കല്ല്യാണച്ചിരികള്‍

തെരുവില്‍വെച്ച് ഒരുത്തന്‍ അനിലിനോട് ഒരു രൂപ ഭിക്ഷ ചോദിച്ചു. എത്രയോ ദിവസമായി കുളിക്കാത്ത, മുഷിഞ്ഞുനാറിയ വസ്ത്രം ധരിച്ച, താടിയും മുടിയും നീട്ടിവളര്‍ത്തിയ വൃത്തികെട്ട ഒരു ചെറുപ്പക്കാരനായിരുന്നു അത്.
അനില്‍ ആ വൃത്തികെട്ട ചെറുപ്പക്കാരനോട് ചോദിച്ചു: ‘നീ മദ്യപിക്കുമോ?’
‘ഇല്ല’ ചെറുപ്പക്കാരന്‍ പറഞ്ഞു.
‘ബീഡിവലിക്കുമോ?’
‘ഇല്ല.’
‘ചീട്ടുകളിക്കുമോ?’
‘ഇല്ല.’
ഒരു രൂപ ചോദിച്ച ആ ചെറുപ്പക്കാരന് അഞ്ചുരൂപ കൊടുത്തുകൊണ്ട് അനില്‍ ചോദിച്ചു: ‘നിനക്കെന്റെ കൂടെയൊന്ന് വീടുവരെ വരാമോ? എങ്കില്‍ നിനക്കു ഞാന്‍ അഞ്ചുരൂപ അധികം തരാം.’
ചെറുപ്പക്കാരന്‍ സമ്മതിച്ചു.
അനില്‍ അവനേയും കൂട്ടി വീട്ടിലെത്തി. ആ വൃത്തികെട്ട, നാറുന്ന സത്വത്തെ കണ്ട ഭാര്യ അനിലിനെ മാറ്റിനിര്‍ത്തി ചോദിച്ചു: ‘ഇതെന്തിനാ ഈ സാധനത്തിനെ ഇങ്ങോട്ടു കൂട്ടിക്കൊണ്ടു വന്നത്? നിങ്ങക്കെന്താ തലയ്ക്ക് ഓളമുണ്ടോ?’
‘നീ പറയാറുള്ള മാതൃകാപുരുഷന്‍ എങ്ങിനെയിരിക്കുമെന്ന് കണ്ടോളൂ’ അനില്‍ മറുപടി പറഞ്ഞു ‘ഇവന്‍ കുടിക്കില്ല, ബീഡിവലിക്കില്ല, ചീട്ടുകളിക്കില്ല.’

****
നരേന്ദ്രന്റെ വിവാഹം കഴിഞ്ഞു.
അതുവരെ ക്ലബില്‍നിന്ന് ഏറ്റവും താമസിച്ചു വീട്ടില്‍ പോകാറുള്ള നരേന്ദ്രന്‍ നേരത്തേ പോയിത്തുടങ്ങി. അതു കണ്ട സുഹൃത്ത് ചോദിച്ചു: ‘എന്തേ നരേന്ദ്രാ, നേരത്തേ വീട്ടില്‍ പോകുന്നത്?’
ഒരല്പം നാണത്തോടെ നരേന്ദ്രന്‍: ‘വീട്ടില്‍ ഭാര്യണ്ടെടോ…’
കുറച്ചു മാസങ്ങള്‍ക്കുശേഷം രാത്രി ക്ലബ് അടയ്ക്കാറായിട്ടും നരേന്ദ്രന്‍ അവിടെനിന്നു പോകാത്തതുകൊണ്ടു മാനേജര്‍ ചോദിച്ചു:
‘എന്തേ സാര്‍, വീട്ടില്‍ പോകാത്തത്?’
ദേഷ്യത്തോടെയും വെറുപ്പോടെയും നരേന്ദ്രന്‍: ‘വീട്ടില്‍ ഭാര്യയുണ്ടെടോ…’

