അഴിമതിക്കാരായ ഡോക്ടര്‍മാര്‍ക്ക് പണി കിട്ടി

സമ്മാനങ്ങള്‍ക്ക് ഡോക്ടര്‍മാര്‍ ഇനി നികുതി നല്‍കണം

 

മരുന്നുകമ്പനികളില്‍ നിന്ന് സമ്മാനം സ്വീകരിക്കുന്ന ഡോക്ടര്‍മാര്‍ അതിന് നികുതി നല്‍കണമെന്ന് ആദായ നികുതി വകുപ്പ് വ്യക്തമാക്കി. സമ്മാനം നല്‍കുന്ന മരുന്നുകമ്പനികളും ഉപഹാരത്തുകയ്ക്ക് ഇനിമുതല്‍ നികുതി നല്‍കണം. ഡോക്ടര്‍മാരുടെ സംഘടന ഉപഹാരം സ്വീകരിച്ചാലും അതിനെ കച്ചവടത്തില്‍ നിന്നുള്ള ആദായമായി കാണുമെന്ന് ആദായനികുതി വകുപ്പ് പുറത്തിറക്കിയ സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.

മരുന്നുകമ്പനികളില്‍ നിന്ന് ഡോക്ടര്‍മാര്‍ ഉപഹാരം സ്വീകരിക്കുന്നുവെന്ന ആക്ഷേപങ്ങളെത്തുടര്‍ന്ന് 2009 ല്‍ മെഡിക്കല്‍ കൗണ്‍സില്‍ ഡോക്ടര്‍മാര്‍ക്ക് പ്രത്യേക പെരുമാറ്റച്ചട്ടം കൊണ്ടുവന്നിരുന്നു. ഇതിനായി കൗണ്‍സില്‍ ചട്ടം ഭേദഗതി ചെയ്യുകയായിരുന്നു. അതനുസരിച്ച് ഡോക്ടര്‍മാരോ അവരുടെ സംഘടനകളോ സമ്മാനം സ്വീകരിക്കുകയോ സൗജന്യ യാത്രകള്‍ തരപ്പെടുത്തുകയോ പണം കൈപ്പറ്റുകയോ ചെയ്യുന്നത് നിരോധിച്ചിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് ആദായ നികുതി വകുപ്പ് നടപടി സ്വീകരിച്ചിരിക്കുന്നത്.

ആദായ നികുതി ചട്ടം ( 37. 1 ) പ്രകാരം കച്ചവടത്തില്‍ നിന്നുള്ള ആദായം കൂടുതല്‍ വികസനത്തിനായി അതില്‍ത്തന്നെ വിനിയോഗിച്ചാല്‍ വ്യവസ്ഥകള്‍ക്ക് വിധേയമായി ആദായ നികുതിയിളവിന് അര്‍ഹതയുണ്ട്. ഈ ചട്ടത്തിന്റെ മറപിടിച്ചാണ് മരുന്നുകമ്പനികള്‍ കച്ചവട പ്രോത്സാഹനത്തിന് തുക വിനിയോഗിക്കുന്നുവെന്ന പേരില്‍ നികുതി ഇളവ് നേടിയിരുന്നത്.

എന്നാല്‍ ആദായമായി ലഭിച്ച തുക നിയമപരമായി നിരോധിക്കപ്പെട്ട ഒരു പ്രവര്‍ത്തനത്തിന് വേണ്ടിയോ കുറ്റകൃത്യത്തിനായോ വിനിയോഗിച്ചാല്‍ നികുതിയിളവ് നല്‍കാനാവില്ലെന്നാണ് ആദായ നികുതി വകുപ്പ് വ്യക്തമാക്കിയിട്ടുള്ളത്. നികുതിനിര്‍ണയാധികാരികള്‍ ഡോക്ടര്‍മാരുടെയും മരുന്ന് കമ്പനികളുടെയും ഈ മേഖലയില്‍ ഉള്ള മറ്റുള്ളവരുടെയും നികുതി നിര്‍ണയിക്കുമ്പോള്‍ ഇക്കാര്യം പ്രത്യേകം പരിശോധിക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

2009 ല്‍ മെഡിക്കല്‍ കൗണ്‍സില്‍ ഡോക്ടര്‍മാര്‍ക്കായി കൊണ്ടുവന്ന പെരുമാറ്റച്ചട്ടമനുസരിച്ച് ഡോക്ടര്‍മാര്‍ മരുന്നുകമ്പനികളില്‍ നിന്നോ അവരുടെ പ്രതിനിധികളില്‍ നിന്നോ ഉപഹാരം സ്വീകരിക്കുന്നത് നിയമവിരുദ്ധ പ്രവര്‍ത്തനമായാണ് വ്യാഖ്യാനിച്ചിട്ടുള്ളത്. മരുന്നുകമ്പനികള്‍ സംഘടിപ്പിക്കുന്ന സെമിനാറുകള്‍, ശില്പശാലകള്‍, തുടര്‍ വിദ്യാഭ്യാസ പരിപാടികള്‍ തുടങ്ങിയവയില്‍ പങ്കെടുക്കാനായി സ്വദേശത്തേക്കും വിദേശത്തേക്കും സൗജന്യ യാത്രകള്‍ തരപ്പെടുത്തുന്നതിനും വിലക്കുണ്ട്. കമ്പനികളില്‍ നിന്ന് ഇത്തരത്തില്‍ യാതൊരു വിധ യാത്രാ ടിക്കറ്റുകളും സ്വീകരിക്കാന്‍ പാടില്ല. ഡോക്ടറോ കുടുംബാഗമോകമ്പനികളില്‍ നിന്നും ഹോട്ടല്‍ താമസം പോലെയുള്ള സൗജന്യങ്ങളും കൈപ്പറ്റരുത്. പഠനത്തിനും ഗവേഷണങ്ങള്‍ക്കുമായി ഗവേഷണ സ്ഥാപനങ്ങള്‍ വഴിയല്ലാതെ കമ്പനികളില്‍ നിന്ന് നേരിട്ട് പണം സ്വീകരിക്കുന്നതിനും വിലക്കുണ്ട്. ഏതെങ്കിലും സ്ഥാപനങ്ങളുടെ ഉപദേഷ്ടാവായിരിക്കുന്നതും വ്യവസ്ഥകള്‍ക്ക് വിധേയമായിട്ടായിരിക്കണം. മരുന്നോ ഉപഭോക്തൃകമ്പനികളുടെ ഉല്പന്നങ്ങളോ സാക്ഷ്യപ്പെടുത്തുന്നതിനും ചട്ടത്തില്‍ വിലക്കുണ്ട്.

നികുതി വകുപ്പിന്റെ നീക്കത്തെ പ്രമുഖ ഡോക്ടര്‍മാര്‍ സ്വാഗതം ചെയ്തിട്ടുണ്ട്.

courtsey to Mathrubhumi

You must be logged in to post a comment Login