ഒരു ചിരി കണ്ടാല്‍… അതുമതി

ശുഭചിന്തകളും ലളിതവ്യായാമങ്ങളും നിങ്ങളിലെ സൗന്ദര്യത്തെ ഉണര്‍ത്തും…

സന്തോഷം നിറഞ്ഞ ഒരു ചിരി… അതു മതിയല്ലോ ഈ ലോകത്തിന്റെ ഗതിതന്നെ മാറ്റിമറിക്കാന്‍. പ്രസാദം നിറഞ്ഞ മുഖങ്ങള്‍ എപ്പോഴും ഹൃദയഹാരിയാണ്. ഇവര്‍ കാണുന്നവരെയൊക്കെ തന്നിലേക്ക് വലിച്ചടുപ്പിച്ചുകൊണ്ടിരിക്കും. ഇങ്ങനെയാവുക അത്ര ബുദ്ധിമുട്ടുള്ള കാര്യമൊന്നുമല്ല. ഒന്നു ശ്രമിച്ചാല്‍ നമുക്കും ശീലങ്ങള്‍ മാറ്റിയെടുക്കാവുന്നതേയുള്ളൂ.

ബി പോസിറ്റീവ്
മധുരചിന്തകളോടെ ഒരു ദിവസം തുടങ്ങിയാല്‍ ഒന്നും നഷ്ടപ്പെടാനില്ല. രാവിലെ കിടക്കയില്‍ നിന്നെണീക്കും മുന്‍പേ ഇങ്ങനെയൊക്കെ ഒന്നു ചിന്തിച്ചുനോക്കാം. ‘എന്റെ പുഞ്ചിരി മനോഹരമാണ്, എനിക്കൊരുപാട് കൂട്ടുകാരുണ്ട്, എന്നെ കേള്‍ക്കാന്‍ ഒരുപാടാളുകളുണ്ട്.’ ഈ ശുഭചിന്തകള്‍ നല്ലൊരു ഔഷധംപോലെയാണ്. ദിവസത്തിന്റെ മുഴുവന്‍ സമയവും നമ്മുടെ മനസ്സിലത് സാന്ത്വനം പോലെ നിലനില്‍ക്കും.

ചിലരുണ്ട്, രാവിലെ എണീറ്റുവരുന്നതേ നൂറുകൂട്ടം പരാതികളോടെയാവും. ‘മറ്റുള്ളവരെ കാണുമ്പോഴേ എനിക്ക് മുട്ടിടിക്കുന്നു’, ‘എനിക്ക് പേടിയാവുന്നു’ എന്നൊക്കെ പറഞ്ഞുകൊണ്ടേയിരിക്കും. എന്നെക്കൊണ്ടിതിനൊന്നും പറ്റില്ലെന്ന് രാവിലെത്തന്നെയങ്ങ് തീരുമാനിച്ചിട്ട്, പിന്നെ ദിവസം മോശമായെന്ന് പറഞ്ഞ് മറ്റുള്ളവരെ കുറ്റപ്പെടുത്തിയിട്ട് വല്ല കാര്യവുമുണ്ടോ?

ചിലര്‍ ദൂരെനിന്ന് കാണുമ്പോഴേ വിളിച്ചുപറയും, ‘എന്തു പറ്റി, ആകെ ക്ഷീണിച്ച് കോലംകെട്ടല്ലോ’. അതോടെ കഴിഞ്ഞു കഥ. നമ്മളാകെ തകര്‍ന്നുപോവും. നെഗറ്റീവ് എനര്‍ജി പകരുന്ന ഇത്തരക്കാരില്‍നിന്നും കഴിയുന്നതും മാറിനില്‍ക്കാം. നമ്മെ എപ്പോഴും പ്രചോദിപ്പിക്കുന്ന ചില കൂട്ടുകാരില്ലേ. അവരോടൊപ്പം സമയം പങ്കിടാന്‍ ശ്രമിച്ചുനോക്കൂ. എല്ലാ വിഷമങ്ങളും അകലും, മനസ്സില്‍ ശുഭചിന്തകള്‍ നിറയും.