****
ഭാര്യയെ ഒന്നമ്പരപ്പിക്കാനായി ഗള്‍ഫില്‍നിന്നും യാതൊരറിയിപ്പുമില്ലാതെ അതിരാവിലെ സഹദേവന്‍ വീട്ടിലെത്തി.
ഭാര്യ അടുക്കളയിലായിരുന്നു.
പതുക്കെ, ശബ്ദമുണ്ടാക്കാതെ അടുക്കളയിലെത്തിയ സഹദേവന്‍, ഭാര്യയുടെ പിന്നില്‍ച്ചെന്ന് കണ്ണുപൊത്തിപ്പിടിച്ചു. എന്നിട്ടു ശബ്ദം മാറ്റിപറഞ്ഞു: ‘പറ, ഞാനാരെന്ന്’
ഉടനെ ഭാര്യ പറഞ്ഞു: ‘പാല്‍ക്കാരന്‍ സോമേട്ടന്‍’ പെട്ടെന്ന് ദേഷ്യം പിടിച്ച ഭര്‍ത്താവ് അന്താളിപ്പോടെ ചോദിച്ചുപോയി: ‘ങേ?’
ഉടനെ ഭാര്യ പറഞ്ഞു: ‘സോമേട്ടനല്ലെങ്കില്‍ പത്രമിടാന്‍ വരുന്ന
നൗഫല്‍.’
ഇപ്പോള്‍ ദേഷ്യംകൊണ്ട് ശരിക്കും ഒരു മുരള്‍ച്ചയാണ് സഹദേവന്റെ ഉള്ളില്‍നിന്നുമുണ്ടായത്. അതു കേട്ടപ്പോള്‍ ഉത്സാഹത്തോടെ ഭാര്യ പറഞ്ഞു: ‘പിടികിട്ടി പിടികിട്ടി, ഇന്നു വ്യാഴാഴ്ച, അപ്പോള്‍ ആഴ്ചപ്പിരിവിന് വരുന്ന അണ്ണാച്ചി.’

****
ദുര്‍നടപ്പുകാരനായ ഭര്‍ത്താവിന്റെ ശവമടക്കു ചടങ്ങില്‍ പങ്കെടുക്കുകയാണ് ട്രീസ.
ജീവിച്ചിരുന്ന കാലത്ത് ധാരാളം സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നയാളും മുഴുക്കുടിയനുമായിരുന്നു ട്രീസയുടെ ഭര്‍ത്താവ്.
ശവമടക്കുക്രിയകള്‍ നടത്തിയിരുന്ന പുരോഹിതന്‍ പക്ഷേ, പതിവുപോലെ മരണപ്പെട്ടയാളുടെ സദ്ഗുണങ്ങള്‍ ഓരോന്നോരോന്നായി വര്‍ണിക്കാന്‍ തുടങ്ങി.
പുരോഹിതന്റെ വര്‍ണനകള്‍ക്കിടയില്‍ കയറി ട്രീസ പറഞ്ഞു: ‘നിങ്ങള്‍ക്ക് ആളു തെറ്റിയെന്നു തോന്നുന്നു. ഇപ്പോള്‍ മറവുചെയ്യപ്പെട്ടയാള്‍ എന്റെ ഭര്‍ത്താവായിരിക്കാന്‍ ഇടയില്ല. ‘

****
വര്‍ഷങ്ങള്‍ക്കുശേഷം ലീലയെ കാണാനെത്തിയ രമണി: ‘എത്രയായി നിന്നെ കണ്ടിട്ട്? എവിടെ നിന്റെ കെട്ടിയവന്‍?’
ലീല: ‘നീയറിഞ്ഞില്ല, അല്ലേ? രാജേട്ടന്‍ രണ്ടുമാസങ്ങള്‍ക്കുമുന്‍പ് മരിച്ചുപോയി.’
രമണി: ‘ദൈവമേ! എന്താണ് പുള്ളിക്കാരന് സംഭവിച്ചത്?’
ലീല: ‘അത്താഴത്തിന് കുറച്ച് ഇറച്ചി വാങ്ങാന്‍വേണ്ടി ഞങ്ങള്‍ മാര്‍ക്കറ്റിലേക്ക് പോകുകയായിരുന്നു. വഴിക്കുവെച്ച് അങ്ങേര് കുഴഞ്ഞു വീണു മരിച്ചു.’
രമണി: ‘ഹോ! വല്ലാത്തൊരു സംഭവംതന്നെ! എന്നിട്ടെന്തു ചെയ്തു?’
ലീല: ‘എന്തു ചെയ്യാന്‍? ശവമടക്കു കഴിഞ്ഞ് പിന്നെ ഇറച്ചി വാങ്ങാനെവിടെ നേരം! അതുകൊണ്ടു ഞാനന്നു രാത്രി പച്ചക്കറികൂട്ടി ഊണുകഴിച്ചു.’

