അരകള്ളൻ മുക്കാൽ കള്ളൻ

റയില്‍വേ പൊലീസിനെ മണിക്കൂറോളം കഷ്ടപ്പെടുത്തിയ രണ്ടര പവന്‍റെ മാല കവര്‍ച്ചാ അന്വേഷണം മാല മുക്കുപണ്ടമാണെന്ന് അറിഞ്ഞതോടെ ആന്‍റി ക്ലൈമാക്സില്‍ കലാശിച്ചു. കള്ളന്‍റെയും പൊലീസിന്‍റെയും കണ്ണ് തള്ളി.

മുക്കുപണ്ടം സാഹസികമായി തട്ടിയെടുത്ത് പിടിയിലായ തൃശൂര്‍ മാള ചക്കമാത്ത പ്രശാന്ത് (24) ലോക്കപ്പിലുമായി. പുലര്‍ച്ച നാലുമണിയോടെ ആരംഭിച്ച സംഭവങ്ങള്‍ അവസാനിച്ചത് ഉച്ചയ്ക്ക് ഒരുമണിയോടെ.

ഇന്നലെ പുലര്‍ച്ച ആലുവ റയില്‍വേ സ്‌റ്റേഷനില്‍ ബന്ധുക്കളോടോപ്പം ട്രെയിന്‍ കാത്ത് നിന്ന യുവതിയുടെ കഴുത്തിലെ മാല കവര്‍ന്നതാണ് സംഭവത്തിനു തുടക്കം. നെടുന്പാശേരി വിമാനത്താവളത്തില്‍ നിന്നു സഹോദരനെ ഗള്‍ഫിലേക്ക് അയച്ച ശേഷം പാലക്കാട്ടേക്കു ട്രെയിന്‍ കാത്തിരിക്കുകയായിരുന്നു യുവതിയും ബന്ധുക്കളും. ഇതിനിടയിലാണ് ഞൊടിയിടയില്‍ എത്തിയ യുവാവ് യുവതിയുടെ കഴുത്തിലെ മാല പൊട്ടിച്ചത്. ബഹളം വച്ച യുവതിയെ തള്ളിയിട്ട ശേഷം യുവാവ് സ്‌റ്റേഷന്‍റെ ആളൊഴിഞ്ഞ ഭാഗത്ത് ഇരുളിലൊളിച്ചു.

അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന റയില്‍വേ പൊലീസിലെ രണ്ടു പേര്‍ പിന്നാലെ കുതിച്ചു. മറ്റൊരു പൊലീസുകാരനും ലോറി ഡ്രൈവറും മറുഭാഗത്ത് കൂടി ബൈക്കില്‍ പിന്‍തുടര്‍ന്നു. ഒരുമണിക്കൂറോളം തുടര്‍ന്ന തിരച്ചിലിനൊടുവില്‍ മാര്‍ക്കറ്റ് റോഡ് പരിസരത്ത് നിന്നു യുവാവിനെ തൊണ്ടിയോടെ പൊക്കി.

തുടര്‍ന്നു മാല പരിശോധിച്ചപ്പോഴാണ് കഥ മാറിയത്. മാല ഉരച്ചു നോക്കിയ സ്വര്‍ണപണിക്കാരന്‍ മാറ്റ് തീരെ കുറവാണെന്ന് പറഞ്ഞുവെങ്കിലും പൊലീസിനു പൂര്‍ണ തൃപ്തി വന്നില്ല. തുടര്‍ന്നു സംശയ നിവാരണത്തിന് ആഭരണശാലയില്‍ കൊണ്ടു പോയി സാങ്കേതികമായി തന്നെ പരിശോധന നടത്തിയപ്പോള്‍ അസല്‍ മുക്കുപണ്ടമാണെന്ന് തെളിഞ്ഞു. ഇതോടെ കേസിന്‍റെ കഥമാറി. തങ്ങളെ മെനക്കെടുത്തിയലേ്ലായെന്ന പൊലീസ് ചോദ്യത്തിനു മാല മുക്കുപണ്ടമാണെന്നു തനിക്കറിയിലെ്ലന്ന് യുവതി ആണയിട്ടുപറഞ്ഞു.

സഹോദരനെ യാത്രയാക്കാന്‍ പോകുന്പോള്‍ ഫാഷനിലുള്ള സ്വര്‍ണമാല വേണമെന്നാവശ്യപ്പെട്ടുവെന്നത് സത്യം. എന്നാല്‍ ഭര്‍ത്താവ് നല്‍കിയത് ചെന്പില്‍ പൊതിഞ്ഞ സ്‌നേഹോപഹാരമായിരുന്നുവെന്ന് പാവം അറിഞ്ഞില്ല. യുവതി നാട്ടില്‍ എത്തുന്പോള്‍ കഥയുടെ രണ്ടാം ഭാഗം എന്താകുമെന്നാണ് പൊലീസിന്‍റെ ആശങ്ക.

You must be logged in to post a comment Login