മറ്റുള്ളവരെ അഭിനന്ദിക്കുന്നതും നല്ല ശീലങ്ങളിലൊന്നുതന്നെ. ‘ഈ കളര്‍ നിങ്ങള്‍ക്ക് നന്നായി ചേരുന്നു’ രാവിലെ സുഹൃത്തിനോടൊന്നു പറഞ്ഞുനോക്കൂ. തൊട്ടുപിന്നാലെ ചങ്ങാതിയുടെ മുഖത്തൊരു പുഞ്ചിരി പരക്കും. അതു നമ്മിലേക്ക് വേഗം പകര്‍ന്നുവരും.

ഇന്നൊരു നെഗറ്റീവ് വാക്കും പറയില്ലെന്ന് പ്രതിജ്ഞ ചെയ്യുക. ‘വയ്യ, മടുത്തു, അയ്യോ’ തുടങ്ങിയ വാക്കുകള്‍ ഉപയോഗിക്കുകയേയില്ല എന്നങ്ങ് തീരുമാനിച്ചാല്‍ മതി.

ശരീരം റീച്ചാര്‍ജ് ചെയ്യാം ഒപ്പം മനസ്സും
ദിവസവും മൊബൈല്‍ ചാര്‍ജ് ചെയ്യാന്‍ നമ്മള്‍ മറക്കാറില്ല, വണ്ടിക്ക് പെട്രോളടിക്കാനും. ഇതുപോലെത്തന്നെയല്ലേ നമ്മുടെ ശരീരവും. ഇടയ്‌ക്കൊക്കെ അതിനും വേണ്ടേ ഒരു റീച്ചാര്‍ജിങ്. അതിനേറ്റവും നല്ലതാവട്ടെ വ്യായാമമാണ്. ‘നൂറുകൂട്ടം പണി കിടക്കുന്നു. അതിനിടയില്‍ ഓടാനും ചാടാനുമെവിടെ നേരം?’ ഇങ്ങനെ ചിന്തിക്കുന്നവര്‍ ഒരുപാടുണ്ട്. പക്ഷേ, വ്യായാമത്തില്‍നിന്നു കിട്ടുന്ന ഊര്‍ജം ദിവസം മുഴുവന്‍ നമ്മെ ഫ്രഷാക്കി നിര്‍ത്തുന്നുണ്ട്.

വ്യായാമം എന്തുമാവാം, നൃത്തം, കളരിപ്പയറ്റ്, സൈക്ലിങ്, എയ്‌റോബിക്‌സ്, യോഗ… ദിവസവും ചുരുങ്ങിയത് അരമണിക്കൂറെങ്കിലും വ്യായാമത്തിനായി നീക്കിവെക്കണമെന്നുമാത്രം.

മനസ്സിനും ഇത്തരം റീച്ചാര്‍ജിങ് കൊടുത്തുകൊണ്ടിരിക്കണം. എപ്പോഴും മനസ്സിന്റെ സ്വസ്ഥത കൈവിടാതിരിക്കാന്‍ ശ്രദ്ധിക്കുക. ‘അയ്യോ, ഈ നശിച്ച പണി. ഇതെങ്ങനെ തീര്‍ക്കാനാ’, ഓരോ നിമിഷവും ഇങ്ങനെ ചിന്തിച്ചുകൊണ്ടിരുന്നാല്‍ പിന്നെ ടെന്‍ഷന്‍ കൂടുകയേ ഉള്ളൂ.