****
ഫോഡ് കാറുകളുടെ നിര്‍മാതാവായ ഹെന്റി ഫോഡിനോട് അദ്ദേഹത്തിന്റെ വിജയകരമായ ദാമ്പത്യജീവിതത്തിന്റെ രഹസ്യമെന്തെന്ന് ഒരു പത്രറിപ്പോര്‍ട്ടര്‍ അന്വേഷിച്ചു. ഹെന്റി ഫോഡിന്റെ മറുപടി: ‘കാറുകളുടെ നിര്‍മാണത്തിലും വിവാഹജീവിതത്തിലും എന്റെ വിജയഫോര്‍മുല ഒന്നുതന്നെ: ഒരൊറ്റ മോഡലില്‍ ഉറച്ചു നില്ക്കുക.’

****
യഹോവ ആദമിന്റെ വാരിയെല്ലെടുത്ത് സ്ത്രീയെ സൃഷ്ടിച്ച് ഏതാനും ദിവസങ്ങള്‍കഴിഞ്ഞ് ഒരു ദിവസം രാത്രി ആദം തിരിച്ചെത്തിയപ്പോള്‍ പരിഭവത്തോടെ ഹവ്വ പറഞ്ഞു: ‘എന്തേ ഇത്ര വൈകിയത്? ഏതോ സുന്ദരിയുടെ വായ്‌നോക്കി നില്ക്കുകയായിരുന്നില്ലേ?’ ഇതുകേട്ട് ആദം ചിരിച്ചു: ‘അതിന് പറുദീസായില്‍ മനുഷ്യജീവികളായി നമ്മള്‍ രണ്ടുപേരുമല്ലേയുള്ളൂ… മണ്ടിപ്പെണ്ണേ…’ ഹവ്വയ്ക്ക് സമാധാനമായി. എന്നാലും അവള്‍ക്ക് അന്നു രാത്രി ഉറക്കം വന്നില്ല. രാത്രിയേറെച്ചെന്ന് ആദം കൂര്‍ക്കം വലിച്ചുറങ്ങാന്‍ തുടങ്ങിയപ്പോള്‍ ഹവ്വ പതുക്കെ ആദമിന്റെ വാരിയെല്ലുകള്‍ എണ്ണിനോക്കാന്‍ തുടങ്ങി.
ജെലപരുഏ
നരേന്ദ്രന്‍ വിവാഹം കഴിച്ചു.
ഭാര്യയുടെ പേര് ഐശ്വര്യ എന്നായിരുന്നുവെങ്കിലും അവരുടെ ദാമ്പത്യത്തില്‍ അത്ര ഐശ്വര്യമൊന്നും ഉണ്ടായിരുന്നില്ല. നവവധുവും വരനും തമ്മില്‍ ശണ്ഠയോടു ശണ്ഠ. ഐശ്വര്യ പെട്ടെന്ന് കോപം വരുന്നവളായിരുന്നു; നരേന്ദ്രന്റെ കാര്യവും മറിച്ചല്ല.
ശണ്ഠ ഓരോ ദിവസവും കൂടിക്കൂടി വന്നു.
ഒരു ദിവസം നരേന്ദ്രന്‍ തന്റെ ഉറ്റ സുഹൃത്തായ അജിത്തിനോടു
പറഞ്ഞു: ‘ഞാനവളെ കൊല്ലും.’
‘ആരെ?’ അജിത്ത് ചോദിച്ചു.
‘ആ മൂധേവിയെ; എന്റെ ഭാര്യയെന്നു പറയുന്നവളെ.’
കോപത്തോടെ നരേന്ദ്രന്‍ പറഞ്ഞു.
‘ദേഷ്യം വരുമ്പോള്‍ ഇങ്ങനെയൊക്കെ തോന്നും’ അജിത്ത് അവനെ സമാധാനിപ്പിക്കാന്‍ പറഞ്ഞു.
