.

മുകള്‍നിലയിലാണ്‌ ഭക്ഷ്യവസ്‌തുക്കള്‍ പാകം ചെയ്‌തിരുന്നത്‌ . വീടിനു സമീപത്തുള്ള പൊട്ടിപ്പൊളിഞ്ഞ്‌ മാലിന്യം നിറഞ്ഞ കിണറും പരിസരവും മേയര്‍ വീക്ഷിച്ചു. ഈ കിണറ്റിലെ വെള്ളമാണ്‌ ബദാം മില്‍ക്കിനും മറ്റും ഇവര്‍ ഉപയോഗിച്ചിരുന്നതെന്നു പറയുന്നു. വൃത്തിഹീനവും ദുര്‍ഗന്ധപൂരിതവുമായ സാഹചര്യത്തിലാണ്‌ ബദാം ഷെയ്‌ക്ക്, ബദാം മില്‍ക്ക്‌ എന്നിവ നിര്‍മിച്ച്‌ കച്ചവടം നടത്തിയിരുന്നതെന്ന്‌ മനസിലാക്കാന്‍ കഴിഞ്ഞതായി നഗരസഭാധികൃതര്‍ വ്യക്‌തമാക്കി. ഈ ഭക്ഷ്യപദാര്‍ഥങ്ങള്‍ പൊതുജനങ്ങള്‍ക്ക്‌ ഭക്ഷ്യവിഷബാധയും മാരകമായ രോഗങ്ങളും ഉണ്ടാക്കാനിടയുണ്ടെന്ന്‌ പരിശോധക സംഘങ്ങള്‍ പറഞ്ഞു. ഈ സമയത്ത്‌ കെട്ടിടം ഉടമയോ, ഇതുണ്ടാക്കുന്നവരോ സ്‌ഥലത്തുണ്ടായിരുന്നില്ല.

വൃത്തിഹീനമായ സാഹചര്യത്തില്‍ ഭക്ഷണപദാര്‍ഥങ്ങള്‍ തയാറാക്കി വില്‍പന നടത്തുന്നതിന്‌ ഉപയോഗിച്ചിരുന്ന കെട്ടിടം അടച്ചുപൂട്ടുന്നതിന്‌ മേയര്‍ നിര്‍ദേശം നല്‍കി. ഇവിടെയുണ്ടായിരുന്ന മൂന്ന്‌ സൈക്കിളും രണ്ട്‌ ഉന്തുവണ്ടികളും രണ്ട്‌ ഗ്യാസ്‌ സിലിണ്ടറുകളും പിടിച്ചെടുത്തിട്ടുണ്ട്‌.

നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബദാം മില്‍ക്ക്‌ വില്‍പന നടത്തുന്ന അഞ്ച്‌ ഉന്തുവണ്ടികളും പരിശോധകസംഘം പിടികൂടി. പിടിച്ചെടുത്ത ബദാം മില്‍ക്ക്‌ പരിശോധന നടത്തുന്നതിനായി അനലറ്റിക്കല്‍ ലാബിലേക്ക്‌ അയച്ചിട്ടുണ്ട്‌.

You must be logged in to post a comment Login