വീട്ടില്‍ തുടര്‍ച്ചയായി ജോലി ചെയ്യുന്നതിനിടയില്‍ കുറച്ചു സമയം സന്തോഷപ്രദമായ കാര്യങ്ങള്‍ക്കായി മാറ്റിവെക്കാമല്ലോ. കണ്ണീര്‍ സീരിയലുകളും സിനിമകളും കണ്ട് നേരം പോക്കുന്നതെന്തിനാ? അവ മനസ്സിനും ശരീരത്തിനും കൂടുതല്‍ തളര്‍ച്ചയുണ്ടാവാനേ ഉപകരിക്കൂ. ടോം ആന്റ് ജെറി, ‘മിസ്റ്റര്‍ ബീന്‍’പോലെയുള്ള തമാശ കാര്‍ട്ടൂണുകളോ കോമഡി പരിപാടികളോ ഇടയ്‌ക്കൊക്കെ കണ്ടു നോക്കൂ. പിരിമുറുക്കവും മനസ്സിന്റെ തളര്‍ച്ചയുമെല്ലാം താനേ കുറഞ്ഞുവരും.

മനസ്സിന്റെ തളര്‍ച്ചയകറ്റാന്‍ പ്രാണായാമം പോലെയുള്ള യോഗമുറകള്‍ പരീക്ഷിച്ചുനോക്കാം. യാത്രയ്ക്കിടയിലും ഓഫീസിലിരുന്നുമൊക്കെ ഇത് ചെയ്യാവുന്നതേയുള്ളൂ. ശ്വാസം ശക്തിയായി ഉള്ളിലേക്കെടുത്ത്, കുറച്ചു കഴിഞ്ഞ് വളരെ പതുക്കെ പുറത്തേക്കു വിടുക. ഓഫീസില്‍ തുടര്‍ച്ചയായി ജോലി ചെയ്യുന്നതിനിടയില്‍, റിലാക്‌സ് ചെയ്യാന്‍ ഇതുപകരിക്കും.

മിനിമലിസ്റ്റിക് ഡ്രസ് സ്‌റ്റൈല്‍
കല്യാണവീട്ടില്‍ പോവുമ്പോള്‍ ജീന്‍സും ടീ ഷര്‍ട്ടും. ഇന്റര്‍വ്യൂ അറ്റന്‍ഡ് ചെയ്യാന്‍ നല്ല സാരിയും… ഇങ്ങനെ യാതൊരു ഔചിത്യവുമില്ലാതെ വസ്ത്രം ധരിക്കുന്ന ചിലരുണ്ട്. എന്നാല്‍, ഡ്രസ് കോഡും നിങ്ങളുടെ സൗന്ദര്യത്തിന് മാറ്റുകൂട്ടുന്നുവെന്നതാണ് സത്യം. കോളേജ് വിദ്യാര്‍ഥിയാണെങ്കില്‍ ഏതു വേഷവും ഓകെ. ജീന്‍സ്, ചുരിദാര്‍, സാരി, സ്‌കര്‍ട്ട്, ഫ്രോക്ക്… അങ്ങനെയെന്തും.

എന്നാല്‍, ഓഫീസില്‍ പോകുമ്പോഴും ഒരു ക്ലയന്റിനെ കാണാന്‍ പോകുമ്പോഴുമൊക്കെ ഒരു ശ്രദ്ധയുമില്ലാതെ വസ്ത്രം ധരിച്ചാലോ? ഇത്തരം അവസരങ്ങളില്‍ കുര്‍ത്ത-ജീന്‍സ് വിത്ത് സ്‌കാര്‍ഫ്, ഫോര്‍മല്‍സ് വിത്ത് ഷര്‍ട്ട് ഇതെല്ലാം പരീക്ഷിക്കാം. വസ്ത്രത്തിന് ചേരുന്ന ആഭരണങ്ങളുമാവുമ്പോള്‍ ആകെയൊരു ആനച്ചന്തം തോന്നും. ഒരു ചെറിയ സ്റ്റഡ്, റിങ്, കമ്മല്‍, നേര്‍ത്ത ചെയിന്‍… അതേ ഒരു മിനിമലിസ്റ്റിക് സ്റ്റൈല്‍…