‘ഞാന്‍ കളി പറഞ്ഞതല്ല’ നരേന്ദ്രന്‍ അരയില്‍നിന്നു മൂര്‍ച്ചയേറിയ ഒരു കത്തിയെടുത്തു കാണിച്ചുകൊണ്ടു തുടര്‍ന്നു: ‘ഇതാ അതിനു വേണ്ടിയാണ് ഞാനീ കത്തി വാങ്ങിയത്. ഇന്നു രാത്രി അവളുറങ്ങുമ്പോള്‍ ഞാനതു ചെയ്യും. എന്നിട്ട് ജയിലില്‍ പോകും.’
നരേന്ദ്രന്‍ ഗൗരവമായാണ് പറയുന്നതെന്നു കേട്ട് അജിത്ത് ഞെട്ടിപ്പോയി. അവന്‍ കുറെ സമയമെടുത്ത് നരേന്ദ്രന്റെ കോപം ശമിപ്പിച്ചു. പിന്നെ പതുക്കെപ്പതുക്കെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കിക്കൊടുത്തു. ദാമ്പത്യത്തിന്റെ വിജയത്തിനു ദമ്പതികള്‍ ചെയ്യേണ്ട നീക്കുപോക്കുകളെക്കുറിച്ചെല്ലാം അയാള്‍ അവനെ ബോധിപ്പിച്ചു.
പതുക്കെ നരേന്ദ്രന്‍ തണുത്തു. അജിത്ത് അവന്റെ കൈയില്‍നിന്നു കത്തിവാങ്ങി തോട്ടിലേക്കെറിഞ്ഞു. ഇനി ഇങ്ങിനെയുള്ള ചിന്തകളുണ്ടാവില്ലെന്ന് അവനില്‍നിന്ന് ഉറപ്പും വാങ്ങി.
അങ്ങനെ പത്തു വര്‍ഷങ്ങള്‍ കടന്നുപോയി. നരേന്ദ്രന്റെയും ഐശ്വര്യയുടേയും പത്താം വിവാഹവാര്‍ഷികമായി.
വിവാഹവാര്‍ഷികം ആര്‍ഭാടമായിരുന്നു. സുഹൃത്തുക്കളും ബന്ധുക്കളുമായി ഒരുപാടുപേര്‍ എത്തിയിട്ടുണ്ട്. അജിത്തും എത്തിച്ചേര്‍ന്നു.
പാര്‍ട്ടിക്കിടയില്‍ അജിത്തും നരേന്ദ്രനും ഒരല്പം മദ്യപിച്ചു കൊണ്ടിരുന്നപ്പോള്‍ അജിത്ത് പഴയ ആ സംഭവം ഓര്‍മിപ്പിച്ചു.
‘ഓര്‍ക്കുന്നുണ്ടോ നരേന്ദ്രാ, അന്നു രാത്രിയില്‍ ഐശ്വര്യയെ കൊല്ലണമെന്നും പറഞ്ഞ് നീ കത്തിയുമായി വന്നത്? അന്ന് എന്റെ ഇടപെടല്‍ ഇല്ലായിരുന്നുവെങ്കില്‍ എന്താകുമായിരുന്നു! ഇതാ കണ്ടില്ലേ, ഇപ്പോള്‍ നിങ്ങടെ പത്താം വിവാഹവാര്‍ഷികമായിരിക്കുന്നു. അന്നത്തെ എന്റെ ഇടപെടലിന് നീയെനിക്ക് എന്തു സമ്മാനമാണ് തരാന്‍ പോകുന്നത്?’
‘സമ്മാനം!’ പല്ലിറുമ്മിക്കൊണ്ട് നരേന്ദ്രന്‍ അലറി.
‘ഈ മൂധേവിയെ ഞാനന്ന് കൊന്നിരുന്നെങ്കില്‍ ഇപ്പോള്‍ ശിക്ഷ കഴിഞ്ഞ് ഞാന്‍ സ്വതന്ത്രനാകുമായിരുന്നു. നിന്റെ ഒരാളുടെ കാരണമാ ഞാനിപ്പോഴും നരകിക്കുന്നത്.’

