ഒരു പ്രണയ കഥ

രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഞാന്‍ അവളെ ആദ്യമായി കാണുന്നത്. മുല്ലപ്പൂ നിറമുള്ള ഒരു സുന്ദരി. കണ്ടാല്‍ ആരും കൊതിക്കുന്ന അഴക്‌. വല്യ പണക്കാരി ഒന്നുമല്ലെന്നാല്‍ പോലും എനിക്കവള്‍ സമ്പന്നയാണ്.

എന്‍റെ നാട്ടുകാരി അല്ലെങ്കിലും എനിക്കെന്തോ കണ്ടമാത്രയില്‍ തന്നെ അവളോട്‌ വല്ലാത്തൊരു അടുപ്പം തോന്നി. സ്വന്തമാക്കാന്‍ ഒരുപാടു മോഹിച്ചു. വിഷയം വീട്ടില്‍ അവതരിപ്പിച്ചപ്പോ ഒരുപാട് എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നെങ്കിലും എന്‍റെ നിര്‍ബന്ധത്തിനു വഴങ്ങി ഒടുവില്‍ അവര്‍ സമ്മതിച്ചു.

അങ്ങനെ അവളെന്‍റെയായി.

അധികസമയവും ഞാന്‍ ചെലവഴിക്കുന്നത് അവളോടൊരുമിച്ചായിരുന്നു. എത്ര നേരം സംസാരിച്ചാലും എന്തൊക്കെ പറഞ്ഞാലും അവള്‍ ചൂടാകുമായിരുന്നില്ല. സംസാരിച്ചു സംസാരിച്ചു ക്ഷീണിച്ച് ഉറങ്ങിപ്പോകും പാവം.
രണ്ടുവര്‍ഷങ്ങള്‍ക്കിപ്പുറം ഒരിക്കല്‍ വീടിന്‍റെ ഏറ്റവും മുകളിലത്തെ നിലയില്‍ നിന്ന് ഞങ്ങള്‍ സംസാരിച്ചുകൊണ്ടിരിക്കെ അവിചാരിതമായി അവള്‍ താഴേക്കു വീണു.

ഒരു നിമിഷം ഞാന്‍ സ്തംഭിച്ചു നിന്ന് പോയി. ഓടിച്ചെന്നവളെ വാരിയെടുക്കുമ്പോഴേക്കും അവളുടെ ബോധം മറഞ്ഞിരുന്നു. ഒരുപാട് ഫ്രാക്ച്ച്വര്‍ ഉണ്ടായിരുന്നു. അവളുടെ സുന്ദരമായ മുഖവും ഉടലുമെല്ലാം അവിടവിടെയായി പൊട്ടിയിരുന്നു. അല്പം സീരിയസ് ആണെന്നു അപ്പോഴേ എനിക്ക് തോന്നിയിരുന്നു.

ഉടന്‍ അടുത്തുള്ള ആശുപത്രിയിലേക്ക് എത്തിച്ചു. ഐ സി യു വില്‍ കയറ്റി. പ്ലാസ്റ്റിക് സര്‍ജറി ചെയ്യേണ്ടിവരുമെന്നും അതിനു നല്ലൊരു തുകയാകും എന്നും ഡോക്റ്റര്‍ പറഞ്ഞപ്പോള്‍ ഉള്ള തുക എണ്ണിപ്പെറുക്കി അഡ്വാന്‍സ് അടച്ചു. രണ്ടു ദിവസം കഴിഞ്ഞാണ് അവളെ പുറത്തേക്ക് കൊണ്ട് വന്നത്. പഴയ ചന്തമെല്ലാം നഷ്ടമായെങ്കിലും ഒരുവിധം കുഴപ്പമില്ലാത്ത രൂപത്തില്‍ അവളെ വീണ്ടുകിട്ടിയപ്പോള്‍ ഞാന്‍ ഒരുപാട് സന്തോഷിച്ചു. പക്ഷെ ആ സന്തോഷത്തിനു അധികം ആയുസ്സുണ്ടായിരുന്നില്ല.

അവളുടെ തലച്ചോറിലെ സംവേദന നാഡികള്‍ക്ക് കാര്യമായ ക്ഷതം സംഭവിച്ചിരിക്കുന്നു. ഇപ്പോള്‍ തൊട്ടാലും തോണ്ടിയാലും ഒന്നും അവള്‍ അറിയില്ല എന്ന് ഡോക്റ്റര്‍ പറഞ്ഞു തീര്‍ന്നപ്പോള്‍ എന്‍റെ കണ്ണ് നിറഞ്ഞു പോയി. എന്‍റെ പ്രിയപ്പെട്ടവള്‍.. എന്‍റെ തലോടലുകള്‍ക്കായ് കാത്തിരുന്നവള്‍.. ഇങ്ങനെ ഒരവസ്ഥയില്‍ ??

ഇനി ഒരു വഴി കൂടിയേ ബാക്കിയുള്ളൂ… അത്യന്തം അപകടകരമായ ഒരു ഓപ്പറേഷനിലൂടെ അവളുടെ സംവേദന നാഡികള്‍ മാറ്റിപ്പിടിപ്പിക്കുക. രക്ഷപ്പെടും എന്ന് ഉറപ്പു പറയാന്‍ കഴിയാത്ത ഒരു ശസ്ത്രക്രിയ. അതിനു ഒരുപാട് തുക വേണ്ടിവരുമത്രേ.
വേലയും കൂലിയും ഇല്ലാതെ നടക്കുന്ന ഞാന്‍ എങ്ങനെ ഒപ്പിക്കാനാണ് ഇത്രയും പണം? വേണ്ട ഡോക്റ്റര്‍ ഞാന്‍ അവളെ കൊണ്ട് പോകുകയാണ് എന്ന് പറയാനേ എനിക്ക് അന്നേരം കഴിഞ്ഞുള്ളു..

അങ്ങനെയിരിക്കെയാണ് എന്‍റെ സുഹൃത്ത് പറഞ്ഞത് അവളുടെ ചികിത്സാ ചെലവുകള്‍ എല്ലാം അവന്‍ തല്‍ക്കാലം ഏറ്റെടുത്തുകൊള്ളാം . അവന്‍റെ പരിചയത്തില്‍ ഒരു നല്ല ഹോസ്പിറ്റല്‍ ഉണ്ട്. അധികം തുകയാകില്ലെന്ന്. അങ്ങനെ ഞാന്‍ അവളെ അവന്‍റെ കൈകളില്‍ ഏല്‍പ്പിച്ചു. പിന്നെ കാശുണ്ടാക്കാനുള്ള നെട്ടോട്ടമായിരുന്നു.

ഇന്നേയ്ക്ക് ഒരു മാസം കഴിഞ്ഞു. ഇപ്പോഴവള്‍ എവിടെയാണെന്നോ അവള്‍ക്ക് എന്ത് പറ്റിയെന്നോ അറിയില്ല..
ആ ദുഷ്ടന്‍ അവളെ ആര്‍ക്കെങ്കിലും വിറ്റ്കാണുമോ എന്ന്പോലും ഞാന്‍ ഭയപ്പെടാന്‍ തുടങ്ങിയിരിക്കുന്നു..
അവള്‍…
എന്‍റെ സ്വന്തം ഗാലക്സി മോള്‍..
Full Name : Samsung Galaxy note 2
ID Number : N 7100
Nationality: Korean
aarum therivilikkaruth
അവനെ എന്‍റെ കൈയ്യില്‍ കിട്ടിയാല്‍ ………

You must be logged in to post a comment Login