ാനുണ്ട് കൂടെ
മറ്റൊന്നും വേണ്ട, മുഖത്തെ മായാത്ത ചിരി. എത്ര പ്രശ്‌നങ്ങളുണ്ടെങ്കിലും, നിങ്ങളുടെ കൂട്ടുകാര്‍ക്ക് അതു പകരുന്ന ആശ്വാസം അത്ര ചെ റുതല്ല. പലപ്പോഴും നമ്മുടെ വായില്‍നിന്നും വീഴുന്ന ഓരോ ചെറിയ ചെറിയ വാക്കുകളാണ് സുഹൃത്തുക്കളെ നമ്മിലേക്ക് അടുപ്പിക്കുന്നത്, അകറ്റുന്നതും. ചിലരുണ്ട് എപ്പോഴും എല്ലാവരെയും വിമര്‍ശിച്ചുകൊണ്ടേയിരിക്കുന്നവര്‍. അത്തരക്കാരെ ആര്‍ക്കാണിഷ്ടപ്പെടുക? ഇതുപോലെത്തന്നെയാണ് എപ്പോഴും പരിഭവവും പരാതിയും പറയുന്നവരുടെ കാര്യവും. അങ്ങനെയുള്ളവരെ കാണുമ്പോഴേ ആളുകള്‍ ഓടിരക്ഷപ്പെടാന്‍ ശ്രമിക്കും.

കാര്യങ്ങള്‍ എങ്ങനെ പറയുന്നു എന്നതും പ്രധാനമാണ്. ‘സോറി’ എന്നു വെറുതെ പറയുന്നതിനു പകരം ‘ഐ ആം സോ സോറി’ എന്നു പറഞ്ഞുനോക്കൂ. ഒന്നോ രണ്ടോ വാക്കുകള്‍ക്ക് പകരം കിട്ടുന്നത് എന്തൊരു സ്‌നേഹമാണ്.

യോഗ ചെയ്തുതുടങ്ങുമ്പോള്‍
യോഗ ചെയ്യുന്നതിന് ഏറ്റവും യോജിച്ച സമയം അതിരാവിലെയാണ്. കാരണം പോസിറ്റീവ് എനര്‍ജി കൂടുതലായുണ്ടാവുന്ന സമയമാണത്. വൈകുന്നേരവും യോഗ ചെയ്യാം. പക്ഷേ, ഭക്ഷണം കഴിച്ച് നാല് മണിക്കൂറെങ്കിലും കഴിഞ്ഞാവണം യോഗ ചെയ്യുന്നത്. ഭക്ഷണം ദഹിച്ചതിനു ശേഷമേ യോഗ ചെയ്യാവൂ എന്ന് സാരം.

നല്ല വായുസഞ്ചാരവും സൂര്യപ്രകാശവും ഉള്ള സ്ഥലമാണ് യോഗ ചെയ്യുന്നതിനായി തിരഞ്ഞെടുക്കേണ്ടത്.

വൃത്തിയും വെടിപ്പുമുള്ള മുറിയിലോ ഹാളിലോ യോഗ ചെയ്യാം.

വെറും നിലത്ത് യോഗ ചെയ്യരുത്. ഒരു ബെഡ് ഷീറ്റോ കാര്‍പ്പെറ്റോ വിരിച്ച് യോഗ പരിശീലിക്കാം. ഏറ്റവും നല്ലത് വുഡണ്‍ ഫ്ലോറാണ്.

തുടക്കക്കാര്‍ സ്റ്റാന്റിങ് പോസ്റ്ററിലുള്ള യോഗ ആദ്യം ചെയ്യുന്നതാണ് നല്ലത്. നട്ടെല്ലിനും മസിലുകള്‍ക്കും അയവുകിട്ടാന്‍ ഇത് സഹായിക്കും.

വിവരങ്ങള്‍ക്ക് കടപ്പാട്:
ബബിത നാരായണന്‍, പേര്‍സോണ ദി കംപ്ലീറ്റ് പേഴ്‌സണാലിറ്റി ട്രാന്‍സ്‌ഫോര്‍മേഷന്‍ സെന്റര്‍, കോഴിക്കോട്

You must be logged in to post a comment Login