***
രാത്രിയില്‍ ഭാര്യ ഭര്‍ത്താവിനോട്: ‘ഞാന്‍ മരണപ്പെട്ടു പോയാല്‍ ചേട്ടന്‍ വേറെ വിവാഹം കഴിക്കില്ലേ?’
ഭര്‍ത്താവ്: ‘ഇല്ലേയില്ല.’
ഭാര്യ: ‘എന്നോട് അത്രയ്ക്കിഷ്ടമാണോ?’
ഭര്‍ത്താവ്: ‘അതുകൊണ്ടല്ല; ചൂടുവെള്ളത്തില്‍ വീണ പൂച്ച പച്ചവെള്ളം കണ്ടാലും പേടിക്കില്ലേ…’
നരകഏ
ആക്‌സിഡന്റുപറ്റി മരണാസന്നനായി ആശുപത്രി ഐ.സി.യുവില്‍ കിടക്കുന്ന ഭര്‍ത്താവ് തന്റെ ഭാര്യയെ അരികിലേക്കു വിളിച്ചു പറഞ്ഞു: ‘സുമിത്രേ ഞാന്‍ മരിച്ചുപോയാല്‍ നീ നമ്മടെ അയല്‍വാസി ജഗദീഷിനെ വിവാഹം ചെയ്യണം.’
ഭാര്യ: ‘നിങ്ങള്‍ക്കെന്താ മനുഷ്യാ ബോധമില്ലേ? ആ ജഗദീഷ് എന്നു പറയുന്നവന്‍ നിങ്ങടെ ബദ്ധശത്രുവല്ലേ?’
ഭര്‍ത്താവ്: ‘അതുകൊണ്ടുതന്നെയാടീ ഞാന്‍ നിന്നോടങ്ങനെ പറഞ്ഞത്. അവനും അറിയട്ടെ നരകമെന്താണെന്ന്!’

****
വിനോദയാത്രയ്ക്കിടയില്‍ സൂയിസൈഡ് പോയന്റില്‍ എത്തിയ മകന്‍ അമ്മയോട്: ‘ഞാന്‍ അവിടെ ചെന്നൊന്ന് കണ്ടോട്ടെ?’
അമ്മ: ‘വേണ്ട വേണ്ട! അവിടെനിന്ന് താഴോട്ടു വീണുപോകാനിടയുണ്ട്.’
മകന്‍: ‘അപ്പോള്‍ പപ്പ അവിടെ ചെന്നു നില്ക്കുന്നതോ?’
അമ്മ: ‘നിന്റെ പപ്പയ്ക്ക് ലൈഫ് ഇന്‍ഷൂറന്‍സ് പോളിസിയുണ്ട്.’

****
ഒരു വക്കീലും ഭാര്യയും നഗരത്തിലൂടെ നടന്നുപോകുമ്പോള്‍ എതിരെ ഒരു സുന്ദരിയായ യുവതി വന്നു. വക്കീലിനെ നോക്കി ആ സ്ത്രീ ചിരിച്ചു; തിരിച്ച് വക്കീലും.
ആ യുവതി കടന്നുപോയപ്പോള്‍ ഭാര്യ വക്കീലിനോടു ചോദിച്ചു: ‘ഏതാണാ പെണ്ണ്?’
തെല്ലൊരു പരിഭ്രമത്തോടെ വക്കീല്‍ പറഞ്ഞു: ‘ഒരു കക്ഷി.’
‘അതെനിക്കു തോന്നി.’ ഭാര്യ പറഞ്ഞു: ‘എനിക്കറിയേണ്ടത് അവള്‍ നിങ്ങളുടെ കക്ഷിയോ; അതോ നിങ്ങള്‍ അവളുടെ കക്ഷിയോ, എന്നാണ്’

