കാവൽ മാലാഖ

ഒരിക്കൽ പുരുഷു ഒരു വിജനമായ സ്ഥലത്തുകൂടി നടന്നു പോവുകയായിരുന്നു. ചുറ്റും മരങ്ങൾ മാത്രം…അങ്ങനെ പോകുമ്പോൾ പെട്ടെന്ന് ഒരു അശരീരി കേട്ടു:

‘പുരുഷൂ.. വേഗം ഓടി മാറൂ..’

എന്താണെന്ന് പിടികിട്ടും മുൻപ് പുരുഷു അവിടുന്ന് ഓടി മാറി. പെട്ടെന്ന് ഒരു വലിയ മരം അവിടെ ഒടിഞ്ഞുവീണു.
ഭാഗ്യം!!
ഓടി മാറിയില്ലായിരുന്നുവെങ്കിൽ പുരുഷു ജീവനോടെ കാണില്ലായിരുന്നു.

ദിവസങ്ങൾ കഴിഞ്ഞു…

ഒരു ദിവസം പുരുഷു വീട്ടു സാധനങ്ങൾ വാങ്ങി നടന്നു വരുമ്പോൾ വീണ്ടുമൊരു അശരീരി:

“പുരുഷൂ…ഓടിമാറിക്കോ…’

പുരുഷു വഴിയിൽ നിന്നും ഓടി മാറിയപ്പോൾ അതേ സ്ഥലത്തുകൂടി നിയന്ത്രണം വിട്ട ഒരു ലോറി പാഞ്ഞുപോയി ഇലക്ടിക് പോസ്റ്റിൽ ഇടിച്ചു മറിഞ്ഞു. പുരുഷു പകച്ചുപോയി. താടിക്കു കൈയ്യും കൊടുത്ത് അല്പനേരം നിലത്തിരുന്നു.
പിന്നീട് മുകളിലേക്കു നോക്കി ഉച്ചത്തിൽ ചോദിച്ചു:

‘ആരാണ് നീ,
നീ എന്റെ കൂടെ തന്നെ ഉണ്ടല്ലോ?’

പെട്ടെന്ന് മുകളിൽ ഒരു മനുഷ്യരൂപം പ്രത്യക്ഷമായി!!
“ഞാൻ മാലാഖയാണ്. നിന്നെ അപകടങ്ങളിൽ പെടാതെ രക്ഷപ്പെടുത്തലാണ് എന്റെ ജോലി”.

അല്പനേരത്തെ നിശ്ശബ്ദതക്കു ശേഷം പുരുഷു ചോദിച്ചു:
ഞാൻ ഒരു മാലാഖയെ ആദ്യമായാണ് കാണുന്നത്, ഒന്ന് എന്റെ അടുത്തു വരാമോ?.

മാലാഖ താഴെയിറങ്ങി പുരുഷുവിന്റെ മുമ്പിലെത്തി.
പുരുഷു മാലാഖയെ അടിമുടി ഒന്നു നോക്കി, എന്നിട്ട് മാലാഖയുടെ കരണക്കുറ്റി നോക്കി ഒരടി.!!!

എന്നിട്ടു ചോദിച്ചു:

” രക്ഷപെടുത്താൻ നടക്കുകയാണു പോലും….
ഒരു മാലാഖ!
എന്റെ കല്യാണദിവസം നീ എവിടെപ്പോയി കിടക്കുകയായിരുന്നു…..”

????

You must be logged in to post a comment Login