ആണ്‍കുട്ടിക്കായി കഠിന പ്രയത്നം; ഗുജറാത്ത്‌ ദമ്പതികള്‍ക്ക്‌ പെണ്‍മക്കള്‍ 14…!

ആണ്‍കുട്ടിക്ക്‌ വേണ്ടി ശ്രമിച്ച്‌ ശ്രമിച്ച്‌ ഗുജറാത്ത്‌ ദമ്പതികള്‍ക്ക്‌ കിട്ടിയത്‌ 14 പെണ്‍കുട്ടികള്‍. പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ‘ ബേട്ടി ബചാവോ സെല്‍ഫി ബനാവോ’ പ്രചരണത്തിന്‌ രാജ്യമെങ്ങും അഭിനന്ദനം ലഭിച്ചുകൊണ്ടിരിക്കുമ്പോഴാണ്‌ പ്രധാനമന്ത്രിയുടെ നാട്ടില്‍ നിന്നും ഇതിന്‌ ബദലായി മറ്റൊരു കഥ വന്നിരിക്കുന്നത്‌.

ഗുജറാത്തിലെ ദാഹോഡ്‌ ജില്ലയിലെ ജാരിഭുജി ഗ്രാമത്തിലെ 35 കാരന്‍ കര്‍ഷകന്‍ രാംസിംഗ്‌ സാംഗോഡാണ്‌ ഇത്രയും കുട്ടികളുടെ പിതാവ്‌. കഷ്‌ടിച്ച്‌ ഒരു വര്‍ഷം വ്യത്യാസത്തില്‍ 14 പെണ്‍കുട്ടികള്‍ ഉണ്ടായ ഇവര്‍ക്ക്‌ ഒടുവില്‍ ഒരു ആണ്‍കുട്ടി പിറന്നു. ഇപ്പോള്‍ കുട്ടികളുടെ അമ്മ വീണ്ടും ഗര്‍ഭിണിയായിരിക്കുകയാണ്‌. തന്റെ പെണ്‍കുട്ടികളെ മുഴുവന്‍ നോക്കാന്‍ ഇതും ഒരു ആണ്‍കുട്ടിയായിരിക്കുമെന്നാണ്‌ പ്രതീക്ഷ. ഓരോ തവണയും ഇത്തവണ ആണ്‍കുട്ടി എന്ന രീതിയിലായിരുന്നു വിചാരമെന്നും ഇപ്പോഴും തങ്ങള്‍ ചെറുപ്പമാണെന്നും വേണമെങ്കില്‍ ഇനിയും ശ്രമിക്കാമെന്നും രാംസിംഗ്‌ പറയുന്നു.

താന്‍ അനാഥയാണ്‌. ഏഴാമത്തെ പ്രസവം കഴിഞ്ഞപ്പോള്‍ തന്നെ തന്റെ ശരീരം ദുര്‍ബലാവസ്‌ഥയില്‍ ആയെങ്കിലും ആണ്‍കുട്ടിയെ തന്നില്ലെങ്കില്‍ വേറെ വിവാഹം കഴിക്കുമെന്ന്‌ ഭര്‍ത്താവ്‌ ഭീഷണിപ്പെടുത്തിയതോടെയാണ്‌ വയ്യെങ്കിലും തയ്യാറായതെന്ന്‌ 33 കാരിയായ മാതാവ്‌ കാനു പറയുന്നു. ഇപ്പോള്‍ പുതിയ ഗര്‍ഭം ഏഴു മാസമായിരിക്കുകയാണ്‌. 2013 ല്‍ ദൈവം ഒരു ആണ്‍കുഞ്ഞിനെ തന്നപ്പോള്‍ സന്തോഷം കൊണ്ട്‌ കരഞ്ഞുപോയി. അനുഗ്രഹീതനായി പിറന്നതിനാല്‍ അവന്‌ വിജയ്‌ എന്നാണ്‌ പേര്‌ നല്‍കിയത്‌. പുതിയ ഗര്‍ഭത്തോടെ തങ്ങളുടെ കുടുംബം പൂര്‍ണ്ണമാകുമെന്നാണ്‌ പ്രതീക്ഷിക്കുന്നതെന്നും കാനു പറഞ്ഞു.

18 വര്‍ഷം മുമ്പാണ്‌ രാംസിംഗും കാനുവും വിവാഹിതരായത്‌. ഇവരുടെ ഏറ്റവും മൂത്ത മകള്‍ സാവന്തയ്‌ക്ക് പ്രായം 17 വയസ്സാണ്‌. രണ്ടാമത്തെയാള്‍ നീരുവിന്‌ 15 വയസ്സുണ്ട്‌. രണ്ടുപേരുടേയും വിവാഹം മാര്‍ച്ചില്‍ കഴിഞ്ഞു. ഇനിയുള്ളത്‌ സാരംഗ (14), ഹന്‍സാ(13), ജോഷ്‌ന (12), രഞ്‌ജന്‍ (10), മീന (9), പായല്‍ (8), മോനി (7), ഹസീന (5), കിഞ്‌ജല്‍ (4), ബെയ്‌ഗാന്‍ (3), വിജയ്‌ (ഒന്നര) എന്നിവരാണ്‌. രണ്ടു കുട്ടികള്‍ കാളി, ഓവന്തി എന്നിവര്‍ മരിച്ചു പോകുകയും ചെയ്‌തു. കുടുംബം പോറ്റാന്‍ മാതാപിതാക്കള്‍ക്കൊപ്പം മൂത്ത രണ്ടു പെണ്‍മക്കളും പണിക്കിറങ്ങിയിരുന്നു.

അതേസമയം പെണ്‍കുട്ടികള്‍ കുറവുള്ള നാടാണ്‌ ദഹോഡ്‌. 2011 സെന്‍സസ്‌ പ്രകാരം ഇവിടെ 1000 ആണ്‍കുട്ടികള്‍ക്ക്‌ 948 പെണ്‍കുട്ടികളാണ്‌ ഉള്ളത്‌. 2001 ല്‍ അത്‌ 1000 967 ആയിരുന്നു. അതേസമയം ജാരിഭുജിയിലെ ഗര്‍ഭാഡാ താലൂക്ക്‌ കുട്ടികളുടെ എണ്ണം കൂടുതലുള്ള കുടുംബങ്ങളുടെ കേന്ദ്രമാണ്‌. ഇവിടെ ഓരോ കുടുംബത്തിലെയും കുഞ്ഞുങ്ങളുടെ കുറഞ്ഞ നിരക്ക്‌ ഒമ്പത്‌ വീതമാണ്‌.

You must be logged in to post a comment Login