****
ഉണ്ണിക്കുട്ടന്‍: ‘അമ്മേ, എന്നെപ്പോലെ ഏഴുപേര്‍ ഈ ഭൂമിയിലുണ്ടായിരിക്കുമെന്നു പറയുന്നത് ശരിയാണോ?’
അമ്മ: ‘നിന്റെ പപ്പയുടെ സ്വഭാവം വെച്ച് ഏഴല്ല എഴുപതുപേര്‍ ഉണ്ടാകും!’
ളലഗ്ലഘഹഴയഹó
ഒരു ശവഘോഷയാത്ര നീങ്ങുകയാണ്്.
ഒരു സ്ത്രീയാണ് മരിച്ചത്. പക്ഷേ, ഘോഷയാത്രയിലുള്ളവരില്‍ കുറേപേര്‍ മാറത്ത് ‘ഒന്ന്, രണ്ട്, മൂന്ന്’ എന്നിങ്ങനെ കുറേ നമ്പറുകള്‍ കുത്തിയിട്ടുണ്ട്.
അത് ഇരുപത്തിയൊന്ന് എണ്ണമുണ്ട്.
ഇതു കണ്ട് അമ്പരന്ന ഒരാള്‍ ശവഘോഷയാത്രയിലെ ‘ഇരുപത്തി ഒന്ന്’ എന്ന നമ്പര്‍ കുത്തിയ ആളോട് എന്താണ് ഇങ്ങനെ വിചിത്രമായ ഒരു ശവഘോഷയാത്ര എന്നു ചോദിച്ചു.
അയാള്‍ പറഞ്ഞു: ‘ഈ സ്ത്രീ മരിച്ചത് അവരുടെ വീട്ടില്‍ത്തന്നെ ഗൃഹനാഥന്‍ കൊണ്ടുവന്ന ഒരു പുതിയ പട്ടി കടിച്ചാണ്. സ്ത്രീകള്‍ അടുത്തെത്തിയാല്‍ അതു കടിച്ചു കൊന്നുകളയും.’
ഉടനെ മറ്റേയാള്‍ ചോദിച്ചു:
‘ആ പട്ടിയെ എനിക്ക് ഒന്നോ രണ്ടോ ദിവസത്തേക്ക് കിട്ടുമോ?’
‘താങ്കളിപ്പോള്‍ ക്യൂവിലാണ്. മരിച്ച ആ സ്ത്രീയുടെ ഭര്‍ത്താവിന്റെ പക്കല്‍ അയ്യായിരം രൂപ നല്കി ഇരുപത്തിരണ്ട് എന്ന അടുത്ത നമ്പര്‍ വാങ്ങിക്കൊള്ളൂ.’

****
ഭാര്യ ഭര്‍ത്താവിനോട്: ‘ചേട്ടന്‍ എല്ലായ്‌പോഴും എന്റെ ഫോട്ടോ പേഴ്‌സില്‍ സൂക്ഷിക്കുന്നുണ്ടല്ലോ’
ഭര്‍ത്താവ്: ‘അതേ പ്രിയേ… എന്തു പ്രശ്‌നം വരുമ്പോഴും ഞാനതെടുത്തു നോക്കി ധൈര്യവും ആത്മവിശ്വാസവും സംഭരിക്കും’
ഭാര്യ: ‘ഹോ! എന്റെ ചിന്തയില്‍ ചേട്ടന് ധൈര്യവും ആത്മവിശ്വാസവും ലഭിക്കുമെന്നോ! അത്രയ്ക്ക് സ്വാധീന ശക്തിയുണ്ടോ എനിക്ക്?’
ഭര്‍ത്താവ്: ‘ഉണ്ടോയെന്നോ! നിന്റെ ഫോട്ടോ നോക്കി ഞാനെന്നോടു തന്നെ പറയും, ഈ പ്രശ്‌നത്തേക്കാളും വലിയ പ്രശ്‌നം എനിക്കെന്തു വരാനാണെന്ന്!’

****
സന്തുഷ്ടമായ ദാമ്പത്യ ജീവിതത്തിനു ഭര്‍ത്താവ് ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട രണ്ടു കാര്യങ്ങള്‍
ഒന്ന്: വായ സദാസമയവും അടച്ചു വെക്കുക
രണ്ട്: ചെക്ക് ബുക്ക് സദാസമയവും തുറന്നു വെക്കുക.

****
രവി: ‘എന്റെ ഭാര്യ ഒരു മാലാഖയാണ്.’
രഘു: ‘ഭാഗ്യവാന്‍! എന്റേത് ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്.’

****
രണ്ടു സുഹൃത്തുക്കള്‍ റോഡിലൂടെ നടക്കുകയായിരുന്നു. അരികിലൂടെ പാഞ്ഞുപോയ ഒരു ജീപ്പിന്റെ ഹോണ്‍ ശബ്ദം കേട്ട് ഒന്നാമന്‍ വല്ലാതെ ഞെട്ടി.
അതു കണ്ട് രണ്ടാമന്‍: ‘എന്തു പറ്റി?’
ഒന്നാമന്‍: ‘ഞാന്‍ പറഞ്ഞില്ലേ എന്റെ ഭാര്യ രണ്ടു ദിവസംമുന്‍പ് ഒരുത്തന്റെ കൂടെ ഒളിച്ചോടിപ്പോയെന്ന്? ഒരു ജീപ്പ് ഡ്രൈവറുടെ കൂടെയാ അവള് പോയത്. ആ ഹോണടി കേട്ടപ്പോള്‍ ഞാന്‍ വിചാരിച്ചുപോയി, അവളെയെങ്ങാന്‍ തിരിച്ചു കൊണ്ടുവിടാന്‍ അയാള്‍ വന്നതായിരിക്കുമെന്ന്.’

****
ഇരുപത്തിയഞ്ചാം വിവാഹവാര്‍ഷികത്തിന് മുഴുക്കുടിയനായ നരേന്ദ്രന്‍ തന്റെ ഭാര്യയ്ക്ക് സമ്മാനമായി കൊടുത്തത് ഒരു റിസ്റ്റ് വാച്ച്. ഭാര്യയായ സുനന്ദയാകട്ടെ ഒരു കുരങ്ങന്‍ കുഞ്ഞിനെയാണ് ഭര്‍ത്താവിനു സമ്മാനിച്ചത്. നരേന്ദ്രന് അത് ഒട്ടും ഇഷ്ടമായില്ല. അയാള്‍ അവളോടു കയര്‍ത്തു: ‘ഇതെന്തു മണ്ടത്തരമാ നീ കാണിച്ചത്? ഈ കുരങ്ങനെ നമ്മള്‍ എവിടെയാണ് താമസിപ്പിക്കുക?’
സുനന്ദ: ‘അതിനു പ്രയാസമില്ല. അതു നമ്മുടെ കൂടെ കിടക്കയില്‍ കിടന്നുകൊള്ളും.’
നരേന്ദ്രന്‍: ‘നമ്മുടെ കൂടെ കിടക്കയില്‍ കുരങ്ങനോ? നാറ്റമുണ്ടാ
വില്ലേ?’
അന്നും മൂക്കറ്റം മദ്യപിച്ചുവന്ന നരേന്ദ്രനെ നോക്കി സുനന്ദ: ‘കഴിഞ്ഞ ഇരുപത്തിയഞ്ചു വര്‍ഷമായി എനിക്കതു സഹിക്കാമെങ്കില്‍, ആ കുരങ്ങനും പെട്ടന്നുതന്നെ അതു ശീലിച്ചുകൊള്ളും.’

****
ഭാര്യ ഭര്‍ത്താവിനോട്: ‘അങ്ങേലെ ജോസേട്ടനെ നോക്കൂ. അങ്ങോര്‍ എന്നും ജോലിക്കു പോകുന്നതിനുമുന്‍പ് ഭാര്യ മോളിക്കുട്ടിയെ ചുംബിക്കുന്നതു കണ്ടില്ലേ? നിങ്ങള്‍ക്കും അങ്ങനെ ചെയ്താലെന്താ?’
ഭര്‍ത്താവ്: ‘ആഗ്രഹമില്ലാഞ്ഞിട്ടല്ല. മോളിക്കുട്ടിയെ ഞാന്‍ ചുംബിക്കുന്നത് ജോസിനിഷ്ടമാകുമോ എന്നു കരുതിയിട്ടാണ്.’

****
മൃഗശാല കാണാന്‍ പോയി വന്ന ഭാര്യ പറഞ്ഞു: ‘നമുക്കു വിവാഹമോചനം നടത്താം. ഞാനിന്നു വക്കീലിനെ കാണുന്നുണ്ട്.’
ഭര്‍ത്താവ്: ‘അതെന്തിന്? ഞാനെന്തു തെറ്റു ചെയ്തു?’
ഭാര്യ: ‘നിങ്ങള്‍ പലപ്പോഴും എന്നെ ഹിപ്പൊപൊട്ടാമെസേ എന്നു വിളിക്കാറില്ലേ. അത് എന്തോ നല്ല വാക്കാണെന്നാ ഞാന്‍ കരുതിയിരുന്നത്. ഇന്നതിനെ നേരിട്ടു കണ്ടു.’

You must be logged in to post a comment Login